കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുപ്രീം കോടതി ജഡ്‌ജിമാര്‍ സ്വത്ത് വെളിപ്പെടുത്തും

  • By Staff
Google Oneindia Malayalam News

ദില്ലി: ഏറെ നാള്‍ നീണ്ട ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും ഒടുവില്‍ സുപ്രീം കോടതി ജഡ്‌ജിമാരുടെ സ്വത്തു വിവരങ്ങള്‍ സ്വമേധയാ വെളിപ്പെടുത്താന്‍ തീരുമാനിച്ചു. ബുധനാഴ്‌ച വൈകുന്നേരം ചീഫ്‌ ജസ്റ്റിസ്‌ കെജി ബാലകൃഷ്‌ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന 23 സുപ്രീം കോടതി ജഡ്‌ജിമാരുടെ കൊളീജിയമാണ്‌ തീരുമാനമെടുത്തത്‌.

ന്യായാധിപന്‍മാര്‍ അവരുടെ സ്വത്തുവിവരങ്ങള്‍ വെളിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട്‌്‌ കുറച്ചു മാസങ്ങളായി പുകഞ്ഞു കൊണ്ടിരിയ്‌ക്കുന്ന വിവാദങ്ങള്‍ക്കാണ്‌ ഇതോടെ അവസാനമാകുന്നത്‌. ഈ പ്രശ്‌നത്തില്‍ ജഡ്‌ജിമാര്‍ രണ്ടു തട്ടിലാകുന്ന അവസ്ഥ വന്നതോടെ നേരത്തെ സ്വീകരിച്ച പ്രഖ്യാപിത നിലപാട്‌ മാറ്റാന്‍ ചീഫ്‌ ജസ്റ്റിസ്‌ കെജി ബാലകൃഷ്‌ണനും തയ്യാറായി. സുപ്രീംകോടതിയുടെ വെബ്‌സൈറ്റില്‍ ജഡ്‌ജിമാരുടെ സ്വത്തുവിവരം പ്രസിദ്ധീകരിക്കാനുളള ധാരണയാണ്‌ രണ്ടര മണിക്കൂര്‍ നീണ്ട യോഗത്തില്‍ ഉണ്ടായത്‌.

പരമോന്ന നീതിപീഠം അലങ്കരിക്കുന്നവര്‍ സ്വത്തുവിവരം പരസ്യമാക്കാത്തത്‌ സംബന്ധിച്ച്‌ ഏറെ വാദങ്ങളും പ്രതിവാദങ്ങളും ഏറെ നടന്നിരുന്നു. സുപ്രീംകോടതി, ഹൈക്കോടതി ജഡ്‌ജിമാര്‍ സ്വത്തുവിവരം പരസ്യമാക്കണമെന്ന്‌ ഭരണഘടനയിലോ നിയമത്തിലോ അനുശാസിക്കുന്നില്ലെങ്കിലും നീതിന്യായ വ്യവസ്ഥയില്‍ സുതാര്യത ഉറപ്പുവരുത്തുന്നതിന്‌ ഇത്‌ അനിവാര്യാണെന്ന വാദം ശക്തമായിരുന്നു. ചില ഹൈക്കോടതി ജഡ്‌ജിമാര്‍ സ്വത്തുവിവരം സ്വമേധയാ പ്രഖ്യാപിച്ചതോടെ ഇത്‌ സംബന്ധിച്ചുള്ള വിവാദം വഴിത്തിരവിലെത്തിയിരുന്നു.

