കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലപ്പുറത്ത് മുസ്ലിം ലീഗ് വനിതയെ സ്ഥാനാര്‍ഥിയാക്കിയില്ല, കാരണം ഇതാണ്... മുനവ്വറലി തങ്ങള്‍ പറയുന്നു

ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മലപ്പുറം മണ്ഡലത്തിലെ വോട്ടര്‍മാര്‍ കൂടുതലും സ്ത്രീകളാണ്. എന്നാല്‍ സ്ഥാനാര്‍ഥികളില്‍ ഒരാളും സ്ത്രീകളില്ല.

  • By Ashif
Google Oneindia Malayalam News

മലപ്പുറം: ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മലപ്പുറം മണ്ഡലത്തിലെ വോട്ടര്‍മാര്‍ കൂടുതലും സ്ത്രീകളാണ്. എന്നാല്‍ സ്ഥാനാര്‍ഥികളില്‍ ഒരാളും സ്ത്രീകളില്ല. ഇത്തവണ ഒമ്പതു സ്ഥാനാര്‍ഥികളാണ് മലപ്പുറം മണ്ഡലത്തില്‍ മാറ്റുരയ്ക്കുന്നത്. ഒമ്പതും പുരുഷന്‍മാര്‍.

സ്ത്രീകള്‍ക്ക് പ്രാധാന്യം നല്‍കുന്നുവെന്ന് പറയുന്നവര്‍ പോലും ഇത്തവണ അങ്ങനെ ഒരു പരീക്ഷണത്തിന് ഒരുങ്ങിയില്ല. കഴിഞ്ഞ തവണ ഇ അഹമ്മദിനെതിരേ ഇടതുപക്ഷം നിര്‍ത്തിയത് വനിതയെ ആയിരുന്നു. പക്ഷേ അത് അഹമ്മദിന്റെ ഭൂരിപക്ഷം വര്‍ധിപ്പിച്ചുവെന്നാണ് ആക്ഷേപം. ഈ സാഹചര്യത്തിലാണ് ഇടതുപക്ഷം ഇത്തവണ യുവത്വത്തെ ഗോദയില്‍ ഇറക്കിയിരിക്കുന്നത്.

23 സ്ത്രീകള്‍ ഇതുവരെ

ലോക്‌സഭാ, നിയമസഭാ പോരില്‍ ജില്ലാ ചരിത്രത്തില്‍ ഇതുവരെ 23 സ്ത്രീകളെ മല്‍സര രംഗത്ത് വന്നിട്ടുള്ളൂ. 1967ല്‍ കോണ്‍ഗ്രസ് പ്രതിനിധി ആയി മഞ്ചേരി ലോക്‌സഭാ മണ്ഡലത്തില്‍ മല്‍സരിച്ച എ നഫീസത്ത് ബീവിയാണ് ആദ്യം മല്‍സരിച്ച വനിത. 1998ല്‍ പൊന്നാനി മണ്ഡലത്തില്‍ സിപിഐ സ്ഥാനാര്‍ഥിയായി മിനു മുംതാസും മല്‍സരിച്ചു. കഴിഞ്ഞ തവണ അഹമ്മദിനെതിരേ പികെ സൈനബയും.

ലീഗ് സ്ത്രീ മുന്നേറ്റം തടയില്ല

മുസ്ലീം ലീഗ് സ്ത്രീ മുന്നേറ്റത്തിന് തടസം നില്‍ക്കില്ലെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ പ്രതികരിച്ചു. സ്ത്രീകള്‍ മുന്നോട്ട് വരണമെന്നതില്‍ സംശയമില്ലെന്നും അദ്ദേഹത്തെ ഉദ്ധരിച്ച് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തു.

മുനവ്വറലി പറയുന്നത്

ഉപതിരഞ്ഞെടുപ്പ് ആയതിനാലും സ്ഥാനാര്‍ഥി നിര്‍ണയം പെട്ടെന്ന് ആയതും സ്ത്രീകള്‍ സ്ഥാനാര്‍ഥി പട്ടികയില്‍ ഉള്‍പ്പെടാത്തതിന് കാരണമാവാം. ഇ അഹമ്മദിന്റെ സ്ഥാനത്തേക്ക് സ്ഥാനാര്‍ഥിയെ പരിഗണിക്കുമ്പോള്‍ പാര്‍ട്ടിയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന, പരിചയ സമ്പത്തുള്ള വ്യക്തിയെ ആണ് പരിഗണിച്ചതെന്നും മുനവ്വറലി പറഞ്ഞു.

സിപിഎം പറയുന്നത് ഇങ്ങനെ

ഒരു മണ്ഡലത്തില്‍ മാത്രം തിരഞ്ഞെടുപ്പ് നടക്കുന്ന സാസഹചര്യത്തില്‍ എല്ലാവരെയും പരിഗണിക്കുക സാധ്യമല്ലെന്ന് സിപിഎം പ്രതികരിച്ചു. ഏറ്റവും അനിയോജ്യനായ വ്യക്തിയെ ആണ് ഇടതുപക്ഷം സ്ഥാനാര്‍ഥിയാക്കിയത്.

