• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മൂന്നാമത്തെ ലോക്ക് ഡൗൺ: യുകെ യിൽ നിന്നും ചില പാഠങ്ങൾ; മുഖ്യമന്ത്രി മുന്നിൽ വേണം- മുരളി തുമ്മാരുകുടി എഴുതുന്നു

കേരളത്തിൽ ആശങ്കയുടെ നാളുകളാണ്. കോവിഡ് നമുക്ക് ചുറ്റും വന്നുകഴിഞ്ഞു.
പത്തുലക്ഷത്തിലധികം മലയാളികൾക്ക് കോവിഡ് വന്നുഴിഞ്ഞു, ഏകദേശം മുപ്പതിൽ ഒരാൾക്ക്. അതായത് ഈ ലേഖനം വായിക്കുന്നവരിൽ ശരാശരി മുപ്പതിൽ ഒരാൾക്ക് കോവിഡ് വന്നു കാണണം. കൂടാതെ നമ്മൾ അറിയുന്ന അഞ്ചോ ആറോ ആളുകൾക്കും ഈ രോഗം വന്നു പോയിക്കാണും, ഇത് വരെ.
പ്രതി ദിനം പതിനായിരങ്ങൾക്കാണ് കേരളത്തിൽ കോവിഡ് ബാധിക്കുന്നത്. അതും ദിവസേന കൂടുകയാണ്.

മറ്റു പല സംസ്ഥാനങ്ങളിൽ നിന്നും വരുന്ന വാർത്തകൾ ഇതിലും ഗുരുതരമാണ്. ആശുപത്രി ബെഡുകൾ കിട്ടണമെങ്കിൽ വലിയ ശുപാർശകൾ വേണം എന്ന വാർത്ത പല സംസ്ഥാനങ്ങളിൽ നിന്നും വരുന്നു. ശ്മാശാനങ്ങളിൽ തിരക്കേറുന്നുവെന്ന വാർത്തകളും.

ഇന്നിപ്പോൾ നമ്മുടെ അടുത്ത സംസ്ഥാനമായ തമിഴ് നാട്ടിൽ നിന്നു (വൈദ്യശാസ്ത്രത്തിന് പേരുകേട്ട വെല്ലൂരിൽ നിന്നും) വരുന്ന വാർത്ത അവിടുത്തെ സർക്കാർ ആശുപത്രിയിൽ വേണ്ടത്ര ഓക്സിജൻ സംവിധാനങ്ങൾ ഇല്ലാത്തതിനാൽ ആളുകൾ മരിച്ചു എന്നാണ്.

വാർത്തകൾ സത്യമോ

വാർത്തകൾ സത്യമോ

എല്ലാ വാർത്തകളും സത്യമായിക്കൊള്ളണം എന്നില്ല. ഇത്തരം സാഹചര്യങ്ങളിൽ പേടിപ്പിക്കുന്ന വാർത്തകളും സന്ദേശങ്ങളും ഉണ്ടാക്കി വിടാൻ പലരും മത്സരിക്കുന്നുണ്ട്.

വാർത്ത സത്യമായാലും അർദ്ധസത്യമായാലും ഫലം ഒന്ന് തന്നെയാണ്. ആളുകൾ പേടിക്കും.

അതാണിപ്പോൾ കേരളത്തിലെ സ്ഥിതി. ആളുകൾ പൊതുവെ പേടിച്ചിരിക്കുകയാണ്. ബന്ധുക്കളോടും സുഹൃത്തുക്കളോടും, സുഹൃത്തുക്കളും ബന്ധുക്കളുമായ ആരോഗ്യപ്രവർത്തകരോടും സംസാരിക്കുന്പോൾ ആ ഭയവും ആശങ്കയും എനിക്ക് അനുഭവപ്പെടുന്നുണ്ട്, മനസ്സിലാകുന്നുണ്ട്.
കോവിഡിനെ പറ്റി നമ്മൾ ആശങ്കപ്പെട്ടു തുടങ്ങിയിട്ട് വർഷം ഒന്നായി. ഏറെ ആളുകൾ സാന്പത്തികമായി തളർന്നു. മാനസികമായ തളർച്ച എല്ലാവരിലും ഉണ്ട്.
ഈ കോവിഡ് ആശങ്ക എന്നെങ്കിലും മാറുമോ?, കോവിഡ് മഹാമാരി ഒഴിയുമോ? ഇതാണ് എല്ലാവർക്കും അറിയേണ്ടത്.

