സമവായമുണ്ടായില്ലെങ്കില്‍ ഐഎന്‍എല്‍ മുന്നണിയ്ക്ക് പുറത്ത്; കാസിമിന് മുന്നില്‍ എന്ത് വഴി? വഹാബിന്റെ സാധ്യതകള്‍..
കോഴിക്കോട്: എപി അബ്ദുള്‍ വഹാബ് വിഭാഗത്തിന്റെ സമവായ നീക്കങ്ങള്‍ക്ക് 'നോ' പറഞ്ഞ് മാറി നില്‍ക്കുകയാണ് കാസിം ഇരിക്കൂര്‍ വിഭാഗം. ഔദ്യോഗിക വിഭാഗം തങ്ങളാണെന്നും പാര്‍ട്ടിയില്‍ നിന്ന് ഇറങ്ങിപ്പോയവരുമായി സമവായമോ ഒത്തുതീര്‍പ്പോ ആവശ്യമില്ലെന്ന കടുത്ത നിലപാടാണ് ഇവര്‍ സ്വീകരിക്കുന്നത്. പാര്‍ട്ടിയില്‍ ശക്തിപ്രകടനം നടത്താന്‍ അംഗത്വ കാമ്പയിനുമായി മുന്നോട്ട് പോവുകയും ആണ്.
എന്നാല്‍ ഇത്തരം ഒരു നീക്കം ഐഎന്‍എല്‍ എന്ന രാഷ്ട്രീയ പാര്‍ട്ടിയെ സംബന്ധിച്ച് കനത്ത വില നല്‍കേണ്ടി വരുന്ന സാഹചര്യമാണ് സൃഷ്ടിക്കുക. രണ്ട് വിഭാഗവും ഒരുമിച്ച് നില്ക്കുന്ന ഐഎന്‍എലിനെ മാത്രമേ എല്‍ഡിഎഫിന് ആവശ്യമുള്ളു എന്ന കടുത്ത തീരുമാനമാണ് സിപിഎമ്മിന്റെ ഭാഗത്ത് നിന്ന് വരുന്നത്. എന്തൊക്കെയാണ് സാധ്യതകള്‍...?

ഒരുമിച്ച് നിന്നാല്‍ ഐഎന്‍എലിന് എല്‍ഡിഎഫ് തുടരാം. ആദ്യത്തെ രണ്ടര വര്‍ഷത്തേക്ക് നല്‍കിയിട്ടുള്ള മന്ത്രിസ്ഥാനവും തുടരും. അല്ലാത്ത പക്ഷം മുന്നണിയ്ക്ക് മറിച്ച് ചിന്തിക്കേണ്ടിവരും എന്ന വ്യക്തമായ നിലപാടാണ് എല്‍ഡിഎഫ് നേതൃത്വം മുന്നോട്ട് വച്ചിരിക്കുന്നത്. ഈ വിഷയത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്ക് സിപിഎമ്മോ എല്‍ഡിഎഫോ തയ്യാറാവില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.

പാര്‍ട്ടി പിളര്‍ന്ന സാഹചര്യത്തില്‍ ഇരു വിഭാഗവും ഒറ്റയ്ക്കൊറ്റയ്ക്ക് എല്‍ഡിഎഫിന്റെ ഭാഗമായി തുടരാനുള്ള ചരടുവലികള്‍ നടത്തിയിരുന്നു. തത്കാലം മന്ത്രി തുടരട്ടേ എന്ന നിലപാട് സ്വീകരിച്ചപ്പോള്‍ കാസിം ഇരിക്കൂര്‍ വിഭാഗത്തിന് വലിയ ആശ്വാസവും ആയിരുന്നു. മന്ത്രി തങ്ങള്‍ക്കൊപ്പമാണെന്നും മന്ത്രി തുടരുകയാണെങ്കില്‍ തങ്ങള്‍ മാത്രമായിരിക്കും എല്‍ഡിഎഫില്‍ തുടരുക എന്നതും ആയിരുന്നു ഇവരുടെ അവകാശവാദം. ഒറ്റയ്ക്കൊറ്റയ്ക്ക് രണ്ട് ഗ്രൂപ്പുകളായി എല്‍ഡിഎഫില്‍ നില്ക്കാന് ആവില്ലെന്ന് നേതൃത്വം വ്യക്തമാക്കുകയും ചെയ്തിരുന്നു.

