കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയലളിത പോയി, തമിഴ്‌നാട് രാഷ്ട്രീയം ഇനി എങ്ങോട്ട്... പനീര്‍ശെല്‍വം കൂട്ടിയാല്‍ എന്ത് കൂടും?

ശശികല, ഷീല ബാലകൃഷ്ണന്‍, സിനിമാ താരങ്ങളായ അജിത്ത്, രജനീകാന്ത്.. എ ഐ എ എ ഡി എം കെ ഇനി എങ്ങോട്ടെന്ന് പ്രവചിക്കുക എളുപ്പമല്ല.

  • By Kishor
Google Oneindia Malayalam News

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍പെട്ട് ജയിലിലേക്ക് പോകാന്‍ ഒരുങ്ങുന്ന ജയലളിത. തോട്ടത്തില്‍ നനച്ചുകൊണ്ടിരുന്ന ഒരാളെ വിളിച്ച് പറയുന്നു, ഡേയ് പനീര്‍ശെല്‍വം, ഇങ്കെ വാങ്കോ ഒരു വേലയിരുക്ക്.. വേല എന്താണെന്ന് എന്നല്ലേ ജയലളിത തിരിച്ചുവരുന്നത് വരെ ഒന്ന് മുഖ്യമന്ത്രിയാകണം. ദേശീയ ദിനപ്പത്രത്തില്‍ പ്രത്യക്ഷപ്പെട്ട ഒരു കാര്‍ട്ടൂണിനെ അധികരിച്ച് സോഷ്യല്‍ മീഡിയ ഉരുവപ്പെടുത്തിയ ഈ തമാശയിലുണ്ട് എ ഐ എ ഡി എം കെയുടെ ആകെമൊത്തം പൊളിറ്റിക്‌സ്.

Read Also: കെ സുരേന്ദ്രനെ പൊങ്കാലയിടാന്‍ വരട്ടെ, ഇതാണ് തമിഴ്‌നാട്ടില്‍ ശരിക്കും നടക്കാന്‍ പോകുന്നത്!

ജയലളിത മരിച്ച് രണ്ട് മണിക്കൂറിനകം അടുത്ത മുഖ്യമന്ത്രിയായി ഒ പനീര്‍ശെല്‍വം സത്യപ്രതിജ്ഞ ചെയ്തു. ഭരണഘടനാ പരമായ ഉത്തരവാദിത്തങ്ങള്‍ക്ക് വേണ്ടി. എന്നാല്‍ പാര്‍ട്ടിയെ നയിക്കാന്‍ പനീര്‍ശെല്‍വം മതിയാകുമെന്ന് പാര്‍ട്ടി നേതാക്കള്‍ക്ക് പോലും അഭിപ്രായമില്ല. പനീര്‍ശെല്‍വം കൂട്ടിയാല്‍ അത് കൂടില്ല, ശശികല, ഷീല ബാലകൃഷ്ണന്‍, സിനിമാ താരങ്ങളായ അജിത്ത്, രജനീകാന്ത്.. എ ഐ എ എ ഡി എം കെ ഇനി എങ്ങോട്ടെന്ന് പ്രവചിക്കുക എളുപ്പമല്ല.

അമ്മയ്ക്ക് ശേഷം പ്രളയം

അമ്മയ്ക്ക് ശേഷം പ്രളയം

തനിക്ക് ശേഷം പ്രളയം എന്നത് ഒരു നല്ല രാഷ്ട്രീയ നേതാവിന്റെയും ലക്ഷണമല്ല. എന്നാല്‍ പാര്‍ട്ടിയില്‍ അധീശത്വം നിലനിര്‍ത്തിയ നേതാവായിരുന്നു ജയലളിത. അന്തിമതീരുമാനങ്ങളെല്ലാം സ്വയം. അവസാനവാക്കും അവര്‍ തന്നെ. അതിനൊപ്പം ജനകീയ നേതാവുമായി. അത് ജയയ്ക്ക് മാത്രം കഴിയുന്ന മാജിക്ക്. പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം ജയയ്ക്ക് ശേഷം ഏതാണ് പ്രളയം തന്നെയാണ്.

