പ്രവാസികള്‍ക്ക് വീണ്ടും തിരിച്ചടി; കാര്‍ റെന്റല്‍ സ്ഥാപനങ്ങളില്‍ മാര്‍ച്ച് മുതല്‍ സൗദികള്‍ മാത്രം

  • Posted By: Desk
Subscribe to Oneindia Malayalam

ജിദ്ദ: സൗദിയില്‍ സ്വദേശിവല്‍ക്കരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വാഹനങ്ങള്‍ വാടകയ്ക്ക് നല്‍കുന്ന കാര്‍ റെന്റല്‍ സ്ഥാപനങ്ങളും സൗദികള്‍ക്ക് മാത്രമാക്കുന്നു. മാര്‍ച്ച് 19 മുതല്‍ നിയമം നടപ്പിലാക്കാനാണ് തൊഴില്‍-സാമൂഹ്യവികസന മന്ത്രാലയത്തിന്റെ തീരുമാനം. സ്വദേശി വല്‍ക്കരണം ശക്തിപ്പെടുത്തുന്നതിലൂടെ കൂടുതല്‍ സൗദി യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് മന്ത്രാലയം വക്താവ് ഖാലിദ് അബുല്‍ ഖലീല്‍ പറഞ്ഞു.

ഇടനെഞ്ച് പൊട്ടി കോടീശ്വരന്‍മാര്‍; മണിക്കൂറുകളില്‍ നഷ്ടമായത് 11400 കോടി!! എല്ലാം വളര്‍ച്ച മൂലം

ഇതിനു മുന്നോടിയായി കാര്‍ റെന്റല്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നതിനാവശ്യമായ നൈപുണ്യങ്ങള്‍ വികസിപ്പിക്കുന്നതിന് സൗദിയുവാക്കള്‍ക്ക് മന്ത്രാലയം പരിശീലനം നല്‍കും. സാങ്കേതിക പരിജ്ഞാനം ആവശ്യമുള്ളവര്‍ക്ക് അതും നല്‍കും. സ്വന്തമായി കാര്‍ റെന്റല്‍ സ്ഥാപനങ്ങള്‍ ആരംഭിക്കാനാഗ്രഹിക്കുന്ന സൗദി പൗരന്‍മാര്‍ക്ക് ആവശ്യമായ സാമ്പത്തിക പിന്തുണ മന്ത്രാലയം നല്‍കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. മാര്‍ച്ച് 19ന് ശേഷം പ്രവാസി ജീവനക്കാരെ ജോലിക്ക് വയ്ക്കുന്ന കാര്‍ റെന്റല്‍ സ്ഥാപനങ്ങള്‍ക്കെതിരേ കനത്ത പിഴ ചുമത്തുമെന്നും മന്ത്രാലയം വക്താവ് മുന്നറിയിപ്പ് നല്‍കി.

saudicar

അതിനിടെ, സൗദിയിലെ 95 ശതമാനം ജ്വല്ലറികളും സ്വദേശിവല്‍ക്കരണ പദ്ധതി നടപ്പിലാക്കിയതായും അദ്ദേഹം അറിയിച്ചു. പദ്ധതി നടപ്പിലാക്കുന്നതില്‍ വീഴ്ച വരുത്തിയ സ്ഥാപനങ്ങള്‍ക്കെതിരെ ശിക്ഷാ നടപടി സ്വീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ഡിസംബര്‍ മൂന്നിനാണ് സൗദിയിലെ ജ്വല്ലറികളില്‍ സമ്പൂര്‍ണ സ്വദേശിവല്‍ക്കരണം നിലവില്‍ വന്നത്. അതേത്തുടര്‍ന്ന് ഈ മേഖലയില്‍ ജോലി ചെയ്യുന്ന വിദേശികളെ കണ്ടെത്താന്‍ ശക്തമായ പരിശോധന ആരംഭിച്ചിരുന്നു. ഇതുവരെ 10256 പരിശോധനകള്‍ നടന്നതായി തൊഴില്‍ മന്ത്രാലയം വക്താവ് പറഞ്ഞു.

സ്ത്രീകള്‍ക്കു മാത്രമുള്ള സാധനങ്ങള്‍ വില്‍ക്കുന്ന സ്ത്രീകള്‍ക്കു മാത്രമായി സ്ത്രീകള്‍ മാത്രം നടത്തുന്ന ഷോപ്പുകളില്‍ നടത്തിയ പരിശോധനകളില്‍ 446 നിയമലംഘനങ്ങള്‍ കണ്ടെത്തി. ഇത്തരം 2,330 കടകളാണ് സൗദിയിലുള്ളത്. ലൈസന്‍സ് പുതുക്കിയില്ല, സ്ത്രീകള്‍ക്കു മാത്രമാണെന്ന് ബോര്‍ഡ് വച്ചില്ല, കടകള്‍ക്ക് വിദേശ പേരുകള്‍ നല്‍കി, തൊഴിലാളികള്‍ യൂനിഫോം ധരിച്ചില്ല തുടങ്ങിയ നിയമലംഘനങ്ങളാണ് കണ്ടെത്തിയത്.

English summary
saudi to continue nationalisation efforts

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്