എപി അബ്ദുള്‍ വഹാബിനും അദ്ദേഹം നേതൃത്വം നല്കുന്ന പക്ഷത്തിനും ഇടത് നേതൃത്വവുമായി അടുത്ത ബന്ധമാണുള്ളത്. അതുകൊണ്ട് തന്നെ തങ്ങള്‍ക്ക് എല്‍ഡിഎഫിന്റെ ഭാഗമായി തുടരാന്‍ സാധിക്കും എന്ന പ്രതീക്ഷയില്‍ ആയിരുന്നു അവര്‍. നിലവില്‍ ഇടതു നിലപാടുകള്‍ക്കൊപ്പം ഉറച്ചു നില്ക്കുന്നു എന്നതും കാസിം ഇരിക്കൂറിനും അഹമ്മദ് ദേവര്കോവിലനും എതിരെ ഉയര്‍ന്നതുപോലെ ആരോപണങ്ങള്‍ തങ്ങളുടെ പക്ഷത്തെ ആര്‍ക്കെതിരേയും ഇല്ല എന്നതും ആയിരുന്നു ഇവരുടെ പ്രതീക്ഷ.

കാര്യങ്ങള്‍ ഈ വിധമാണ് മുന്നോട്ട് പോകുന്നത് എങ്കില്‍ ഐഎന്‍എല്‍ മുന്നണിയില്‍ നിന്ന് പുറത്തുപോകും എന്ന് ഏറെക്കുറേ ഉറപ്പാണ്. പാര്‍ട്ടി രൂപീകരിച്ച് കാല് നൂറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിലായിരുന്നു എല്‍ഡിഎഫ് പ്രവേശനം സാധ്യമായതും മന്ത്രിസ്ഥാനം ലഭിച്ചതും എല്ലാം. പാര്‍ട്ടിയിലെ പിളര്‍പ്പ് പരസ്യമായ സാഹചര്യത്തില്‍ ഒരു തീരുമാനമെടുക്കാന്‍ എല്‍ഡിഎഫ് നേതൃത്വം അധികം വൈകിയേക്കില്ല. ഭരണത്തില്‍ നിര്‍ണായക പദവി ഐഎന്‍എലിന് അവകാശപ്പെടാനും ഇല്ല.

മൂന്ന് വര്‍ഷം മുമ്പാണ് കാസിം ഇരിക്കൂര്‍ പാര്‍ട്ടിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി പദവിയിലേക്ക് വരുന്നത്. മാധ്യമം ദിനപത്രത്തിലെ മാധ്യമപ്രവര്‍ത്തകനായിരുന്ന കാസിം, വിരമിച്ചതിന് ശേഷം ആയിരുന്നു പാര്‍ട്ടി നേതൃത്വത്തില്‍ എത്തിയത്. ഈ ചുരുങ്ങിയ കാലത്തിനുള്ളില്‍ പാര്‍ട്ടിയില്‍ ഒരു വിഭാഗത്തെ കൂടെ നിര്‍ത്താനും ദേശീയ നേതൃത്വത്തെ വരുതിയിലാക്കാനും കഴിഞ്ഞു എന്നതാണ് കാസിം ഇരിക്കൂറിന്റെ പ്രത്യേകത. പാര്‍ട്ടിയുടെ രൂപവത്കരണം മുതല്‍ കൂടെയുള്ള നേതാക്കളെ എതിര്‍പക്ഷത്ത് നിര്‍ത്തിക്കൊണ്ടായിരുന്നു ഈ മുന്നേറ്റം എന്നതും ശ്രദ്ധേയമാണ്.