സുപ്രീംകോടതി ജഡ്‌ജിമാര്‍ തങ്ങളുടെ സ്വത്തുവിവരങ്ങള്‍ പരസ്യമാക്കാറില്ലെങ്കിലും ചീഫ്‌ ജസ്റ്റിസിനെ അറിയിക്കുന്ന കീഴ്‌വഴക്കം നിലവിലുണ്ട്‌. 1997 മെയ്‌ ഏഴിന്‌ സുപ്രീംകോടതി പാസാക്കിയ പ്രമേയം അനുസരിച്ചാണിത്‌. ഇതനുസരിച്ച്‌ സുപ്രീംകോടതിയിലെ എല്ലാ ജഡ്‌ജിമാരും വര്‍ഷാവര്‍ഷം തങ്ങളുടെ സ്വത്തുവിവരങ്ങള്‍ ചീഫ്‌ ജസ്റ്റിസിനെ ബോധിപ്പിയ്‌ക്കാറുണ്ട്‌. എന്നാല്‍ ഇതു പോര, സ്വത്തുവിവരം ജനങ്ങള്‍ക്ക്‌ ബോധ്യമാകത്തക്ക വിധത്തില്‍ പരസ്യമാക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു.

ഇതുസംബന്ധിച്ച സുപ്രധാന കേസില്‍ ജഡ്‌ജിമാരുടെ സ്വത്തുവിവരം രാഷ്‌ട്രപതിയെ രഹസ്യമായി അറിയിക്കാമെന്നായിരുന്നു ചീഫ്‌ ജസ്റ്റിസ്‌ കെ.ജി.ബാലകൃഷണന്റെ നിലപാട്‌. ജഡ്‌ജിമാര്‍ സ്വത്തുവെളിപ്പെടുത്തേണ്ട ആവശ്യമില്ലെന്ന നിലപാട്‌ അദ്ദേഹം പല പൊതു വേദികളിലും ആവര്‍ത്തിക്കുകയും ചെയ്‌തിരുന്നു. ചീഫ്‌ ജസ്റ്റിസിന്റെ നിലപാടിനെതിരെ പലരും ചോദ്യം ചെയ്‌തിരുന്നു. കര്‍ണാകട ഹൈക്കോടതി ചീഫ്‌ ജസ്റ്റിസ്‌ ശൈലേന്ദ്രകുമാര്‍ ചീഫ്‌ ജസ്റ്റിസ്‌ കെ.ജി.ബാലകൃഷ്‌ണന്റെ നിലപാടിനെ ചോദ്യം ചെയ്‌ത്‌ മാധ്യമങ്ങളില്‍ ലേഖനം എഴുതുക വരെയുണ്ടായി.

രാജ്യത്തെ പരമോന്ന നീതിപീഠമായ സുപ്രീംകോടതി കീഴ്‌കോടതിയിലെ കേസില്‍ പങ്കുചേര്‍ന്നതും ഇതേ വിഷയത്തിലാണ്‌. വിവരാവകാശ നിയമം അനുസരിച്ച്‌ ചില സന്നദ്ധ സംഘടനകള്‍ സുപ്രീംകോടതി ജഡ്‌ജിമാരുടെ സ്വത്തുവിവരം ആവശ്യപ്പെട്ടെങ്കിലും, സുപ്രീംകോടതി രജിസ്‌ട്രാറുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ ആവശ്യം നിഷേധിച്ചു. തുടര്‍ന്ന്‌ ഹര്‍ജിക്കാരന്‍ വിവരാവകാശ നിയമം സംബന്ധിച്ച അപ്പലേറ്റ്‌ അതോറിറ്റിയായ ദില്ലി ഹൈക്കോടതിയെ സമീപിക്കുകയുണ്‌ടായി.

ഹൈക്കോടതി സുപ്രീംകോടതിയ്‌ക്ക്‌ നോട്ടീസ്‌ അയക്കുകയും സുപ്രീംകോടതി കേസില്‍ കക്ഷിചേരുകയും ചെയ്‌തു. സുപ്രീംകോടതി ജഡ്‌ജിമാര്‍ സ്വത്തുവെളിപ്പെടുത്തേണ്ട ആവശ്യമില്ലെന്നും ആവശ്യമെങ്കില്‍ രാഷ്‌ട്രപതിയെ രഹസ്യമായി അറിയിക്കാമെന്നുമുള്ള ചീഫ്‌ ജസ്റ്റിന്റെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ ഹര്‍ജി ദില്ലി ഹൈക്കോടതിയും തളളിയിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X