തീർച്ചയായും ഒഴിയും

തീർച്ചയായും ഒഴിയും


കോവിഡിന്റെ കാര്യത്തിൽ ഒരു ഗുണം ലോകമെന്പാടുമുള്ള ഒരു രോഗമാണ് ഇത് എന്നതാണ്. ലോകത്തെവിടെ നിന്നും അനവധി ഉദാഹരണങ്ങൾ നമുക്ക് കാണാനുണ്ട്. ചിലത് നല്ല അനുഭവങ്ങളും ചിലത് മോശമായ അനുഭവങ്ങളുമാണ്. രണ്ടിൽ നിന്നും നമുക്ക് പാഠങ്ങൾ പഠിക്കാനുണ്ട്. ഒരേ സ്ഥലത്തു നിന്ന് തന്നെ കാര്യങ്ങൾ നന്നായി കൈകാര്യം ചെയ്തതിന്റെയും മോശമായി കൈകാര്യം ചെയ്തതിന്റെയും അനുഭവ പാഠങ്ങൾ ഉണ്ടാകും.

ഓരോ ദേശം, ഓരോ ബുദ്ധിമുട്ട്

ഓരോ ദേശം, ഓരോ ബുദ്ധിമുട്ട്

കോവിഡ് കൈകാര്യം ചെയ്യുന്നതിന് ഓരോ പ്രദേശത്തിനും ചില സൗകര്യങ്ങളും ചില ബുദ്ധിമുട്ടുകളും ഉണ്ട്. ഉദാഹരണത്തിന് ഒരു ദ്വീപ് രാജ്യം കൊറോണയെ കൈകാര്യം ചെയ്യുന്നത് പോലെ മറ്റു രാജ്യങ്ങളാൽ ചുറ്റപ്പെട്ടു കിടക്കുന്ന രാജ്യത്തിന് കൈകാര്യം ചെയ്യാൻ പറ്റില്ല. ഉഷ്ണ രാജ്യങ്ങളെ പോലെ ശീത രാജ്യങ്ങൾക്കും സാധിക്കില്ല. സാന്പത്തികമായി മുന്നോക്കം നിൽക്കുന്ന രാജ്യങ്ങൾക്ക് സാന്പത്തികമായി പിന്നോട്ട് നിൽക്കുന്നവരേക്കാൾ സൗകര്യങ്ങളുണ്ട്. ജനാധിപത്യ രാജ്യങ്ങൾക്കും മറ്റു ഭരണസംവിധാനങ്ങൾ ഉള്ള രാജ്യങ്ങൾക്കും വ്യത്യാസമുണ്ട്. മാസ്ക് തൊട്ട് വാക്സിൻ വരെ സ്വയം നിർമ്മിക്കാൻ കഴിവുള്ള രാജ്യങ്ങൾക്ക് അങ്ങനെ അല്ലാത്ത രാജ്യങ്ങളെ അപേക്ഷിച്ച് ചില സൗകര്യങ്ങളുണ്ട്. ഇതുകൊണ്ടൊക്കെ ഒരു രാജ്യത്തെ മറ്റൊരു രാജ്യത്തോട് താരതമ്യപ്പെടുത്തുന്നതിൽ കാര്യമില്ല.
ഈ പറഞ്ഞതിനൊക്കെ അപ്പുറം പ്രധാനമായ മറ്റൊന്നുണ്ട്. ശരിയായ റിസ്ക് മാനേജ്‌മെന്റ് അടിസ്ഥാനമായുള്ള തീരുമാനങ്ങൾ വേണ്ട സമയത്ത് എടുക്കുന്ന നേതൃത്വം.