അധികാരത്തിന്റെ സാധ്യതകള്‍ ഉപയോഗിച്ചാണ് കാസിം ഇരിക്കൂര്‍ പാര്‍ട്ടിയില്‍ പിടിമുറുക്കിയത് എന്നൊരു ആക്ഷേപം ഐഎന്‍എലില്‍ ഉയരുന്നുണ്ട്. എല്‍ഡിഎഫ് ഘടകക്ഷിയായതിന് പിറകെ ലഭിച്ച കോര്പ്പറേഷന്, ബോര്‍ഡ് സ്ഥാനങ്ങളുടെ പേരില്‍ പലരേയും കൂടെ നിര്‍ത്താനുള്ള ശ്രമങ്ങള്‍ നടന്നിട്ടുണ്ട് എന്നും ആക്ഷേപമുണ്ട്. ഇത്തരം കാര്യങ്ങള്‍ പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യുക പോലും ചെയ്യാതെ ജനറല്‍ സെക്രട്ടറി നടപ്പിലാക്കുന്നു എന്ന ആക്ഷേപവും ഉയര്‍ന്നു. ഇത്തരത്തില്‍ ഒന്നാണ് പിഎസ് സി അംഗത്തെ നിയമിക്കാന്‍ നാല്പത് ലക്ഷം കോഴ വാങ്ങി എന്ന ആരോപണത്തിലേക്കും എത്തിയത്. ഇത്തരത്തില്‍ മറ്റ് ചില നിയമനങ്ങളിലും ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു.

തുറമുഖവകുപ്പില്‍ പുതിയതായി മുന്നൂറില്പരം തസ്തികകള്‍ സൃഷ്ടിക്കപ്പെടും എന്നൊരു പ്രചാരണവും ഇതിനിടെ ഉയര്‍ന്നിരുന്നു. ഇതിന് പിന്നിലും കാസിം ഇരിക്കൂര്‍ ആണെന്നാണ് എതിര്‍പക്ഷത്തിന്റെ വാദം. എന്തായാലും അങ്ങനെ ഒരു തീരുമാനം എല്‍ഡിഎഫ് സര്‍ക്കാര്‍ എടുത്തിരുന്നില്ല എന്നത് പിന്നീട് വ്യക്തമാവുകയും ചെയ്തു. ഇത് പാര്‍ട്ടിയ്ക്കുള്ളില്‍ വലിയ ചര്‍ച്ചയാവുകയും ചെയ്തിരുന്നു.

പാര്‍ട്ടിയ്ക്ക് മന്ത്രിസ്ഥാനം നഷ്ടപ്പെടുകയും മുന്നണിയില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെടുകയും ചെയ്താല്‍ ഈ സാഹചര്യങ്ങളെല്ലാം മാറിമറിയും. ലഭിച്ച് കോര്പ്പറേഷന്/ബോര്‍ഡ് സ്ഥാനങ്ങള്‍ പോലും തിരിച്ചെടുക്കപ്പെടും. അത്തരം ഒരു ഘടത്തില്‍ ഇപ്പോള്‍ കൂടെ നില്ക്കുന്നവര് എല്ലാം കാസിം ഇരിക്കൂറിനൊപ്പം നില്‍ക്കുമോ എന്നും എതിര് വിഭാഗം ചോദിക്കുന്നുണ്ട്. ഇപ്പോഴത്തെ പ്രശ്നം സമവായത്തിലൂടെ പരിഹരിച്ചില്ലെങ്കില്‍, ആത്യന്തികമായി നഷ്ടം സംഭവിക്കുക ഐഎന്‍എലിന് മാത്രമായിരിക്കും എന്നും ഇവര്‍ വിലയിരുത്തുന്നു.

ഇടത് നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന എപി അബ്ദുള്‍ വഹാബിന് മുന്നില്‍ മറ്റൊരു സാധ്യതയും നിലനില്‍ക്കുന്നുണ്ട് എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. പിടിഎ റഹീമിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച നാഷണല്‍ സെക്യുലര്‍ കോണ്‍ഫറന്‍സ് ഐഎന്‍എലില്‍ ലയിച്ചിരുന്നു. റഹീം പുറത്ത് തന്നെ നിന്നു. പഴയ നാഷണല്‍ സെക്യുലര്‍ കോണ്‍ഫറന്‍സ് നേതാക്കള്‍ ഇപ്പോള്‍ അബ്ദുള്‍ വഹാബിനൊപ്പമാണുള്ളത്. അത്തരത്തില്‍ പിടിഎ റഹീമും അബ്ദുള്‍ വഹാബും ചേര്‍ന്ന് ഒരു പുതിയ രാഷ്ട്രീയ നീക്കം നടത്താനുള്ള സാധ്യതയും രാഷ്ട്രീയ നിരീക്ഷകര്‍ തള്ളുന്നില്ല.

