വിശന്ന ആട് തിന്നത് ഉടമസ്ഥന്റെ 66,000 രൂപ!!!

Subscribe to Oneindia Malayalam

കാണ്‍പൂര്‍: ബഷീറിന്റെ പുസ്തകം തിന്ന പാത്തുമ്മയുടെ ആടിനെ നമുക്കറിയാം. എന്നാല്‍ അതിലും മിടുക്കനാണ് കാണ്‍പൂരിലെ ഈ ആട്!!! വിശന്നപ്പോള്‍ അവന്‍ തിന്നത് ഉടമസ്ഥന്റെ നിക്കറിന്റെ കീശയിലുണ്ടായിരുന്ന 66,000 രൂപയാണ്. ഉത്തര്‍ പ്രദേശിലാണ് സംഭവം. വിശപ്പു സഹിക്കാന്‍ പറ്റാതായപ്പോഴാണ് ഉടമസ്ഥന്റെ നിക്കറിന്റെ കീശയിലുണ്ടായിരുന്ന പണം ആടിന്റെ ശ്രദ്ധയില്‍പെട്ടത്. പിന്നെ ഒന്നും നോക്കിയില്ല. വേഗം കീശ കടിച്ചു പറിച്ച് പണം അകത്താക്കി. ഉടമസ്ഥന്‍ കുളിക്കാന്‍ പോയ സമയം നോക്കിയാണ് ആടിന്റെ ഈ സാഹസം.

കുട്ടിത്തം വിട്ടുമാറാത്ത ആടാണ് തന്റേതെന്നും പേപ്പര്‍ ഭക്ഷണമായി തിന്നുന്നതില്‍ പ്രശസ്തനാണെന്നും സര്‍വേഷ് കുമാര്‍ ചെറുചിരിയോടെ പറയുന്നു. ഏതായാലും പണം അകത്താക്കിയ ആടിനെ കാണാന്‍ നിരവധി ആളുകളാണ് ഇപ്പോള്‍ സര്‍വേഷിന്റെ വീട്ടിലെത്തുന്നത്. ചിലര്‍ ആടിനൊപ്പം നിന്ന് സെല്‍ഫി കൂടി എടുത്തിട്ടാണ് മടങ്ങുന്നത്. ആടിനെ മൃഗഡോക്ടറുടെ അടുക്കല്‍ കൊണ്ടുപോകാന്‍ ചിലരുടെ വക ഉപദേശവും. ഛര്‍ദ്ദിക്കാനുള്ള മരുന്നു കൊടുത്താല്‍ ചിലപ്പോള്‍ അകത്തുള്ള പണം കുറച്ചെങ്കിലും കിട്ടുമത്രേ. അല്‍പം കൂടി കടന്ന് ആടിനെ പോലീസിലേല്‍പ്പിക്കാനും പറഞ്ഞു ചിലര്‍. എന്നാല്‍ പണം വിഴുങ്ങിയ ആടിനോട് സര്‍വ്വേഷിന് തെല്ലും ദേഷ്യമില്ല. അവന്‍ തന്റെ കുട്ടിയെപ്പോലെ തന്നെയാണെന്ന് സര്‍വേഷ് പറയുന്നു.

 08-1381228416-goat-

വീട് നിര്‍മ്മാണവുമായി ബന്ധപ്പെട്ട സാധനങ്ങള്‍ വാങ്ങാനാണ് ആടിന്റെ ഉടമസ്ഥന്‍ സര്‍വേഷ് കുമാര്‍ പാല്‍ പണം കീശയിലിട്ടത്. പണം ആടിന്റെ വായിലെത്തിയത് ശ്രദ്ധയില്‍പ്പെട്ട ഇയാള്‍ അത് വലിച്ചെടുക്കാന്‍ ശ്രമിച്ചെങ്കിലും 2,000 രൂപയുടെ നോട്ട് മാത്രമേ പുറത്തെടുക്കാനായുള്ളൂ, അതും കീറിപ്പറിഞ്ഞ നിലയില്‍. മറ്റു നോട്ടുകളുടെ അവശിഷ്ടങ്ങള്‍ പോലും ആടിന്റെ വായില്‍ ബാക്കിയുണ്ടായിരുന്നില്ല.

English summary
Goat chews up owner's Rs 66,000
Please Wait while comments are loading...