വെല്ലുവിളിയുടെ കാലം

വെല്ലുവിളിയുടെ കാലം

കോവിഡ് കാലം വെല്ലുവിളികളുടെ കാലമാണ്. രോഗത്തെ നിയന്ത്രിക്കാൻ എടുക്കേണ്ടി വരുന്ന പല തീരുമാനങ്ങളും ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. അത് സ്ഥാപനങ്ങൾ തുറക്കാൻ പറ്റില്ല എന്നതാണെങ്കിലും പരീക്ഷ നടത്താതിരിക്കുന്നതാണെങ്കിലും. ശരിയാണെന്ന് ഉറപ്പുള്ള തീരുമാനങ്ങൾ പലപ്പോഴും ജനപ്രിയമാകണമെന്നില്ല. ജനങ്ങളെ കൈകാര്യം ചെയ്യേണ്ടത് രാഷ്ട്രീയ നേതൃത്വം ആയതിനാൽ പലപ്പോഴും ശാസ്ത്രജ്ഞന്മാർ പറയുന്നതിന് വിരുദ്ധമായി അവർ തീരുമാനങ്ങൾ എടുത്തേക്കാം. കുറച്ചൊക്കെ റിസ്ക് മാനേജ്‌മെന്റും കുറച്ചൊക്കെ വോട്ട് മാനേജ്‌മെന്റും ആണ്. എന്താണെങ്കിലും പൊതുവേ ശാസ്ത്രജ്ഞന്മാരെ ഉൾക്കൊള്ളിച്ചു കൊണ്ട് ശാസ്ത്രത്തിൽ അടിസ്ഥാനപ്പെടുത്തിയുള്ള തീരുമാനങ്ങൾ എടുക്കുന്നവരാണ് മൊത്തത്തിൽ ഈ കോവിഡ് യുദ്ധത്തിൽ മുന്നിട്ട് നിൽക്കുന്നത്.

യുകെയിൽ നിന്നുള്ള ഉദാഹരണങ്ങൾ

യുകെയിൽ നിന്നുള്ള ഉദാഹരണങ്ങൾ

ഇപ്പോഴത്തെ സാഹചര്യത്തിൽ നല്ലൊരു ഉദാഹരണം യുകെ യിൽ നിന്നുള്ള അനുഭവങ്ങളാണ്.

2020 ജനുവരി 31നാണ് യുകെ യിൽ ആദ്യത്തെ കോവിഡ് കേസ് റിപ്പോർട്ട് ചെയ്യുന്നത്. (കേരളത്തിൽ ഒന്നാമത്തെ കേസ് വരുന്നത് 2020 ജനുവരി 30 നാണ്).
ആദ്യത്തെ കുറച്ചു നാളുകൾ, മറ്റു യൂറോപ്യൻ രാജ്യങ്ങൾ ലോക്ക് ഡൌൺ പ്രഖ്യാപിച്ചപ്പോൾ യുകെ മടിച്ചു നിന്നു. മാർച്ച് 23 ന് പ്രതിദിന മരണ സംഖ്യ 50 കടന്നപ്പോളാണ് ബ്രിട്ടനിൽ ആദ്യത്തെ ലോക്ക് ഡൌൺ പ്രഖ്യാപിച്ചത്. പത്തു ദിവസത്തിനകം പ്രതിദിന മരണ സംഖ്യ അഞ്ഞൂറ് കടന്നു. ലോക്ക് ഡൌൺ പ്രഖ്യാപിക്കുന്ന കാര്യത്തിൽ തെറ്റ് പറ്റി എന്ന് അദ്ദേഹം ഇപ്പോൾ സമ്മതിച്ചിട്ടുണ്ട്. ലോക്ക് ഡൌൺ പ്രഖ്യാപിക്കാൻ വൈകിയത് ഒഴിവാക്കാമായിരുന്ന മരണങ്ങളിൽ കലാശിച്ചു എന്ന് ഇപ്പോൾ ഗവേഷകർ പറയുന്നുണ്ട്.

