വിദ്വേഷ പ്രസംഗം; ജിതേന്ദ്ര ത്യാഗി കസ്റ്റഡിയില്‍, പൊലീസുകാര്‍ കൊല്ലപ്പെടുമെന്ന ഭീഷണിയുമായി നരസിംഗാനന്ദ്
ഹരിദ്വാര്‍: ഹരിദ്വാറില്‍ ഡിസംബറില്‍ നടന്ന ഹിന്ദു ധര്‍മ്മ സന്‍സാദില്‍ മുസ്ലിങ്ങള്‍ക്കെതിരായ വിദ്വേഷ പ്രസംഗങ്ങളുടെ പേരില്‍ ജിതേന്ദ്ര ത്യാഗി, യതി നരസിംഗാനന്ദ് എന്നിവര്‍ പൊലീസ് കസ്റ്റഡിയില്‍. ഉത്തരാഖണ്ഡ് പൊലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ജിതേന്ദ്ര ത്യാഗിയ്ക്ക് പുറമേ ദസ്‌ന ക്ഷേത്രത്തിലെ പൂജാരിയും വിദ്വേഷ പ്രാസംഗികനുമായ യതി നരസിംഹാനന്ദ്, ഹിന്ദു മഹാസഭ ജനറല്‍ സെക്രട്ടറി അന്നപൂര്‍ണ, സിന്ധു സാഗര്‍, ധരംദാസ്, പരമാനന്ദ, ആനന്ദ് സ്വരൂപ്, അശ്വിനി ഉപാധ്യായ, സുരേഷ് ചഹ്വാന്‍ തുടങ്ങിയ പത്ത് പേര്‍ക്കെതിരേയാണ് പൊലിസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
അതേസമയം പൊലീസ് കസ്റ്റഡിയിലെടുക്കാനെത്തിയപ്പോള്‍ യതി നരസിംഹാനന്ദ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി. 'നിങ്ങളെല്ലാവരും മരിക്കും, നിങ്ങളുടെ കുട്ടികളും' എന്നായിരുന്നു അദ്ദേഹത്തിന്റെ ഭീഷണി. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ജിതേന്ദ്ര ത്യാഗിയെ കസ്റ്റഡിയില്‍ എടുക്കുമ്പോള്‍ സഹകരിക്കാണമെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ നരസിംഹാനന്ദിനോട് അഭ്യര്‍ത്ഥിക്കുന്നതും വീഡിയോയില്‍ കാണാം.

ത്യാഗിയെ അറസ്റ്റ് ചെയ്യാന്‍ പാടില്ലെന്നും അദ്ദേഹത്തിന് മേലുള്ള കുറ്റങ്ങള്‍ ഒറ്റയ്ക്കല്ല ചെയ്തതെന്നും താനും കൂടെയുണ്ടായിരുന്നെന്നും നരസിംഹാനന്ദ് പറയുന്നുണ്ട്. ഇതിനിടെ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തോട് കാറില്‍ നിന്ന് ഇറങ്ങാന്‍ ആവശ്യപ്പെടുന്നതും കാണാം. ത്യാഗിയ്ക്ക് സ്ഥിതിഗതികള്‍ അറിയാമെന്ന് പറയുമ്പോള്‍ തനിക്ക് അറിയില്ലെന്നും തങ്ങളുടെ പിന്തുണ കണക്കിലെടുത്താണ് അദ്ദേഹം ഹിന്ദുവായതെന്നുമാണ് നരസിംഹാനന്ദ് പറയുന്നത്.ഉത്തര്‍പ്രദേശ് ഷിയാ വഖഫ് ബോര്‍ഡ് മുന്‍ മേധാവിയായിരുന്ന വസീം റിസ്വി പിന്നീട് ഹിന്ദുമതത്തിലേക്ക് മാറിയ ശേഷം ജിതേന്ദ്ര ത്യാഗി എന്ന പേര് സ്വീകരിക്കുകയായിരുന്നു.

