IPL 2021: അര്‍ജുനെ വാങ്ങിയത് സച്ചിന്റെ മകനായതു കൊണ്ടോ? പ്രതികരിച്ച് ജയവര്‍ധനെ
ഐപിഎല്ലിന്റെ താരലേലം കഴിഞ്ഞതിനു ശേഷം ഏറ്റവുമധികം പേര്‍ ചര്‍ച്ച ചെയ്യുന്നത് ഇതിഹാസതാരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ മുംബൈ ഇന്ത്യന്‍സിലെത്തിയതിനെക്കുറിച്ചാണ്. അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്ക്കാണ് അര്‍ജുനെ മുംബൈ വാങ്ങിയത്. അര്‍ജുനെ മുംബൈ സ്വന്തമാക്കാന്‍ കാരണം സച്ചിന്റെ മകനെന്ന പേര് കൊണ്ടു മാത്രമാണെന്നാണ് ചിലര്‍ സമൂഹമാധ്യമങ്ങളിലൂടെ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ അര്‍ജുനെ സ്വന്തം കഴിവ് തെളിയിക്കാന്‍ അവസരം നല്‍കൂയെന്നും അതിനു ശേഷമാവാം വിമര്‍ശനമെന്നുമാണ് ചിലരുടെ അഭിപ്രായം.
എന്തു തന്നെയായാലും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുകയാണ് അര്‍ജുന്‍. അതിനിടെ എന്തുകൊണ്ടാണ് 21 കാരനായ താരത്തെ ലേലത്തില്‍ തങ്ങള്‍ വാങ്ങിയതെന്നു തുറന്നു പറഞ്ഞിരിക്കുകയാണ് മുംബൈ കോച്ചും ശ്രീലങ്കയുടെ മുന്‍ ഇതിഹാസ ബാറ്റ്‌സ്മാനുമായ മഹേല ജയവര്‍ധനെ.
തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാൻ അമിത് ഷാ ബംഗാളിൽ- ചിത്രങ്ങൾ

പരിഗണിച്ചത് കഴിവ് മാത്രം
കഴിവിന്റെ മാത്രം അടിസ്ഥാനത്തിലാണ് അര്‍ജുനെ മുംബൈ ലേലത്തില്‍ വാങ്ങിയതെന്നു ജയവര്‍ധനെ പ്രതികരിച്ചു. ഞങ്ങള്‍ കഴിവ് മാത്രമേ മാനദണ്ഡമാക്കിയിട്ടുള്ളൂ. സച്ചിന്‍ കാരണം അവന്റെ തലയ്ക്കു മുകളില്‍ വലിയൊരു ടാഗുണ്ടായിരിക്കും. പക്ഷെ ഭാഗ്യവശാല്‍ അവന്‍ ബൗളറാണ്, ബാറ്റ്‌സ്മാനല്ല. അതുകൊണ്ടു തന്നെ അര്‍ജുനെപ്പോലെ ബൗള്‍ ചെയ്യാന്‍ കഴിയുമെങ്കില്‍ അതു സച്ചിന് വലിയ അഭിമാനമുണ്ടാവുമെന്നാണ് താന്‍ കരുതുന്നതെന്നും ജയവര്‍ധനെ വ്യക്തമാക്കി.

അര്‍ജുന്‍ എല്ലാം പഠിച്ചെടുക്കും
അര്‍ജുനെ സംബന്ധിച്ച് ഇതു പലതും പഠിച്ചെടുക്കാനുള്ള അവസരമാണെന്നാണ് ഞാന്‍ കരുതുന്നത്. മുംബൈയ്ക്കു വേണ്ടി അവന്‍ കളിക്കാന്‍ ആരംഭിച്ചിട്ടേയുള്ളൂ, ഇപ്പോള്‍ ഫ്രാഞ്ചൈസിയുടെയും ഭാഗമായി മറിയിരിക്കുന്നു. അവന്‍ വളര്‍ച്ചയുടെ പടവുകള്‍ കയറും, പുതിയൊരാളായി മാറും. അര്‍ജുന്‍ വളരെ ചെറുപ്പമാണ്, ലക്ഷ്യബോഘധമുള്ള ചെറുപ്പക്കാരനാണ് അവനെന്നും ജയവര്‍ധനെ അഭിപ്രായപ്പെട്ടു.