പ്രാതിനിധ്യം നല്‍കണം

സ്ത്രീകള്‍ക്കും യുവാക്കള്‍ക്കുമൊക്കൈ പ്രാതിനിധ്യം നല്‍കണം എന്നു തന്നെയാണ് സിപിഎമ്മിന്റെ നയം. മുമ്പൊക്കെ പാര്‍ട്ടി ഇക്കാര്യം പ്രത്യേകം ശ്രദ്ധിച്ചിട്ടുമുണ്ട്. കുറഞ്ഞത് 25 ശതമാനമെങ്കിലും വനിതാ പ്രതിനിധ്യം ഉറപ്പാക്കാനുള്ള നടപടി പാര്‍ട്ടിയുടെ ഭാഗത്തുനിന്നുണ്ടാവുമെന്നും ജില്ലാ സെക്രട്ടറി പിപി വാസുദേവന്‍ പറഞ്ഞു.

ശോഭാ സുരേന്ദ്രന്റെ പ്രതികരണം

എന്നാല്‍ സ്ത്രീ പുരുഷ വിവേചനം ഉപതിരഞ്ഞെടുപ്പില്‍ സംഭവിച്ചുവെന്ന് കരുതുന്നില്ലെന്നായിരുന്നു ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ പ്രതികരണം. സ്ത്രീകള്‍ മല്‍സരിക്കുന്നതും ഭരണത്തിന്റെ ഭാഗമാവുന്നതുമെല്ലാം സ്വാഗതാര്‍ഹമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

വിവേചനമില്ലെന്ന് ബിജെപി

അനിയോജ്യരായ സ്ഥാനാര്‍ഥികളെയാണ് പാര്‍ട്ടികള്‍ തിരഞ്ഞെടുക്കുക. പഴയ തിരഞ്ഞെടുപ്പുകളുടെ പശ്ചാത്തലവും പരിഗണിക്കും. ഇത്തവണ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ വിവേചനമുണ്ടെന്ന് കരുതുന്നില്ലെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

പ്രധാന സ്ഥാനാര്‍ഥികള്‍

മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയായി പികെ കുഞ്ഞാലിക്കുട്ടിയും സിപിഎം സ്ഥാനാര്‍ഥിയായി പിബി ഫൈസലും ബിജെപി സ്ഥാനാര്‍ഥിയായി എന്‍ ശ്രീപ്രകാശുമാണ് മലപ്പുറത്ത് ജനവിധി തേടുന്നത്. സിപിഎം കഴിഞ്ഞതവണ വനിതയെ ആയിരുന്നു മല്‍സരിപ്പിച്ചത്. എന്നാല്‍ അന്ന് മുസ്ലിം ലീഗ് സ്ഥാനാര്‍ഥി ഇ അഹമ്മദിന് അന്ന് 1.94 ലക്ഷമായിരുന്നു ഭൂരിപക്ഷം.

ഇ അഹമ്മദിന്റെ മകള്‍

മുസ്ലിം ലീഗ് ഇ അഹമ്മദിന്റെ മകളെ മല്‍സരിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അഹമ്മദിന്റെ പിന്‍ഗാമിയായി മക്കളില്‍ ആരെയെങ്കിലും മല്‍സരിപ്പിക്കണമെന്ന ആവശ്യം പാര്‍ട്ടിയില്‍ ഉയര്‍ന്നതോടെയാണ് ഇത്തരം റിപ്പോര്‍ട്ടുകള്‍ കണ്ടത്. എന്നാല്‍ പാര്‍ട്ടി അഹമ്മദിന്റെ മകളെ പരിഗണിച്ചില്ലെന്ന് പിന്നീട് നേതാക്കള്‍ പറഞ്ഞിരുന്നു.

മുസ്ലീം വനിതകള്‍

മുസ്ലിം ലീഗ് ഇതുവരെ പ്രധാന തിരഞ്ഞെടുപ്പുകളിലൊന്നും സ്ത്രീകളെ സ്ഥാനാര്‍ഥിയാക്കിയിട്ടില്ല. സ്ത്രീകള്‍ പൊതുരംഗത്ത് വരുന്നത് അവര്‍ സാധാരണ പ്രോല്‍സാഹിപ്പിക്കാറുമില്ല. ലീഗിന് വനിതാ സംഘടനയുണ്ട്. സ്ത്രീകളെ പൊതുരംഗത്തിറക്കുന്നത് മതസംഘടനകളുടെ വിമര്‍ശനത്തിന് ഇടയാക്കുമെന്നതാണ് ഇക്കാര്യത്തില്‍ ലീഗ് നേതാക്കള്‍ പിന്നോട്ട് നില്‍ക്കാന്‍ കാരണം.

English summary
No one woman candidate in Malappuram byelection,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X