ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കാന്‍ ചര്‍ച്ചയ്ക്ക് തയ്യാര്‍: ഖത്തര്‍ അമീര്‍

  • Posted By:
Subscribe to Oneindia Malayalam

ബെര്‍ലിന്‍: മൂന്നു മാസത്തിലേറെയായി തുടരുന്ന ഖത്തര്‍ പ്രതിസന്ധി പരിഹരിക്കാന്‍ ചര്‍ച്ചാ മേശയ്ക്കു ചുറ്റുമിരിക്കാന്‍ ഖത്തര്‍ തയ്യാറാണെന്ന് അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി. ജര്‍മന്‍ സന്ദര്‍ശനത്തിനെത്തിയ അദ്ദേഹം ചാന്‍സ്‌ലര്‍ ആംഗേലാ മെര്‍ക്കലുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം നടത്തിയ സംയുക്തവാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

മധ്യസ്ഥതയ്ക്ക് ജര്‍മനി തയ്യാര്‍

മധ്യസ്ഥതയ്ക്ക് ജര്‍മനി തയ്യാര്‍

100 ദിവസത്തിലേറെയായി തുടരുന്ന പ്രശ്‌നത്തില്‍ മധ്യസ്ഥത വഹിക്കാന്‍ ജര്‍മനി സന്നദ്ധത അറിയിച്ചതായും അമീര്‍ പറഞ്ഞു. പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ സൗദി അറേബ്യ, യു.എ.ഇ, ഈജിപ്ത്, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളെ മെര്‍ക്കല്‍ ക്ഷണിച്ചതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.

മൂന്നു മാസം പിന്നിട്ടിട്ടും പ്രശ്‌നത്തിന് ഒരു പരിഹാരമുണ്ടാവാത്തതില്‍ ഉല്‍കണ്ഠയുണ്ടെന്ന് പറഞ്ഞ ജര്‍മന്‍ ചാന്‍സ്‌ലര്‍, കുവൈത്തിന്റെയും അമേരിക്കയുടെയും നേതൃത്വത്തില്‍ നടക്കുന്ന മധ്യസ്ഥ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതായും അറിയിച്ചു.

 എല്ലാവര്‍ക്കും സ്വീകാര്യമായ പരിഹാരം

എല്ലാവര്‍ക്കും സ്വീകാര്യമായ പരിഹാരം

ബന്ധപ്പെട്ട എല്ലാ രാജ്യങ്ങള്‍ക്കും സ്വീകര്യവും മാന്യവുമായ പ്രശ്‌നപരിഹാരമാണ് ജര്‍മനി ലക്ഷ്യമിടുന്നത്. ജര്‍മനി ഈ പ്രതിസന്ധിയുടെ ഭാഗമല്ലെങ്കിലും, എല്ലാവര്‍ക്കും മുഖം രക്ഷിക്കാവുന്ന രീതിയിലുള്ള രമ്യമായ പരിഹാരത്തിനായി ശ്രമിക്കേണ്ടത് രാജ്യം ഉയര്‍ത്തുന്ന മൂല്യബോധത്തിന്റെ ഭാഗമാണെന്ന് മെര്‍ക്കല്‍ പറഞ്ഞു. മൂന്നു മാസം പിന്നിട്ടിട്ടും പ്രതിസന്ധിക്ക് പരിഹാരം കാണാനാവാത്ത സാഹചര്യത്തില്‍ ബന്ധപ്പെട്ട എല്ലാ കക്ഷികളും എത്രയും വേഗം ഒന്നിച്ചിരുന്ന് ചര്‍ച്ച ചെയ്യേണ്ടത് അനിവാര്യമാണെന്നും അവര്‍ അഭിപ്രായപ്പെട്ടു.