അവനു സമയം നല്‍കണം
അര്‍ജുന് നമ്മള്‍ സമയം നല്‍കേണ്ടതുണ്ട്. അവനെ ഒരുപാട് സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്യരുത്. കൂടുതല്‍ കാര്യങ്ങള്‍ പഠിച്ചെടുത്ത് വളരാന്‍ അനുവദിക്കുകയാണ് വേണ്ടത്. അവനെ അതിനു വേണ്ടി സഹായിക്കുകയാണ് നമ്മള്‍ ചെയ്യേണ്ടതെന്നും ജയവര്‍ധനെ പറഞ്ഞു.
കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ നെറ്റ് ബൗളര്‍മാരുടെ സംഘത്തില്‍ അര്‍ജുനുമുണ്ടായിരുന്നു. മാത്രമല്ല നേരത്തേ ദേശീയ ടീമുകളുടെ നെറ്റ് ബൗളര്‍മാരുടെ ലിസ്റ്റിലും താരമുള്‍പ്പെട്ടിരുന്നു.

സഹീറിനും നല്ല മതിപ്പ്
മുംബൈ ഇന്ത്യന്‍സിന്റെ ക്രിക്കറ്റ് ഓപ്പറേഷന്‍സ് ഡയറക്ടറും ഇന്ത്യയുടെ മുന്‍ ഇതിഹാസ പേസറുമായ സഹീര്‍ ഖാനും അര്‍ജുനെക്കുറിച്ച് തികഞ്ഞ മതിപ്പാണുള്ളത്. നെറ്റ്‌സില്‍ ഞാന്‍ ഒരുപാട് സമയം അവനോടൊപ്പം സമയം ചെലവഴിച്ചിട്ടുണ്ട്. ചില ട്രിക്കുകള്‍ അവനു പഠിപ്പിച്ച് കൊടുതത്തിരുന്നു. കഠിനാധ്വാനം ചെയ്യുന്ന കുട്ടിയാണ് അര്‍ജുന്‍. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകനെന്ന സമ്മര്‍ദ്ദം എല്ലായ്‌പ്പോഴും അവനു മേലുണ്ടാവും. എന്നാല്‍ അതുമായി വപൊരുത്തപ്പെട്ട് അര്‍ജുന് മുന്നോട്ടു പോയേ തീരൂവെന്നും സഹീര്‍ വ്യക്തമാക്കി.

ടീമിലെ അന്തരീക്ഷം
മുംബൈ ഇന്ത്യന്‍സ് ടീമിലെ അന്തരീക്ഷം അര്‍ജുനെ ഒരുപാട് സഹായിക്കും. മികച്ച ക്രിക്കറ്ററായി മാറാന്‍ അര്‍ജുനെ അതു സഹായിക്കും. ലേലത്തില്‍ എത്ര ചെറുപ്പക്കാരെയാണ് പല ഫ്രാഞ്ചൈസികളും വാങ്ങിയിട്ടുള്ളത്. പക്ഷെ എല്ലാവരും സംസാരിക്കുന്നത് അര്‍ജുനെക്കുറിച്ചാണ്. തനിക്ക് കഴിവുണ്ടെന്നു ഇനി അവന്‍ കളിക്കളത്തില്‍ തെളിയിച്ചേ തീരൂവെന്നും സഹീര്‍ കൂട്ടിച്ചേര്‍ത്തു.
വേറിട്ട ലുക്കുമായി ഇനിയ- ചിത്രങ്ങൾ കാണാം