ഹിന്ദു ധര്‍മ്മ സന്‍സാദിലെ മുസ്ലീങ്ങള്‍ക്കെതിരായ ഇയാളുടെ പ്രസംഗം വ്യാപകമായ ഷെയര്‍ ചെയ്യപ്പെട്ടിരുന്നു. ഉത്തരാഖണ്ഡിലെ തീര്‍ത്ഥാടന നഗരമായ ഹരിദ്വാറില്‍ ഡിസംബര്‍ 17 മുതല്‍ 19 വരെയാണ് യതി നരസിംഹാനന്ദ് സമ്മേളനം സംഘടിപ്പിച്ചത്. സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനും ഉത്തരാഖണ്ഡ് സര്‍ക്കാരിനും ദല്‍ഹി പൊലീസിനും കഴിഞ്ഞ ദിവസം സുപ്രീംകോടതി നോട്ടീസ് അയച്ചിരുന്നു. മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബലും മഹാത്മാ ഗാന്ധിയുടെ പൗത്രന്‍ തുഷാര്‍ ഗാന്ധിയുമടക്കം നിരവധി പേര്‍ സംഭവത്തില്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. പട്ന മുന്‍ ഹൈക്കോടതി ജഡ്ജിയും മുതിര്‍ന്ന അഭിഭാഷകയുമായ അഞ്ജന പ്രകാശും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഖുര്‍ബാന്‍ അലിയും സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്.

മുസ്ലിങ്ങളെ കൂട്ടക്കൊല ചെയ്യാനായി പുതിയ ആയുധങ്ങള്‍ കണ്ടെത്തേണ്ടതുണ്ട് എന്നായിരുന്നു ഹിന്ദു ധര്‍മ്മ സന്‍സദില്‍ സന്യാസിമാര്‍ പ്രസംഗിച്ചത്. പ്രകോപനപരമായ പ്രസംഗങ്ങളിലൂടെ അക്രമത്തിന് പ്രേരിപ്പിച്ചതിന് മുമ്പും യതി നരസിംഹാനന്ദ് വിവാദത്തില്‍പ്പെട്ടിട്ടുണ്ട്. ഹിന്ദു രാഷ്ട്രം സ്ഥാപിക്കാനും ആയുധമെടുത്ത് ഹിന്ദുമതത്തെ സംരക്ഷിക്കാനെന്ന പേരില്‍ ഇന്ത്യയിലെ മുസ്ലീങ്ങളെ കൊല്ലാനും ആവര്‍ത്തിച്ചുള്ള ആഹ്വാനങ്ങളാണ് ധര്‍മ്മ സന്‍സാദില്‍ ഉണ്ടായിരുന്നത്. ഹിന്ദുക്കളെ സായുധരാക്കുക എന്നത് മാത്രമാണ് മുസ്ലീങ്ങളുടെ ഭീഷണി അവസാനിപ്പിക്കാനുള്ള വഴി എന്നായിരുന്നു യതി നരസിംഹാനന്ദിന്റെ പ്രസംഗം.

വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരെ രാഷ്ട്രപതി റാംനാഥ് കോവിന്ദിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും 5 മുന്‍ സായുധ സേനാ മേധാവികള്‍ ഉള്‍പ്പടെ നൂറിലേറെ പേര്‍ കത്തയച്ചിരുന്നു. ഇത്തരത്തിലുള്ള രാജ്യദ്രോഹ യോഗങ്ങള്‍ മറ്റ് സ്ഥലങ്ങളിലും സംഘടിപ്പിക്കപ്പെടുന്നുണ്ടെന്നും ഇത് രാജ്യത്തിന്റെ സുരക്ഷയക്ക് തന്നെ ഭീഷണിയാണെന്നും കത്തില്‍ വ്യക്തമാക്കിയിരുന്നു. വിദ്വേഷ പ്രസംഗത്തില്‍ സ്വമേധയാ കേസെടുക്കണമെന്നവശ്യപ്പെട്ട് സുപ്രീം കോടതിയിലെ എഴുപത്തിയാറ് അഭിഭാഷകര്‍ ചീഫ് ജസ്റ്റിസ് എന്‍ വി രമണയ്ക്കും കത്തെഴുതിയിരുന്നു. ഹരിദ്വാറിനും ദല്‍ഹിക്കും പിന്നാലെ ഛത്തീസ്ഗഡിലെ റായ്പൂരിലും ഹിന്ദു ധര്‍മ്മ സന്‍സാദ് സംഘടിപ്പിച്ചിരുന്നു. ഈ സമ്മേളനത്തിലും ഹിന്ദു രാഷ്ട്രത്തിന് വേണ്ടി ആയുധമെടുക്കാന്‍ ആഹ്വാനമുണ്ടായിരുന്നു.












Click it and Unblock the Notifications