ലോക്ക് ഡൌണിന്റെ ഗുണം

ലോക്ക് ഡൌണിന്റെ ഗുണം

2020 ഏപ്രിൽ മാസം പകുതി ആകുന്പോഴേക്കും യുകെ യിൽ പ്രതിദിന കേസുകൾ 5000 കടന്നു, പ്രതിദിന മരണങ്ങൾ ആയിരവും !! പക്ഷെ ലോക്ക് ഡൌൺ ഫലം കണ്ടു, ജൂൺ മാസം ആയപ്പോഴേക്കും പ്രതിദിന കേസുകൾ ആയിരത്തിന് താഴെ എത്തി, മരണങ്ങൾ നൂറിന് താഴെയും.
ലോക്ക് ഡൌൺ നിയന്ത്രണങ്ങൾ പതുക്കെപ്പതുക്കെ കുറഞ്ഞു വന്നു. എന്നാൽ ഒക്ടോബറിൽ കേസുകളുടെ എണ്ണം വീണ്ടും കൂടി. എണ്ണം പ്രതിദിനം 24000 ന് മുകളിൽ പോയി, മരണങ്ങളുടെ എണ്ണവും കൂടി, പക്ഷെ മരണ നിരക്ക് കുറഞ്ഞു. കേസുകൾ 20000 ന് മുകളിൽ എത്തിയിട്ടും മരണങ്ങൾ ആയിരത്തിന് മുകളിൽ പോയില്ല.

എന്നിട്ടും ഒക്ടോബർ നവംബർ മാസങ്ങളിൽ യുകെ യിൽ വീണ്ടും നിയന്ത്രണങ്ങളും പടിപടിയായിട്ടുള്ള ലോക്ക് ഡൗണുകളും എത്തി. നവംബർ അവസാനം കേസുകളുടെ എണ്ണം വീണ്ടും കുറഞ്ഞതോടെ നിയന്ത്രണങ്ങളില്ലാതെ ക്രിസ്തുമസ് ആഘോഷിക്കാമെന്ന് ആളുകൾ ചിന്തിച്ചു തുടങ്ങി. ചെറുതായി നിയന്ത്രണങ്ങൾ കുറച്ചു തുടങ്ങി.

വാക്സിൻ വന്നപ്പോൾ

വാക്സിൻ വന്നപ്പോൾ

ഇതേ സമയത്താണ് വാക്സിനും വരുന്നത്. പ്രായമായവർക്കും മറ്റു റിസ്ക് ഫാക്ടർ ഉള്ളവർക്കും വാക്‌സിൻ കിട്ടിയപ്പോൾ ആളുകളുടെ ആത്മവിശ്വാസം വീണ്ടും കൂടി.

പക്ഷെ കാര്യങ്ങൾ പ്രതീക്ഷിച്ചതു പോലെയല്ല പോയത്. ഡിസംബർ പകുതി മുതൽ കേസുകളുടെ എണ്ണം വീണ്ടും കുതിച്ചുയർന്നു. വൈറസിന്റെ പുതിയൊരു വിഭാഗം എത്തി. അത് അതിവേഗത്തിൽ പടർന്നു പിടിച്ചു, പ്രതിദിന കേസുകൾ 60,000 വരെ ആയി. മരണം വീണ്ടും പ്രതിദിനം ആയിരം കടന്നു.
വർഷാവസാനം യുകെ യിൽ മറ്റു ചില അശുഭ വാർത്തകളുടെ മാസവുമായിരുന്നു. 2020 ൽ യു. കെ.യുടെ സന്പദ്‌വ്യവസ്ഥ മുൻ വർഷത്തെ അപേക്ഷിച്ച് പത്തു ശതമാനത്തോളം താഴേക്ക് പോയി, ആളുകൾ പണം ചിലവാക്കുന്നത് കുറഞ്ഞു, തൊഴിലില്ലായ്മ കൂടി.

എന്നിട്ടും ലോക്ക് ഡൌൺ

എന്നിട്ടും ലോക്ക് ഡൌൺ

എന്നിട്ടും സർക്കാർ മൂന്നാമത്തെ ലോക്ക് ഡൌൺ പ്രഖ്യാപിച്ചു. കർശനമായി തന്നെ നടപ്പിലാക്കി. വാക്‌സിനേഷന്റെ എണ്ണം അതി വേഗതയിൽ കൂട്ടിക്കൊണ്ടു വന്നു.
ഇപ്പോൾ പ്രതിദിന കേസുകൾ രണ്ടായിരത്തിലേക്ക് താണു. മരണങ്ങൾ അന്പതിനു താഴെയായി. വാക്സിനേഷൻ മുപ്പത് ശതമാനത്തിന്റെ മുകളിൽ എത്തി. ലോക്ക് ഡൌൺ നിബന്ധനകൾ ഒന്നൊന്നായി കുറച്ചുകൊണ്ട് വരുന്നു.
ഇന്നിപ്പോൾ യുകെ പ്രത്യാശയുടെ ചിത്രമാണ്.

