കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഴുക്കെടുതി തുടരുന്നു; മലബാറില്‍ 6 പേര്‍ മരിച്ചു

  • By Staff
Google Oneindia Malayalam News

കോഴിക്കോട്‌: കനത്ത പേമാരിയും ഉരുള്‍പൊട്ടലും തുടരുന്ന വടക്കന്‍ കേരളത്തില്‍ വ്യാഴാഴ്‌ച ആറു പേര്‍ മരിച്ചു. മൂന്നു പേരെ ഒഴുക്കില്‍പ്പെട്ട്‌ കാണാതായി. ഇതോടെ സംസ്‌ഥാനത്തു രണ്ടുദിവസത്തിനിടെ മഴക്കെടുതിയില്‍പ്പെട്ടു മരിച്ചവരുടെ എണ്ണം പന്ത്രണ്ടായി.

ചാലിയാര്‍, കുറ്റിയാടി പുഴകള്‍ കവിഞ്ഞൊഴുകുന്നത്‌ അപകടസാധ്യത വര്‍ദ്ധിപ്പിച്ചിട്ടുണ്ട്‌. വയനാടും കോഴിക്കോടും ഉരുള്‍പൊട്ടലുകള്‍ തുടരുകയാണ്‌. വ്യാഴാഴ്‌ച മാത്രം ഒമ്പതിടത്താണ്‌ ഉരുള്‍പൊട്ടലുണ്ടായത്‌.

ചെന്നെയില്‍ നിന്നെത്തിയ കേന്ദ്ര ദുരിത നിവാരണ സേനാംഗങ്ങള്‍ മലബാറിലെ വിവിധ പ്രദേശങ്ങളിലേക്ക്‌ പോയിട്ടുണ്‌ട്‌. ഇവരില്‍ ഒരു സംഘം മലപ്പുറം ജില്ലയിലെ നിലമ്പൂരിലേക്കും ഒരു സംഘം കോഴിക്കോട്‌ ജില്ലയിലെ താമരശ്ശേരി ചുരത്തിലേക്കും രണ്‌ട്‌ സംഘങ്ങള്‍ വയനാട്ട്‌ ജില്ലയിലേക്കുമാണ്‌നീങ്ങിയത്‌. താമരശേരി ചുരം റോഡില്‍ ഗതാഗതം ഭാഗികമായി പുനസ്‌ഥാപിച്ചെങ്കിലും വയനാട്‌ ജില്ല ഒറ്റപ്പെട്ട അവസ്‌ഥയില്‍ത്തന്നെ തുടരുകയാണ്‌.

മലപ്പുറത്ത്‌ മൂന്നും കോഴിക്കോട്ട്‌ രണ്ടും പാലക്കാട്‌ ഒരാളുമാണു കാലവര്‍ഷക്കെടുതിയില്‍ മരിച്ചത്‌. മത്സ്യബന്ധനത്തിനിടെ കടലിലേക്കു കുഴഞ്ഞുവീണ്‌ മലപ്പുറം തിരൂരില്‍ കൂട്ടായി താണിച്ചന്റെ പുരക്കല്‍ ഹനീഫ (40), പാലക്കാട്‌ ജില്ലയിലെ ഗായത്രിപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട്‌ കാവശ്ശേരി കഴനി വാവുള്ള്യാപുരം കമ്മാന്തറയില്‍ കിഴക്കേവീട്ടില്‍ അജിത്‌ (17), അരീക്കോട്‌ വൈദ്യുതിലൈന്‍ പൊട്ടിവീണ്‌ ഗുഡ്‌സ്‌ ഓട്ടോെ്രെഡവര്‍ പുളിക്കല്‍തൊടി അഷ്‌റഫ്‌ (26), ഒഴുക്കില്‍പ്പെട്ട്‌ കോഴിക്കോട്‌ കാവിലുംപാറയില്‍ ചാപ്പന്‍തോട്ടം മുറ്റത്തെപ്ലാവ്‌ പടയന്റവിട കണ്ണന്‍ (70), തിരുനാവായയില്‍ അപകടം ഒഴിവാക്കാനായി മരം മുറിക്കുന്നതിനിടെ മരക്കൊമ്പു വീണ്‌ വൈദ്യുതിലൈന്‍ പൊട്ടി കാതനങ്ങാടി പുളിക്കപ്പറമ്പില്‍ സെയ്‌താലി (57), കുറ്റിച്ചിറയില്‍ വീടു തകര്‍ന്ന്‌ പരുക്കേറ്റ പറമ്പില്‍ ബസാറിലെ ശിവദാസന്‍ (36), എന്നിവരാണു മരിച്ചത്‌

