കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലീഗില്‍ പിളര്‍പ്പ്; വഹാബിനെതിരേ ഒരു വിഭാഗം, സുലൈമാന്‍ സേട്ടിന്റെ പേരില്‍ ഫോറവുമായി വിമതര്‍

14 ജില്ലകളില്‍ നിന്നുമുള്ള പ്രതിനിധികള്‍ പങ്കെടുത്ത യോഗമാണ് പുതിയ ഫോറം രൂപീകരിച്ചത്. ഐഎന്‍എല്‍ നേതൃത്വത്തിനെതിരേ കടുത്ത ഭാഷയിലാണ് ഇവര്‍ പ്രതികരിച്ചത്.

  • By Ashif
Google Oneindia Malayalam News

കൊച്ചി: ഇന്ത്യന്‍ നാഷണല്‍ ലീഗി (ഐഎന്‍എല്‍) ല്‍ ഭിന്നത രൂക്ഷമായതിനെ തുടര്‍ന്ന് ഒരു വിഭാഗം പുതിയ പാര്‍ട്ടി രൂപീകരണത്തിന് ഒരുങ്ങുന്നു. മെഹ്ബൂബെ മില്ലത്ത് (ഇബ്രാഹീം സുലൈന്‍മാന്‍ സേട്ട്) കള്‍ച്ചറല്‍ ഫോറം എന്ന പേരില്‍ പുതിയ സംഘടനയ്ക്ക് ഇവര്‍ രൂപം നല്‍കി. കഴിഞ്ഞ ദിവസം ഇവര്‍ പ്രത്യേക യോഗം ചേര്‍ന്നു.

14 ജില്ലകളില്‍ നിന്നുമുള്ള പ്രതിനിധികള്‍ പങ്കെടുത്ത യോഗമാണ് പുതിയ ഫോറം രൂപീകരിച്ചത്. ഐഎന്‍എല്‍ നേതൃത്വത്തിനെതിരേ കടുത്ത ഭാഷയിലാണ് ഇവര്‍ പ്രതികരിച്ചത്. പാര്‍ട്ടിയില്‍ ഏകാധിപത്യമാണെന്നും ജനാധിപത്യം നഷ്ടമായെന്നുമാണ് ഇവരുടെ ആക്ഷേപം.

അബ്ദുല്‍ വഹാബിന്റെ ഏകാധിപത്യം

പാര്‍ട്ടി ജനറല്‍ സെക്രട്ടറി എപി അബ്ദുല്‍ വഹാബ് ഏകാധിപത്യപരമായ രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് വിമത നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എല്‍ഡിഎഫ് ഐഎന്‍എല്ലിന് നല്‍കിയ ന്യൂനപക്ഷ കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം പാര്‍ട്ടി വേദികളില്‍ ചര്‍ച്ച ചെയ്യാതെ വഹാബ് സ്വയം ഏറ്റെടുക്കുകയായിരുന്നുവെന്നാണ് ആരോപണം.

അഭിപ്രായ സ്വാതന്ത്ര്യം നഷ്ടമായി

പാര്‍ട്ടിക്കകത്ത് അഭിപ്രായ സ്വാതന്ത്ര്യം നഷ്ടമായിരിക്കുന്നു. പാര്‍ട്ടി നേതൃത്വം തെറ്റുതിരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംസ്ഥാന സമിതി അംഗങ്ങളുടെയും പ്രവര്‍ത്തകരുടെയും പിന്തുണ തങ്ങള്‍ക്കുണ്ടെന്നും നേതാക്കള്‍ അവകാശപ്പെട്ടു.

പുതിയ പാര്‍ട്ടി രൂപീകരിച്ചിട്ടില്ല

ഇപ്പോള്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചിട്ടില്ല. പാര്‍ട്ടിക്കകത്ത് പുതിയ സംഘടന രൂപീകരിക്കുകയാണ് ചെയ്തത്. നേതൃത്വം ഏകാധിപത്യ സ്വഭാവം മാറ്റി നിര്‍ത്തി പുനര്‍വിചിന്തനത്തിന് തയ്യാറായില്ലെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുന്നതിനെ കുറിച്ച് ആലോചിക്കുമെന്ന് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഭാരവാഹികള്‍

പാര്‍ട്ടിയുടെ മുന്‍ ഭാരവാഹിയും മെഹ്ബൂബെ മില്ലത്ത് (ഇബ്രാഹീം സുലൈമാന്‍ സേട്ട്) കള്‍ച്ചറല്‍ ഫോറം സംസ്ഥാന പ്രസിഡന്റുമായ എഇ അബ്ദുല്‍ കലാം( എറണാകുളം), ജനറല്‍ സെക്രട്ടറി എ ഷംസുദ്ദീന്‍ (ആലപ്പുഴ), ഓര്‍ഗനൈസിങ് സെക്രട്ടറി ഷെരീഫ് ഷാ, ഖജാഞ്ചി എംകെ മുജീബ് (തൃശൂര്‍) എന്നിവരാണ് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തത്.

