
ഛിന്നഗ്രഹമാണെങ്കിലും വലിപ്പം ബുര്‍ജ് ഖലീഫയോളം, ഇന്ന് ഭൂമിയിലേക്ക് എത്തും, അതിവേഗം!!
വാഷിംഗ്ടണ്‍: ലോകം ഛിന്നഗ്രഹ ഭീഷണിയിലാണെന്ന് ഇടയ്ക്കിടെ ശാസ്ത്രലോകം പറയുന്നുണ്ട്. അതേസമയം ഇവ ഭൂമിയെ ഇടിക്കാന്‍ സാധ്യതയില്ലെന്നും ശാസ്ത്രജ്ഞര്‍ പറയാറുണ്ട്. നൂറ് വര്‍ഷത്തേക്ക് അത്തരം ഭീഷണികളില്ലെന്നും നാസ അടക്കുള്ളവര്‍ വ്യക്തമാക്കിയതാണ്. ഇതിനിടെ ഭീമാകാരനായ മറ്റൊരു ഛിന്നഗ്രഹം ഭൂമിയിലേക്ക് എത്തി കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇത് ഭീഷണിയല്ലെന്ന് ശാസ്ത്രലോകം ആവര്‍ത്തിച്ച് പറയുന്നുണ്ട്. ഇത്തരം ഛിന്നഗ്രഹം ചെറുതും വലുതുമായി ധാരാളം ഭൂമിക്ക് സമീപത്ത് കൂടെ കടന്നുപോകുന്നുണ്ട്.
ചിലത് നിയര്‍ എര്‍ത്ത് ഒബജ്ക്ട്‌സ് എന്നിവയായിട്ടാണ് നാസ കാണുന്നത്. ഭൂമിക്ക് ഏറ്റവും അടുത്ത് കൂടെ കടന്നുപോകുന്ന ഛിന്നഗ്രങ്ങളെയാണ് ഇത്തരത്തില്‍ സൂചിപ്പിക്കാറുള്ളത്. ഇപ്പോള്‍ വരുന്ന ഛിന്നഗ്രഹത്തിന് ബുര്‍ജ് ഖലീഫയുടെ അത്രയും വലിപ്പമുണ്ടെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ഇത് ഭൂമിയെ തട്ടാതെ കടന്നുപോകും. 2000 ഡബ്ല്യു 107 എന്നാണ് ഈ ഛിന്നഗ്രഹത്തിന് പേരിട്ടിരിക്കുന്നത്. 820 മീറ്ററില്‍ അധികം ഉയരവും 500 മീറ്ററിലേറെ വീതിയുമാണ് ഛിന്നഗ്രഹത്തിനുള്ളതെന്ന് നാസയും വ്യക്തമാക്കി.
ഇന്ന് പകല്‍ സമയത്തോടെ ഇത് ഭൂമിയെ കടന്നുപോകുമെന്നാണ് വിലയിരുത്തല്‍. അതേസമയം സോഷ്യല്‍ മീഡിയയില്‍ ലോകാവസാനമാണെന്ന തരത്തില്‍ പോസ്റ്റുകളും വരുന്നുണ്ട്. അതേസമയം ഇത്തരം ഛിന്നഗ്രഹങ്ങളുടെ ഭീഷണി ഒഴിവാക്കാന്‍ ഇവയുടെ ദിശ മാറ്റണമെന്ന വാദവും ശാസ്ത്രലോകത്തുണ്ട്. നേരത്തെ ടെസ്ല സ്ഥാപകന്‍ ഇലോണ്‍ മസ്‌കും ഇത്തരം വാദങ്ങള്‍ മുന്നോട്ട് വെച്ചിരുന്നു. ബുര്‍ജ് ഖലീഫയുടെ വലിപ്പമുള്ള ഛിന്നഗ്രഹവും നിയര്‍ എര്‍ത്ത് ഒബ്ജക്ടാണെന്ന് നാസ പറയുന്നു. പക്ഷേ ആശങ്കപ്പെടാനില്ലെന്ന് അവര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
ലോകത്തിലെ ഏറ്റവും ഉയരമേറിയ കെട്ടിടമാണ് ബുര്‍ജ് ഖലീഫ്. ഇതിന്റെ നീളം 829.8 മീറ്ററാണ്. അതേസമയം ശാസ്ത്രലോകത്തിനുള്ള ആശങ്ക ഈ ഛിന്നഗ്രഹത്തിന് ദിശാമാറ്റം സംഭവിക്കുമോ എന്നാണ്. ഇത്തരത്തില്‍ സഞ്ചാരപഥം മാറിയാല്‍ അത് ഭൂമിക്ക് വലിയ നഷ്ടമുണ്ടാക്കും. നേരത്തെ റഷ്യയില്‍ ഇത്തരത്തിലൊന്ന് ചെറിയ രീതില്‍ പതിച്ചപ്പോള്‍ വലിയ നാശനഷ്ടമുണ്ടായിരുന്നു. ഭൂമിയുടെ 43 ലക്ഷം കിലോ മീറ്റര്‍ അകലെയാണ് ഛിന്നഗ്രഹത്തിന്റെ കൃത്യമായ ദൂരം. ഇത് ഭൂമിയും ചന്ദ്രനും തമ്മിലുള്ള ദൂരത്തേക്കാള്‍ കൂടുതലുണ്ട്. 2031ലാണ് ഈ ഛിന്നഗ്രഹം വീണ്ടും ഭൂമിയിലെത്തുക.