അതേ സ്ഥാനത്ത്

അതേ സ്ഥാനത്ത്

യുകെ രണ്ടായിരത്തി ഇരുപത് നവംബറിൽ എവിടെയായിരുന്നോ ഏതാണ്ട് അവിടെയാണ് നമ്മൾ ഇപ്പോൾ. അവർ ഇപ്പോൾ എവിടെയാണോ ഏറ്റവും വേഗത്തിൽ അവിടെ എത്താനാണ് നാം ശ്രമിക്കേണ്ടത്.
ഇതിനെന്താണ് നാം ചെയ്യേണ്ടത്?
ഒന്നാമത്തേത് വാക്‌സിനേഷൻ തന്നെയാണ്.

വാക്സിൻ- കേരളത്തിലും യുകെയിലും

വാക്സിൻ- കേരളത്തിലും യുകെയിലും

680 ലക്ഷമാണ് യുകെ യിലെ ജനസംഖ്യ, അതിൽ 320 ലക്ഷത്തിനും ഒരു റൌണ്ട് എങ്കിലും വാക്സിൻ എടുത്തു കഴിഞ്ഞു. അതായത് 47%. അൻപത് കഴിഞ്ഞ ആളുകളുടെ കാര്യമെടുത്താൽ ഇത് ഇപ്പോൾ തന്നെ തൊണ്ണൂറു ശതമാനമാണ്. കൊറോണക്കാലത്ത് മരണനിരക്ക് ഏറ്റവും കൂടുതൽ അന്പതിനു മുകളിൽ ഉള്ളവരായതിനാൽ അവരിൽ ഭൂരിഭാഗവും വാക്‌സിൻ എടുത്തു കഴിഞ്ഞാൽ മരണ നിരക്കിൽ ഗണ്യമായ കുറവുണ്ടാകും. കൊറോണയുടെ യു. കെ.യിൽ ഉണ്ടായ ഏറ്റവും കൂടിയ മരണ നിരക്കിനേക്കാൾ 98 ശതമാനം കുറവാണ് ഇപ്പോൾ മരണ നിരക്ക്.

340 ലക്ഷം ജനസംഖ്യയുള്ള കേരളത്തിൽ ഇതുവരെ അന്പത് ലക്ഷത്തോളം പേർക്കാണ് വാക്സിൻ എടുത്തത് എന്നാണ് വായിച്ചത്. അതായത് 14%. നാല്പത്തഞ്ചിന് മുകളിൽ പ്രായമുള്ളവരുടെ മാത്രം കണക്കെടുത്താൽ ഇതിലും മെച്ചമായിരിക്കണം. ആ കണക്ക് എനിക്ക് ലഭ്യമല്ല. എന്താണെങ്കിലും വാക്‌സിനേഷൻ ഇനിയും കൂടാനുണ്ട്.

സജ്ജീകരണങ്ങൾ മതിയാകുമോ

സജ്ജീകരണങ്ങൾ മതിയാകുമോ

ഇത് പക്ഷെ കേരളത്തിന്റെ മാത്രം നിയന്ത്രണത്തിലുളള കാര്യമല്ല.എത്ര വേഗത്തിൽ വാക്സിനുകൾ ലഭ്യമാവുന്നു എന്നത് നമ്മുടെ സർക്കാരിന്റെ മാത്രം നിയന്ത്രണത്തിലുള്ളതല്ല. പത്തു ദിവസത്തിനകം വാക്സിനുകളുടെ കാര്യത്തിൽ കൃത്യതയും വേഗതയും വരുമെന്ന് പ്രതീക്ഷിക്കാം. വാക്‌സിനേഷൻ അൻപത് ശതമാനത്തിന് മുകളിൽ എത്താൻ കുറച്ചു കൂടി സമയം എടുക്കും. ആഴ്ചകൾ എന്തായാലും വേണ്ടിവരും. ചിലപ്പോൾ ഒരു മാസത്തിൽ കൂടുതലും.
രണ്ടാമത്തേത് അതിവേഗതയിൽ വളരുന്ന കേസുകൾ നേരിടാൻ ആശുപത്രി സംവിധാനങ്ങൾ സജ്ജമാക്കുക എന്നതാണ്. പ്രതിദിനം പതിനായിരം കേസുകൾ വരെ വന്ന ഒന്നാം ഘട്ടം നാം നന്നായി കൈകാര്യം ചെയ്തതാണ്. ഇന്നിപ്പോൾ കേസുകൾ 19000 ആയി. മറ്റു രാജ്യങ്ങളുടെ അനുഭവം വച്ച് നോക്കിയാൽ ഒന്നാമത്തെ തരംഗത്തിന്റെ പല മടങ്ങാണ് രണ്ടാമത്തെ തരംഗത്തിൽ കേസുകളുടെ എണ്ണം. അപ്പോൾ ഒറ്റ ആഴ്ച കൊണ്ട് കേസുകൾ ഇരുപത്തിനായിരത്തിൽ നിന്നും മുപ്പത്തിനായിരവും അതിനപ്പുറവും പോകാം. അങ്ങനെ വന്നാൽ ഒന്നാം തരംഗത്തിലെ സജ്ജീകരണങ്ങൾ മതിയാവില്ല.