എതിര്‍ക്കുന്നവരെ നിഷ്‌കാസനം ചെയ്യുന്നു

ഉള്‍പ്പാര്‍ട്ടി ജനാധിപത്യവും അഭിപ്രായ സ്വാതന്ത്ര്യവും പാര്‍ട്ടിയില്‍ നഷ്ടപ്പെട്ടിരിക്കുകയാണെന്ന് നേതാക്കള്‍ ആരോപിച്ചു. എതിര്‍ക്കുന്നവരെ നിഷ്‌കാസനം ചെയ്യുന്ന നിലപാടാണ് നേതൃത്വത്തിന്റേത്. നേതൃത്വത്തിലുള്ളവര്‍ സ്വാര്‍ഥ താല്‍പര്യത്തിന് വേണ്ടി പാര്‍ട്ടിയെ ദുരുപയോഗം ചെയ്യുകയാണെന്നും ഇവര്‍ കുറ്റപ്പെടുത്തി.

പ്രവര്‍ത്തകരെ തമ്മിലടിപ്പിക്കുന്നു

പ്രവര്‍ത്തകരെ തമ്മിലടിപ്പിക്കുന്ന നീക്കങ്ങളാണ് നടത്തുന്നത്. എതിര് നില്‍ക്കുന്നവരെ ആരോപണങ്ങള്‍ ഉന്നയിച്ച് മാറ്റി നിര്‍ത്തുന്നു. ഇനി ഇത്തരം പ്രവര്‍ത്തനങ്ങളുമായി സഹകരിക്കാനാവില്ല. തുടര്‍ന്നാണ് പുതിയ സംഘടന രൂപീകരിച്ചതെന്നും നേതാക്കള്‍ പറഞ്ഞു.

എല്‍ഡിഎഫ് പാര്‍ട്ടിക്ക് നല്‍കിയ സീറ്റ്

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പാര്‍ട്ടിക്ക് നല്‍കിയ മൂന്ന് സീറ്റുകളില്‍ ജനാധിപത്യപരമായ രീതിയില്‍ അല്ല സ്ഥാനാര്‍ഥികളെ നിര്‍ത്തിയത്. കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ തീരുമാനത്തിന് വിരുദ്ധമായിട്ടാണ് കോഴിക്കോട് സൗത്തില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തിയത്. ഇക്കാര്യം പ്രതിനിധികള്‍ ചോദ്യം ചെയ്തതിന് പ്രതികാരമായി ജില്ലാ കമ്മിറ്റി പിരിച്ചുവിടുകയാണ് ചെയ്തത്.

ചോദ്യം ചെയ്തവരെ സസ്‌പെന്റ് ചെയ്തു

ജില്ലാ കമ്മിറ്റിയെ പിരിച്ചുവിടുകയും ജില്ലാ സെക്രട്ടറിയെ സസ്‌പെന്റ് ചെയ്യുകയുമാണ് അന്ന് നേതൃത്വം ചെയ്തത്. പാര്‍ട്ടി നേതൃത്വത്തിന്റെ ഏകാധിപത്യ നിലപാട് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് ജില്ലാ കമ്മിറ്റിയെ പിരിച്ചുവിട്ടതെന്നും നേതാക്കള്‍ ആരോപിച്ചു.

അനീതികള്‍ ഇനി സമ്മതിക്കില്ല

ആരോടും ചര്‍ച്ച ചെയ്യാതെ സ്ഥാനാര്‍ഥികളെ നിര്‍ത്തുന്നു. ആരോടും ചോദിക്കാതെ കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം സ്വന്തമായി ഏറ്റെടുക്കുന്നു. ഇത്തരം അനീതികള്‍ ഇനി സമ്മതിക്കില്ല. അഭിപ്രായ സ്വാതന്ത്ര്യം നഷ്ടമായി. സഹിക്കാന്‍ പറ്റാതെ വന്നപ്പോഴാണ് പരസ്യമായി പറയുന്നതെന്നും നേതാക്കള്‍ വ്യക്തമാക്കി.

 14 ജില്ലകളില്‍ നിന്നുള്ള പ്രതിനിധികള്‍

കഴിഞ്ഞ ദിവസം എറണാകുളത്ത് ചേര്‍ന്ന ഫോറത്തിന്റെ ആദ്യ യോഗത്തില്‍ 14 ജില്ലകളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു. മുഴുവന്‍ ജില്ലകളിലും ഫോറത്തിന്റെ കണ്‍വന്‍ഷനുകള്‍ ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ തന്നെ കണ്‍വഷനുകള്‍ നടക്കുമെന്നും നേതാക്കള്‍ പറഞ്ഞു.

English summary
Indian National League will be split. Rebels formed new forum
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X