കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മീനച്ചിലാറിലൂടെ ഒഴുകിവന്ന ഒറോത എന്ന ധീരവനിത

  • By Neethu B
Google Oneindia Malayalam News

ശ്രുതി പ്രകാശ്

ഒറോതയെ കണ്ടുമുട്ടി, കാക്കനാടന്റെ ഒറോതയെ..ആരാണ് ഈ ഒറോത...ഒറോതയെ ചിലര്‍ക്കെങ്കിലും അറിയാമായിരിക്കാം. അറിഞ്ഞില്ലെങ്കില്‍ ഇനിയെങ്കിലും ആ ധീരവനിതയെക്കുറിച്ച് അറിഞ്ഞോളൂ...വഴിയമ്പലത്തില്‍ കണ്ടുമുട്ടിയ ഒറോതയെക്കുറിച്ച് പറയാതിരിക്കാനാവില്ല. ഒറോതയെ ഓര്‍ക്കുമ്പോള്‍ കണ്ണുനിറയുന്നു. ഒറോതയെ ഓര്‍ക്കുമ്പോള്‍ കരയാതിരിക്കാനാവില്ല, ഒറോതയെ ഓര്‍ക്കാതിരിക്കാനും ആവില്ല.

പുസ്തക വായന മനസ്സിനെ ശാന്തമാക്കുകയും അതുവഴി മനസ്സില്‍ നല്ല ചിന്തയുണ്ടാക്കുകയും ചെയ്യുമെന്ന് കേട്ടിട്ടുണ്ട്. ചില നോവല്‍ വായനകള്‍ സിനിമ കാണുന്ന പ്രതീതിയുണ്ടാക്കുമെന്നും കേട്ടും അനുഭവിച്ചും അറിഞ്ഞിട്ടുമുണ്ട്. നോവല്‍ വായന അത്രയങ്ങ് ഇഷ്ടമല്ലെങ്കില്‍ ചില നോവലുകള്‍ തിരഞ്ഞെടുത്ത് വായിക്കാറുണ്ട്. വായിച്ച് പാതിവഴിയില്‍ നിര്‍ത്തേണ്ടി വന്നതുമുണ്ട്. പക്ഷെ ചില നോവലുകള്‍ വായിച്ചു തുടങ്ങിയാല്‍ അതിലങ്ങ് മുഴുകി പോകും. അതുപോലൊരു അനുഭൂതിയായിരുന്ന നോവലിസ്റ്റ് കാക്കനാടന്റെ ഒറോത എന്ന നോവല്‍ വായിച്ചപ്പോഴും.

മൂടല്‍മഞ്ഞിന്റെ പുതപ്പിന്‍കീഴില്‍ മലകളുടെ അടിവാരത്തില്‍ പുഴയുടെ തീരങ്ങളില്‍ വന്യമൃഗങ്ങള്‍ ഇരതേടിയലഞ്ഞിരുന്ന ചെമ്പേരിയില്‍ പ്രകാശം പരന്നതിന്റെ കഥയാണ് ഒറോത എന്ന നോവലിലൂടെ വായിച്ചറിഞ്ഞത്. ചുറ്റിലും പച്ചപിടിച്ച വനങ്ങള്‍, മലകള്‍, അവയ്ക്കുമീതെ ആകാശം, കിളികളുടെ കുരവകളുടെ അകമ്പടികള്‍ ഇങ്ങനെ പ്രകൃതിഭംഗിയുടെ ഒരു ദൃശ്യവിരുന്നുതന്നെ ഈ കഥയില്‍ ആവിഷ്‌കരിക്കുന്നുണ്ട്. മീനച്ചിലാറിലും ചെമ്പേരി പുഴയുടെ തീരത്തും മലബാറിലെ ഗ്രാമപ്രദേശങ്ങളിലും താമസിച്ചിരുന്ന ഒരുപറ്റം സാധാരണക്കാരുടെ കഥയാണ് ഇതിന്റെ ഇതിവൃത്തം. ഒറോത എന്ന ധീരവനിതയുടെ കഥ.

river

ഒരു വെള്ളപ്പൊക്കത്തിലൂടെ മീനച്ചിലാറിലൂടെ ഒഴുകിവന്ന പെണ്ണാണ് ഒറോത. അവളിലൂടെയാണ് ഈ കഥ കടന്നുപോകുന്നത്. അതുകൊണ്ടുതന്നെ നോവലിന്റെ ആരംഭത്തില്‍ ഒറോതയുടെ രൂപം ഞാന്‍ വരച്ചെടുത്തു. ചെമ്പേരിപ്പുഴയുടെ തീരത്ത് ഇരിക്കുന്നവര്‍ക്ക് ആ പുഴ കാണുമ്പോള്‍ അവരുടെ മുന്നില്‍ ഒറോത തെളിഞ്ഞുവരും. ഒറോതയെ ഓര്‍ക്കുമ്പോള്‍ അവര്‍ കരുയുന്നു. ഒറോതയെ ഓര്‍ത്താല്‍ കരയാതിരിക്കാനാവില്ല, ഒറോതയെ ഓര്‍ക്കാതിരിക്കാനും ആവില്ല. ഇങ്ങനെയൊരു കഥാസന്ദര്‍ഭത്തില്‍ നിന്നാണ് ഒറോത എന്ന കഥ ആരംഭിക്കുന്നത്.

