മതം മാറി വിവാഹം കഴിച്ചുവെന്നത് ജാതി സര്‍ട്ടിഫിക്കറ്റ് നിഷേധിക്കാനുള്ള കാരണമല്ല: ഹൈക്കോടതി
കൊച്ചി: ഒരാളുടെ ജാതി തീരുമാനിക്കേണ്ടത് അയാളുടെ ജനനത്തെ അടിസ്ഥാനമാക്കിയാണെന്നും മറിച്ച് വിവാഹത്തെ അടിസ്ഥാനമാക്കിയല്ലെന്നും ഹൈക്കോടതി. ക്രിസ്ത്യാനിയെ വിവാഹം കഴിച്ചതിന്റെ പേരില്‍ ജാതി സര്‍ട്ടിഫിക്കറ്റ് നിരസിച്ചതിനെതിരെ പട്ടികജാതി ഹിന്ദു-കുര്‍വന്‍ സമുദായത്തില്‍പ്പെട്ട യുവതി നല്‍കിയ റിട്ട് ഹര്‍ജി പരിഗണിച്ച് കൊണ്ടായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. മറ്റൊരു സമുദായത്തില്‍പ്പെട്ടയാളെ വിവാഹം കഴിച്ചു എന്നതിന്റെ പേരില്‍ ജാതി സര്‍ട്ടിഫിക്കറ്റ് നിഷേധിക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
ആര്‍ട്ടിക്കിള്‍ 341 പ്രകാരം പുറപ്പെടുവിച്ച രാഷ്ട്രപതിയുടെ വിജ്ഞാപനം ഹിന്ദു-കുറവന്‍ സമുദായത്തിലെ അംഗങ്ങള്‍ക്ക് പട്ടികജാതിയായി പരിഗണിക്കാന്‍ അര്‍ഹതയുണ്ടെന്ന് കാണിക്കുന്നതായി കോടതി ചൂണ്ടിക്കാട്ടി. ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നിരത്തി ആഭ്യന്തര മന്ത്രാലയം 02.05.1975-ലെ സര്‍ക്കുലര്‍ പുറത്തിറക്കിയയിരുന്നു. പട്ടികജാതിയിലോ പട്ടികവര്‍ഗത്തിലോ അംഗമായ ഒരാള്‍, ഒരു വ്യക്തിയുമായുള്ള വിവാഹം കഴിഞ്ഞാലും പട്ടികജാതിയിലോ പട്ടികവര്‍ഗത്തിലോ അംഗമായി തുടരുമെന്ന് പ്രസ്തുത സര്‍ക്കുലറില്‍ സൂചിപ്പിച്ചിരിക്കുന്നുവെന്ന് കോടതി പറഞ്ഞു.

ആര്‍ട്ടിക്കിള്‍ 341 (1) ന്റെ ലക്ഷ്യം പട്ടികജാതിയിലെ അംഗങ്ങള്‍ക്ക് സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പിന്നോക്കാവസ്ഥ കണക്കിലെടുത്ത് അധിക പരിരക്ഷ നല്‍കുകയെന്നതാണ്. ഈ ഘടകങ്ങള്‍ കണക്കിലെടുത്താണ് ജസ്റ്റിസ് രാജാ വിജയരാഘന്റെ സിംഗിള്‍ ബെഞ്ച് വിധി പ്രസ്താവിച്ചത്. ഹര്‍ജിക്കാരി ഹിന്ദു കുറവനായി ജനിച്ചതിനാല്‍, ക്രിസ്ത്യന്‍ സമുദായത്തില്‍പ്പെട്ടയാളെ വിവാഹം കഴിച്ചതിന്റെ പേരില്‍ അപേക്ഷ നിരസിച്ചതില്‍ പ്രതികളുടെ ഭാഗത്തുനിന്ന് ഒരു ന്യായീകരണവുമില്ല.
സുനിതാ സിംഗ് vs ഉത്തര്‍പ്രദേശ സര്‍ക്കാര്‍ കേസില്‍ [(2018) 2 SCC 493], പ്രസ്തുത സമുദായത്തിലെ അവളുടെ/അവന്റെ ജനനത്തിന്റെ അടിസ്ഥാനത്തിലാണ് ഒരാളുടെ ജാതിയോ സമുദായമോ തീരുമാനിക്കേണ്ടത് എന്ന് നിരീക്ഷിച്ചിട്ടുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഹര്‍ജിക്കാരന്‍ സമര്‍പ്പിച്ച അപേക്ഷ പരിഗണിക്കുമ്പോള്‍ മേല്‍പ്പറഞ്ഞ വശങ്ങളൊന്നും പ്രതിഭാഗം പരിഗണിച്ചില്ല. ക്രിസ്ത്യന്‍ സമുദായത്തില്‍പ്പെട്ട ഒരാളെ വിവാഹം കഴിച്ചാല്‍, ഹര്‍ജിക്കാരിയുടെ പട്ടികജാതി അംഗമെന്ന നിലയിലുള്ള അവകാശം നഷ്ടപ്പെടുമെന്നും അതുവഴി അവള്‍ ജനിച്ച സമുദായം കാണിക്കുന്ന സര്‍ട്ടിഫിക്കറ്റിന് അര്‍ഹതയില്ലെന്നും ഉള്ള തെറ്റായ ധാരണയിലൂടേയാണ് വില്ലേജ് ഓഫീസര്‍ മുന്നോട്ട് പോയത്.
അപേക്ഷ നിരസിക്കല്‍ ഉത്തരവ് പോലും ശരിയായി ആശയവിനിമയം നടത്തിയല്ല ചെയ്തത് എന്നും ഹൈക്കോടതി പറഞ്ഞു. അതിനാല്‍ പ്രതിഭാഗത്തുള്ളവര്‍ തന്നെ വിഷയം പുനപരിശോധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കോടതി വ്യക്തമാക്കി. ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന ഹര്‍ജിക്കാരന്റെ അപേക്ഷ തഹസില്‍ദാരും വില്ലേജ് ഓഫീസറും പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് റിട്ട് ഹര്‍ജി കോടതി തീര്‍പ്പാക്കി.












Click it and Unblock the Notifications