വന്നത് പിന്‍ഗാമിയായി, പക്ഷേ

വന്നത് പിന്‍ഗാമിയായി, പക്ഷേ

എം ജി ആര്‍ മരിച്ചപ്പോള്‍ പിന്‍ഗാമിയായി സ്വയം അവരോധിച്ച നേതാവാണ് ജയലളിത. എന്നാല്‍ തനിക്ക് ശേഷം ഒരു പിന്‍ഗാമി വേണമെന്ന് അവര്‍ ആഗ്രഹിച്ചില്ല. വളര്‍ത്തുമകനായാലും മറ്റൊരു നേതാവായാലും ജയയയുടെ പിന്‍ഗാമി എന്ന് പറയാന്‍ പറ്റിയ ആരും തമിഴ്‌നാട്ടില്‍ ഇന്നില്ല. എന്ത് ധൈര്യത്തിലായിരുന്നു അവര്‍ കഴിഞ്ഞിരുന്നത് എന്ന് അവര്‍ക്ക് മാത്രം അറിയാം.

ഭരണം നയിക്കാന്‍ പനീര്‍ശെല്‍വം

ഭരണം നയിക്കാന്‍ പനീര്‍ശെല്‍വം

മുഖ്യമന്ത്രിയാകാന്‍ മാത്രമുള്ള അനുഭവ പരിചയം ഒ പനീര്‍ശെല്‍വത്തിനുണ്ട്. രണ്ട് തവണ മുഖ്യമന്ത്രിക്കസേരയില്‍ മുമ്പ് ഇരുന്നിട്ടുമുണ്ട്. എന്നാല്‍ ഭരണം തിരിക്കുന്നത് പോലെ എളുപ്പമല്ല പാര്‍ട്ടിയുടെ നിയന്ത്രണം. പ്രത്യേകിച്ച് മുട്ടിന് മുട്ടിന് പാര്‍ട്ടികള്‍ ഏറെക്കുറെ സമാനമായ രാഷ്ട്രീയം പറയുന്ന തമിഴകത്ത്. എ ഐ എ ഡി എം കെയെ പനീര്‍ശെല്‍വം തട്ടുകേട് കൂടാതെ കൊണ്ടുപോകുമെന്ന് അണികള്‍ കൂടി കരുതുന്നില്ല.

ശശികല രാഷ്ട്രീയത്തിലേക്ക്

ശശികല രാഷ്ട്രീയത്തിലേക്ക്

കൂട്ടുകാരിയായി ജയലളിതയ്ക്ക് ഒപ്പം കൂടിയതാണ് ശശികല. പിന്നീട് ഉറ്റതോഴിയായി. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ വരെ ജയയ്‌ക്കൊപ്പം പെട്ടു. ശശികലയുടെ മകനെ ജയ വളര്‍ത്തുമകനാക്കി. പക്ഷേ ഇടയ്‌ക്കെവിടെയോ ഇരുവരും തെറ്റി. അല്ലെങ്കിലും ജയയുടെ കൂട്ടുകാരി എന്നതിനപ്പുറം ഒരു സംഘാടക എന്ന മേല്‍വിലാസം ശശികലയ്ക്ക് ഉണ്ടായിരുന്നില്ല. ജയലളിത മരിച്ചതോടെ ശശികല രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നു എന്നും കരക്കമ്പിയുണ്ട്.

ഇവരുടെ റോളും നിര്‍ണായകം

ഇവരുടെ റോളും നിര്‍ണായകം

പനീര്‍ശെല്‍വമല്ലെങ്കില്‍ ഇപ്പോഴത്തെ നേതാക്കളുടെ കൂട്ടത്തില്‍ സെന്തില്‍ ബാലാജി, നൃത്തം വിശ്വനാഥന്‍, നവനീത് കൃഷ്ണന്‍ എന്നിവരും മുന്നോട്ടുള്ള നീക്കത്തില്‍ നിര്‍ണായക തീരുമാനം എടുക്കാന്‍ പോന്നവരാണ്. തമിഴ്‌നാട് വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സനായ വിശാലാക്ഷി നെടുഞ്ചെഴിയാനും പാര്‍ട്ടിയില്‍ നല്ല പിടിയുണ്ട്.