തയ്യാറെടുപ്പുകൾ വേണം

തയ്യാറെടുപ്പുകൾ വേണം

കേസുകളുടെ എണ്ണം കൂടുന്പോൾ സ്വാഭാവികമായും അതിൽ കുറച്ചു ശതമാനത്തെ ആശുപത്രിയിൽ ചികിൽസിക്കേണ്ടി വരും. അവരിൽ വളരെ ചെറിയ ശതമാനത്തിന് ഓക്സിജനും, ഐസിയുവും വേണ്ടി വരും. കേസുകൾ ഒരാഴ്ചകൊണ്ട് ഇപ്പോഴത്തേതിന്റെ ഇരട്ടിയാകും എന്ന മട്ടിൽ ഇപ്പോഴേ തയ്യാറെടുപ്പുകൾ നടത്തുക. ഭാവിയിൽ അതിലും ഇരട്ടിയായാൽ എങ്ങനെ കൈകാര്യം ചെയ്യുമെന്ന സെനാറിയോ പ്ലാനിങ്ങ് നടത്തുക.

എന്തൊക്കെ ചെയ്യാം

എന്തൊക്കെ ചെയ്യാം

ഇന്ത്യയിൽ തന്നെ ആളോഹരി ആശുപത്രി കിടക്കകൾ ഏറ്റവും കൂടുതലുള്ള സ്ഥലമാണ് കേരളം. നമ്മുടെ അനവധി സ്വകാര്യ ആശുപത്രികളിലും സർക്കാർ ആശുപത്രികളായ പല താലൂക്ക് തലത്തിലുള്ള ആശുപത്രികളിലും ഇപ്പോഴും കോവിഡ് വാർഡുകൾ ഇല്ല. ഇത് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാവുന്നതും ഉണ്ടാക്കിയെടുക്കേണ്ടതും ആണ്. ആവശ്യം വരുന്പോൾ ആളുകളെ കിടത്താൻ ആശുപത്രി സൗകര്യങ്ങൾ ഇല്ല എന്നൊരു സാഹചര്യം ഉണ്ടായാൽ, അല്ലെങ്കിൽ ഇപ്പോൾ മറ്റിടങ്ങളിൽ സംഭവിക്കുന്നത് പോലെ ആശുപത്രിയിൽ ബെഡ് കിട്ടാൻ ശുപാർശ വേണ്ടിവരുന്ന സാഹചര്യമുണ്ടായാൽ കൂടുതൽ ആളുകൾ ഭയചകിതരാകും. അതോടെ ആശുപത്രിയിൽ എത്താൻ ശ്രമിക്കുന്നവരുടെ എണ്ണം കൂടും. ആവശ്യമുണ്ടാകുന്നതിന് മുൻപേ ആളുകൾ ആശുപത്രിയിൽ എത്തി സ്ഥാനം പിടിക്കാൻ നോക്കും. എല്ലാ സർക്കാർ - സ്വകാര്യ ആശുപത്രികളിലും ഓരോ കോവിഡ് വാർഡ് ഉടൻ ഉണ്ടാക്കിയെടുക്കണം. ഒട്ടും അമാന്തം വേണ്ട.
ആശുപത്രിയിൽ കേസുകൾ എത്തുന്നത് കുറക്കുക എന്നതാണ് ഏറ്റവും നല്ല പ്രതിരോധ മാർഗ്ഗം. കഴിഞ്ഞ തവണ ഉണ്ടാക്കിയ പല എഫ്. എൽ. ടി. സി. കളും അടച്ചു പൂട്ടി. അതുണ്ടാക്കിയ സാന്പത്തിക ബാധ്യത കാരണം പുതിയവ തുറക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മടിക്കുന്നു എന്നും കേൾക്കുന്നു. ഒരു പരിധി വരെ ഈ വരുന്ന തരംഗത്തിന്റെ ഗൗരവം പുതിയ ജനപ്രതിനിധികൾക്ക് വേണ്ടത്ര മനസ്സിലായിട്ടുണ്ടാവില്ല. അതുകൊണ്ട് തന്നെ ആശുപത്രിക്ക് പുറത്ത് രോഗികളെ കൈകാര്യം ചെയ്യാനുള്ള സംവിധാനങ്ങൾ എങ്ങനെ ഒരുക്കണമെന്നും അതിന് പണം എവിടെ നിന്ന് എടുക്കാമെന്നും കൃത്യമായ നിർദ്ദേശം ഏറ്റവും വേഗത്തിൽ താഴെത്തട്ടിൽ എത്തിക്കണം.

