ഒരു സമുദായത്തെ കുറ്റപ്പെടുത്തും; അത് വേണ്ട... മുഹറം ആഘോഷങ്ങള്‍ തടഞ്ഞ് സുപ്രീംകോടതി
ദില്ലി: മുഹറം 10നോട് അനുബന്ധിച്ച് നടക്കുന്ന ആഘോഷങ്ങള്‍ തടഞ്ഞ് സുപ്രീംകോടതി. കൊറോണ രോഗം വ്യാപിക്കുന്ന ഈ ഘട്ടത്തില്‍ അനുമതി നല്‍കാന്‍ സാധിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. രോഗ വ്യാപനത്തിന് കാരണം ഒരു സമുദായമാണെന്ന കുറ്റപ്പെടുത്തലിന് ഇത് കാരണമായേക്കാമെന്നും കോടതി നിരീക്ഷിച്ചു. ഉത്തര്‍ പ്രദേശിലെ ഷിയാ നേതാവായ സയ്യിദ് കല്‍ബെ ജവാദ് ആണ് മുഹറം ആഘോഷത്തിന് അനുമതി തേടി കോടതിയെ സമീപിച്ചത്. രാജ്യം മൊത്തമുള്ള ആഘോഷങ്ങള്‍ക്കാണ് അദ്ദേഹം അനുമതി തേടിയത്. അതുകൊണ്ടുതന്നെ അങ്ങനെ നല്‍കാനാകില്ലെന്നും കോടതി വ്യക്തമാക്കി.
ഒഡീഷയിലെ ജഗന്നാഥ പുരി രഥയാത്രയ്ക്ക് കോടതി അനുമതി നല്‍കിയ കാര്യം ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. അതുപോലുള്ള സാഹചര്യമല്ല ഇവിടെ എന്ന് ഡിവിഷന്‍ ബെഞ്ച് മറുപടി നല്‍കി. രഥയാത്ര ഒരു പ്രത്യേക സ്ഥലത്ത് മാത്രമാണ് നടന്നത്. ഒരു സ്ഥലത്ത് നിന്ന് ആരംഭിച്ച് മറ്റൊരു സ്ഥലത്ത് അവസാനിക്കുന്നു. ഇത് സംബന്ധിച്ച് കൃത്യമായ ചിത്രമുണ്ട്. അതുകൊണ്ടുതന്നെ രഥയാത്ര നടക്കുന്ന പ്രദേശത്തെ അപകട സാധ്യത പരിശോധിച്ച് തീരുമാനമെടുക്കാം.
എന്നാല്‍ നിങ്ങളുടെ ഹര്‍ജിയില്‍ രാജ്യം മൊത്തം മുഹറം ആഘോഷത്തിനുള്ള അനുമതിയാണ് തേടിയിരിക്കുന്നത്. അത് അപകടത്തിന്റെ വ്യാപ്തി കൂട്ടും. മാത്രമല്ല, ജനങ്ങളുടെ ആരോഗ്യത്തിന് പ്രത്യേക പരിഗണന നല്‍കേണ്ട സമയമാണിത്. രാജ്യം മൊത്തം ആഘോഷങ്ങള്‍ക്ക് അനുമതി വേണമെന്ന നിങ്ങളുടെ ആവശ്യം അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ഇക്കാര്യത്തില്‍ പ്രത്യേക ഉത്തരവ് ഇറക്കാന്‍ സാധ്യമല്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
അതേ തുടര്‍ന്ന് ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ മറ്റൊരു ആവശ്യം മുന്നോട്ടുവച്ചു. ലഖ്‌നൗവില്‍ ഒട്ടേറെ ഷിയാ വിഭാഗക്കാരുണ്ട്. അവര്‍ക്ക് ആഘോഷത്തിനുള്ള അനുമതി നല്‍കണം എന്നായി ആവശ്യം. ഇക്കാര്യം നിങ്ങള്‍ക്ക് അലഹാബാദ് ഹൈക്കോടതിയില്‍ ഉന്നയിക്കാമെന്നു സുപ്രീംകോടതി വ്യക്തമാക്കി.
'കൊലയാളി'യെ തൊടുത്ത് വിട്ട് ചൈന; വിരട്ടാനെത്തിയ അമേരിക്ക ഞെട്ടി, ചീറിയടുത്തത് രണ്ട് മിസൈലുകള്‍