വയനാട്ടില്‍ ഉരുള്‍പൊട്ടലിനേത്തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ മൂപ്പൈനാട്‌ ചിത്രഗിരി നീലിമല മച്ചിക്കുഴിയില്‍ പത്രോസ്‌ (55), മേപ്പാടി കാന്തന്‍പാറയിലെ ഏലിക്കുട്ടി, പാലക്കാട്‌ മംഗലംപുഴയില്‍ കുളിക്കാനിറങ്ങിയ വടക്കഞ്ചേരി കിഴക്കേപാളയം സ്വദേശി തങ്കമണി (25) എന്നിവരെ കാണാതായി. മംഗലംഡാമിന്റെ ആറ്‌ ഷട്ടറുകള്‍ തുറന്നതിനേത്തുടര്‍ന്നുണ്ടായ ശക്‌തമായ ഒഴുക്കിലാണു തങ്കമണിയെ കാണാതായത്‌.

കാണാതായ പത്രോസിന്റെ ഭാര്യ ലൗലി (45), മകള്‍ അനു (19) എന്നിവരെ അഗ്‌നിശമനസേനയും നാട്ടുകാരും ചേര്‍ന്ന്‌ മണിക്കൂറുകള്‍ക്കു ശേഷം മണ്‍കൂമ്പാരത്തില്‍ പുതഞ്ഞ നിലയില്‍ കണ്ടെത്തി. അബോധാവസ്‌ഥയിലായിരുന്ന ഇരുവരെയും കോഴിക്കോട്‌ മെഡിക്കല്‍ കോളെജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

റവന്യൂമന്ത്രി കെപി രാജേന്ദ്രന്‍ സ്‌ഥിതിഗതികള്‍ വിലയിരുത്താന്‍ വെള്ളിയാഴ്‌ച രാവിലെ വയനാട്ടിലെത്തും. ജില്ലയില്‍ 46 ദുരിതാശ്വാസക്യാമ്പുകള്‍ തുറന്നു. ഉരുള്‍പൊട്ടലിലും കനത്ത മഴയിലും കോടിക്കണക്കിനു രൂപയുടെ കൃഷിനാശമുണ്ടായിട്ടുണ്ട്‌. കോഴിക്കോട്‌ കൊല്ലഗല്‍ 212 ദേശീയപാതയില്‍ വെള്ളം കയറി ഗതാഗതം പൂര്‍ണമായി നിലച്ചു. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വയനാടിനു പുറമേ കണ്ണൂര്‍, കോഴിക്കോട്‌, മലപ്പുറം ജില്ലകളിലും വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ക്കു കലക്‌ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു.

കാലവര്‍ഷക്കെടുതിയുടെ ആദ്യഘട്ടകണക്കുകള്‍ നാളെ കേന്ദ്രത്തിനയയ്‌ക്കുമെന്ന്‌ മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദന്‍ അറിയിച്ചു. കേന്ദ്രസംഘത്തോട്‌ ദുരിത ബാധിത പ്രദേശങ്ങള്‍ അടിയന്തരമായി സന്ദര്‍ശിക്കണമെന്നും സംസ്ഥാനസര്‍ക്കാര്‍ ആവശ്യപ്പെട്ടു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X