ഒറോതയിലൂടെയാണ് ചെമ്പേരിയുടെ ഉയര്‍ച്ചയുടെ കഥ ആരംഭിക്കുന്നത്. മലബാറിലെ മണ്ണിനെ കീഴ്‌പ്പെടുത്തിയ ധീരയായ വനിതയാണ് ഒറോത. അവള്‍ പരിശുദ്ധയല്ല, എന്നാല്‍ പാപിയുമല്ല. അവളെ നിയന്ത്രിക്കുന്നത് അതിജീവിക്കാനുള്ള നിസ്സര്‍ഗ്ഗപ്രേരണയാണ്. തൊണ്ണൂറ്റിയൊമ്പതിലെ വെള്ളപ്പൊക്കം തിരുവിതാംകൂറിന്റെ ചരിത്രത്തിലെ ഏറ്റവും ദാരുണമായ ദുരന്തങ്ങളിലൊന്നായിരുന്നു. അന്ന് മീനച്ചാറിലൂടെ ഒരുപാട് മലമ്പ്രദേശങ്ങളും ജീവനുകളും ഒഴുകിപ്പോയി. അന്ന് പാലയുടെ രക്ഷകനായി അവതരിച്ചത് വെട്ടുകാട്ടുപാപ്പനാണ്. സിനിമയില്‍ കാണുന്ന പോലെ വില്ലനായിട്ടായിരുന്നു വെട്ടുകാട്ടുപാപ്പനെ ആദ്യം മനസ്സില്‍ വിചാരിച്ചത്. എന്നാല്‍ വെട്ടുകാട്ടുപാപ്പന്‍ ആളൊരു നല്ലവനാണെന്ന് പിന്നീടാണ് മനസ്സിലായത്.

books2

അന്ന് മീനച്ചിലാറിലൂടെ ഒഴുകിവന്ന ഒറോത എന്ന കൊച്ചുകുട്ടിയെ പാപ്പനാണ് രക്ഷിക്കുന്നത്. അയാള്‍ ഒറോതയെ പൊന്നുപോലെ വളര്‍ത്തുന്നു. ഒരു ഇടവപ്പാതിക്കാലത്ത് വെട്ടുകാട്ടുപാപ്പന് കിട്ടിയ നിധിയാണ് ഒറോത എന്നും പറയാം. ഒറോതയുടെ വളര്‍ച്ച ആ നാടിന്റെ ഉയര്‍ച്ചയായിരുന്നു, കൂടാതെ ചെമ്പേരിയുടെയും. ഒറോതയുടം കുട്ടിക്കാലവും കൗമാരക്കാലവും യൗവനക്കാലവും അതിമനോഹരമായി കടന്നുപോകുന്നു. വെട്ടുകാട്ടുപാപ്പന്റെ മരണശേഷമാണ് ഒറോതയും കുടുംബവും തിരുവിതാംകൂറില്‍ നിന്നും മലബാര്‍പ്രദേശത്തേക്ക് പാലായനം ചെയ്യുന്നത്. അന്ന് ഒരുപാട് പേര്‍ മലബാര്‍ പ്രദേശത്തേക്ക് കുടിയേറ്റം നടത്തി.

അവിടം കൃഷിഭൂമിയാക്കി മാറ്റാനുള്ള കുറച്ചുപേരുടെ അധ്യാനമായിരുന്നു പിന്നീട് കണ്ടത്. പുഴവക്കത്തെ സമൃദ്ധിയുടെ പച്ചപ്പില്‍ മനുഷ്യാദ്ധ്യാനത്തിന്റെ ഒരു ചരിത്രം തന്നെ ഈ നോവലില്‍ ഒളിഞ്ഞിരിപ്പുണ്ട്. വെള്ളപ്പൊക്കത്തില്‍പ്പെട്ട അനാഥശിശുവായി തീര്‍ന്ന ഒറോത വെള്ളത്തിന്റെ ഉത്ഭവസ്ഥാനം തേടിയുള്ള അവസാന യാത്രയില്‍ അപ്രത്യക്ഷമാകുകയാണ്.

ഒറോത വനഭൂമിയെ വിളഭൂമിയാക്കിമാറ്റിയ തളരാത്ത അധ്യാനത്തിന്റെ പ്രതീകമാണ്. സാഹസികതയുടെ മൂര്‍ത്തിയായും അതിജീവനത്തിന്റെ പ്രേരണയായും ഒറോതഅവതരിക്കുന്നു. ചരിത്രത്തിന്റെ താളുകളില്‍ എവിടെയൊക്കെയോ ഒറോത തെളിഞ്ഞുനിന്നിരുന്നു. പുഴവക്കത്തെ ഓരോ പച്ചത്തലപ്പും ഓരോ പുല്‍ക്കൊടിത്തുമ്പും ഒറോതയുടെ ഓര്‍മ്മക്കുറിപ്പുകളാണെന്ന് തോന്നിപ്പോകും. പുഴയെ നോക്കുമ്പോള്‍ ഒറോത തെളിഞ്ഞുവന്നു. ഒറോത മനസ്സില്‍ വരുമ്പോള്‍ അറിയാതെ എന്റെയും കണ്ണുനിറഞ്ഞു...

English summary
Novel by Kakkanadan. Orotha won him many recognitions including the Kerala Sahithya Akademi Award. One of Kakkanadan's best.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X