തല അജിത്തോ

തല അജിത്തോ

തന്റെ പിന്‍ഗാമിയായി ജയലളിത നിശ്ചയിച്ചിരിക്കുന്നത് തമിഴ് സിനിമാതാരം അജിത്തിനെയാണ് എന്ന് വാര്‍ത്ത പുറത്ത് വിട്ടത് ചില കന്നഡ മാധ്യമങ്ങളാണ്. വൈകാതെ മറ്റുള്ളവരും ഇത് ഏറ്റുപിടിച്ചു. ഈ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതോടെ പാര്‍ട്ടിയില്‍ വലിയ പൊട്ടിത്തെറികളാണ് ഉണ്ടായത്. ജയലളിതയ്ക്ക് വളര്‍ത്തുമകനെപ്പോലെയാണ് എന്ന് പറയപ്പെടുന്ന അജിത്താകട്ടെ ഈ അവസരം മുതലെടുക്കാനായി മുന്നോട്ട് വന്നതുമില്ല.

 രജനീകാന്ത്

രജനീകാന്ത്

സിനിമയും രാഷ്ട്രീയവും തമ്മില്‍ തമിഴ്‌നാട്ടില്‍ വലിയ മതിലുകള്‍ ഒന്നുമില്ല. എം ജി ആര്‍, കരുണാനിധി എന്തിനധികം ഇപ്പോള്‍ അന്തരിച്ച ജയലളിത വരെ സിനിമബന്ധമുള്ളവരാണ്. തമിഴ്‌നാട് രാഷ്ട്രീയത്തിലേക്ക് സ്റ്റൈല്‍ മന്നന്‍ രജനീകാന്ത് അണ്ണാ ഡി എം കെയിലൂടെ വരുമെന്നും അഭ്യൂഹങ്ങള്‍ കേള്‍ക്കുന്നുണ്ട്. സാധ്യത തീരെ അങ്ങ് തള്ളിക്കളയാനും പറ്റില്ല.

ഡിഎംകെ - കോണ്‍ഗ്രസ് സഖ്യം

ഡിഎംകെ - കോണ്‍ഗ്രസ് സഖ്യം

ജയലളിതയുടെ അഭാവത്തില്‍ തമിഴ്‌നാട്ടില്‍ ഏറ്റവും ശക്തമാകാന്‍ പോകുന്നത് ഡി എം കെ - കോണ്‍ഗ്രസ് സഖ്യമാകും. അണ്ണാ ഡി എം കെയുടെ ഒത്തൊരുമയെ ആശ്രയിച്ചിരിക്കും ഇതെന്ന് മാത്രം. കരുണാനിധിക്ക് വയസ്സായി എന്നതും സ്റ്റാലിന് അത്ര ജനപിന്തുണ ഇല്ല എന്നും കോണ്‍ഗ്രസിന് അടുത്ത കാലത്തൊന്നും കാര്യമായ സംഘടനാ സ്വാധീനം തെളിയിക്കാന്‍ പറ്റിയിട്ടില്ല എന്നതുമാണ് ഇവര്‍ക്ക് പ്രതികൂലമായ കാര്യങ്ങള്‍.

 അവസരം ബിജെപിക്ക്

അവസരം ബിജെപിക്ക്

സഖ്യകക്ഷിയല്ലെങ്കിലും ബി ജെ പിയോട് ഒരു ശക്തമായ നോ പറയുന്ന പാര്‍ട്ടിയല്ല അണ്ണാ ഡി എം കെ. പ്രത്യേകിച്ച് മോദിയും ജയലളിതയും തമ്മിലുണ്ടായിരുന്ന ഇരിപ്പുവശം. ജയലളിത മരിച്ച് അനാഥമാകാന്‍ പോകുന്ന പാര്‍ട്ടിക്ക് ദേശീയ തലത്തില്‍ വേണ്ട സഹായങ്ങള്‍ നല്‍കി ബി ജെ പി കൂടെ കൊണ്ടുപോകാന്‍ ഒരുങ്ങുക എന്നൊരു സാധ്യത തള്ളിക്കളയാന്‍ പറ്റില്ല. കര്‍ണാടകയ്ക്ക് പിന്നാലെ മറ്റൊരു സൗത്തിന്ത്യന്‍ സ്റ്റേറ്റ് എന്ന ബി ജെ പി സ്വപ്‌നമാകും പൂവണിയുക.

English summary
With Jayalalithaa’s Death, Politics in Tamil Nadu is Set to Turn Fluid and Unpredictable
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X