പിടിഎ റഹീമുമായി സഹകരിക്കുന്ന കാര്യം വഹാബ് വിഭാഗവും നേരത്തേ തള്ളിയിരുന്നില്ല. പിടിഎ റഹീം ഐഎന്‍എലുമായി സഹകരിക്കുന്ന ആളാണെന്നും രാഷ്ട്രീയ ഐക്യമുണ്ടെന്നും ദിവസങ്ങള്‍ക്ക് മുമ്പ് അബ്ദുള്‍ വഹാബ് തന്നെ പ്രതികരിച്ചിരുന്നു. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യം അതല്ല. ഐഎന്‍എലിലെ പിളര്‍പ്പ് ഒഴിവാക്കി മുന്നോട്ട് നീങ്ങാനാണ് എല്‍ഡിഎഫ് നേതൃത്വം നല്‍കിയിട്ടുള്ള നിര്‍ദ്ദേശം. അത് നടക്കാതെ വന്നാല്‍ മാത്രമേ മേല്പറഞ്ഞ സാധ്യതകള്‍ ഉള്ളൂ.
Recommended Video

എല്‍ഡിഎഫിനെ സംബന്ധിച്ച് ഐഎന്‍എല്‍ ഒഴിവാക്കാന്‍ ആകാത്ത ഒരു ഘടകകക്ഷിയല്ല. ഐഎന്‍എല്‍ എംഎല്‍എയുടെ പിന്തുണ നഷ്ടപ്പെട്ടാലും ഭരണത്തിന് ഒന്നും സംഭവിക്കില്ല. എല്‍ഡിഎഫിനൊപ്പമായിരുന്നെങ്കിലും, കാല് നൂറ്റാണ്ടോളം മുന്നണിയ്ക്ക് പുറത്തായിരുന്നു ഐഎന്‍എലിന്റെ സ്ഥാനം. ഐഎന്‍എലിന് മന്ത്രിസ്ഥാനം നല്‍കിയതിന് പിറകേ സര്‍ക്കാരിന് അവമതിപ്പുണ്ടാക്കിയ പല സംഭവങ്ങളും അരങ്ങേറുകയും ചെയ്തിരുന്നു. അതുകൊണ്ട് തന്നെ പാര്‍ട്ടിയിലെ പിളര്‍പ്പൊഴിവാക്കാന്‍ എല്‍ഡിഎഫ് നേതൃത്വത്തിന്റെ ഭാഗത്ത് നിന്ന് ശ്രമങ്ങള്‍ ഒന്നും ഉണ്ടാവില്ല.
-
'കേരളത്തിൽ ബിജെപി അധികാരത്തിൽ വരും; എൽഡിഎഫും യുഡിഎഫും ഞങ്ങളെ ഭയക്കുന്നു'; മോദി -
"എസ്ഡിപിഐയുമായി സന്ധിയില്ല; പിഡിപി കൂടെയുണ്ട്": വർഗീയ വോട്ടുകൾ വേണ്ട എന്ന് എംഎ ബേബി -
ഉരുൾപ്പോരും ഉശിരൻ പോരുമായി വയനാട് -
പോസ്റ്റൽ വോട്ടിങ്ങിൽ മാറ്റം, ചെയ്യേണ്ടത് ഇങ്ങനെ -
100 വയസ്സ് കഴിഞ്ഞ 1,555 വോട്ടര്‍മാര്‍; വീട്ടിലിരുന്നും വോട്ട് ചെയ്യാം -
ആർക്കും തെരഞ്ഞെടുപ്പ് നിരീക്ഷകനാകാം, 100 മിനിറ്റിനുള്ളിൽ നടപടി ഉറപ്പാക്കി ‘സി-വിജിൽ’ -
എൽഡിഎഫ് സ്ഥാനാർത്ഥിക്കായി പിആർഡി കുറിപ്പ്; ഇൻഫർമേഷൻ ഓഫീസർക്ക് സസ്പെൻഷൻ -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം












Click it and Unblock the Notifications