ജര്‍മന്‍ രഹസ്യാന്വേഷണ വിഭാഗം അന്വേഷിക്കും

ജര്‍മന്‍ രഹസ്യാന്വേഷണ വിഭാഗം അന്വേഷിക്കും

ഖത്തര്‍ ഭീകരവാദത്തെ പിന്തുണയ്ക്കുന്നുവെന്ന ആരോപണത്തിന്റെ നിജസ്ഥിതി വ്യക്തമാക്കുന്നതിന് ജര്‍മന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ സേവനം ഉപയോഗപ്പെടുത്തുമെന്ന് ജര്‍മന്‍ വിദേശകാര്യ മന്ത്രി സിഗ്മര്‍ ഗബ്രിയേല്‍ പറഞ്ഞു. ഖത്തര്‍ ഭീകരതയ്ക്ക് പിന്തുണയും സാമ്പത്തിക സഹായവും നല്‍കുന്നുവെന്നതാണ് സൗദി സഖ്യത്തിന്റെ പ്രധാന ആരോപണങ്ങളിലൊന്ന്. എന്നാല്‍ ഇക്കാര്യം ഖത്തര്‍ ശക്തിയായി നിഷേധിക്കുന്നു. ഇറാനുമായുള്ള ഖത്തറിന്റെ ബന്ധം, ഈജിപ്തില്‍ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് മുര്‍സി ഭരണകൂടത്തിന് നല്‍കിയ സഹായം തുടങ്ങിയ കാര്യങ്ങളാണ് ഖത്തറിന്റെ ഭീകരവാദ ബന്ധമായി സൗദി സഖ്യം ഉദ്ദേശിക്കുന്നത്. എന്നാല്‍, ഇക്കാര്യങ്ങള്‍ ഖത്തറിന്റെ സ്വതന്ത്ര വിദേശനയത്തിന്റെ ഭാഗമാണെന്നും ഇതില്‍ ഇടപെടുന്നത് മറ്റൊരു രാജ്യത്തിന്റെ ആഭ്യന്തര കാര്യത്തില്‍ ഇടപെടുന്നതിന് തുല്യമാണെന്നുമാണ് ഇതുമായി ബന്ധപ്പെട്ട ഖത്തറിന്റെ നിലപാട്.

 സൗദി സഖ്യത്തിനു മേല്‍ സമ്മര്‍ദ്ദം

സൗദി സഖ്യത്തിനു മേല്‍ സമ്മര്‍ദ്ദം

ഗള്‍ഫ് പ്രതിസന്ധി ചര്‍ച്ച ചെയ്യുന്നതിന് ഒന്നിച്ചിരിക്കാന്‍ സൗദി സഖ്യത്തിനു മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ് ഖത്തര്‍ അമീറിന്റെ വിദേശ സന്ദര്‍ശനത്തിന്റെ ലക്ഷ്യമെന്ന് വിലയിരുത്തപ്പെടുന്നു. പ്രതിസന്ധി പരിഹരിക്കുന്നതിന് ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ഖത്തര്‍ നേരത്തേ വ്യക്തമാക്കിയിരുന്നുവെങ്കിലും തങ്ങളുന്നയിച്ച 13 പ്രശ്‌നങ്ങളും പരിഹരിച്ച ശേഷം മാത്രമേ ചര്‍ച്ചയുള്ളൂ എന്നായിരുന്നു സൗദി സഖ്യത്തിന്റെ നിലപാട്. ഈ പിടിവാശി ഒഴിവാക്കി വിഷയത്തെക്കുറിച്ച് സ്വതന്ത്ര ചര്‍ച്ചയാവാമെന്ന നിലപാടിലേക്ക് സഖ്യത്തെ കൊണ്ടുവരികയാണ് ജര്‍മന്‍ മധ്യസ്ഥ ശ്രമത്തിലൂടെ ഖത്തര്‍ ലക്ഷ്യമിടുന്നത്.

തുര്‍ക്കി പ്രസിഡന്റുമായി കൂടിക്കാഴ്ച

തുര്‍ക്കി പ്രസിഡന്റുമായി കൂടിക്കാഴ്ച


തുര്‍ക്കി സന്ദര്‍ശനം കഴിഞ്ഞാണ് ഖത്തര്‍ അമീര്‍ ജര്‍മനിയിലെത്തിയത്. ഉപരോധം മറികടക്കാന്‍ ഖത്തറിനെ ഏറെ സഹായിച്ച രാജ്യമാണ് തുര്‍ക്കി. പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ ഊഷ്മള വരവേല്‍പ്പാണ് അമീറിന് രജബ് തയ്യിബ് ഉര്‍ദുഗാന്‍ നല്‍കിയത്. പ്രതിസന്ധി എത്രയും വേഗം പരിഹരിക്കപ്പെടണമെന്നാണ് തുര്‍ക്കിയുടെ ആഗ്രഹമെന്ന് ഉര്‍ദുഗാന്‍ പറഞ്ഞു.

ജര്‍മന്‍ സന്ദര്‍ശനത്തിന് ശേഷം ഫ്രാന്‍സിലേക്കാണ് ഖത്തര്‍ അമീറിന്റെ യാത്ര. ഇവിടെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണുമായി അമീര്‍ കൂടിക്കാഴ്ച നടത്തും. പ്രതിസന്ധി പരിഹരിക്കാനുള്ള നയതന്ത്രശ്രമങ്ങളുടെ ഭാഗമായാണ് ഈ സന്ദര്‍ശനങ്ങള്‍ വിലയിരുത്തപ്പെടുന്നത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
The Qatari emir says he is ready to sit at a negotiating table to solve the three-month-long regional crisis. Sheikh Tamim bin Hamad Al Thani is on his first foreign trip since Qatar's diplomatic rift with its Arab neighbours

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്