അതിഥി തൊഴിലാളികൾ

അതിഥി തൊഴിലാളികൾ

മറുനാട്ടുകാരായ തൊഴിലാളികളുടെ കാര്യം ഇത്തവണ കൂടുതൽ ശ്രദ്ധിക്കണം. കുടുംബങ്ങൾ ആയി താമസിക്കുന്ന മലയാളികളേക്കാൾ കൂട്ടമായിട്ടാണ് ഇവർ ജീവിക്കുന്നത്. ജോലിക്ക് വേണ്ടി രാവിലെ തന്നെ നഗരങ്ങളിലെ കവലകളിൽ അവർ കൂട്ടം കൂടി നിൽക്കുന്നതിലൂടെ വിവിധ ക്യാന്പുകളിലുള്ളവർ തമ്മിൽ ഇടകലരാനുള്ള അവസരം ഉണ്ടാകുന്നു. ഇക്കാര്യത്തിൽ കർശനമായ ബോധവൽക്കരണവും നിയന്ത്രണവും ഉണ്ടായില്ലെങ്കിൽ അതിവേഗം മറ്റു നാടുകളിൽ നിന്നുള്ള തൊഴിലാളികളിൽ രോഗം പടരും. ഇപ്പോൾ തന്നെ ഇവർ കൂട്ടമായി താമസിക്കുന്നിടത്ത് പരിശോധന, എഫ്.എൽടിസികൾ, ബോധവൽക്കരണം ഇതൊക്കെ തുടങ്ങണം.

ആവശ്യമെങ്കിൽ ലോക്ക് ഡൌൺ തന്നെ

ആവശ്യമെങ്കിൽ ലോക്ക് ഡൌൺ തന്നെ

"ലോക്ക് ഡൌൺ" വേണ്ട എന്നതാണ് ഇപ്പോഴും നാട്ടിലെ പൊതു ബോധം. സാന്പത്തിക മേഖലയെ തകർക്കും, തൊഴിൽ ഇല്ലാതാക്കും എന്നുള്ള അനവധി കാരണങ്ങളുണ്ട്. തിരഞ്ഞെടുപ്പ് കാലത്ത് നിയന്ത്രണങ്ങൾ ഇല്ലാതിരുന്നത് കൊണ്ട് ഇപ്പോൾ ലോക്ക് ഡൌൺ പോലെ ശക്തമായ നടപടികളുമായി മുന്നോട്ട് പോകാൻ സർക്കാരിനും മടിയുള്ളതു പോലെ തോന്നുന്നു.

ലോക്ക് ഡൌൺ എന്നത് കാറിന്റെ ബ്രേക്ക് പോലുള്ള ഒരു സംവിധാനം ആയിട്ടാണ് കാണേണ്ടത്. ഒരു വാഹനം അതിവേഗതയിൽ താഴേക്ക് പോകുന്പോൾ മറ്റുള്ള പ്രതിബന്ധങ്ങൾ ഒഴിവാക്കാം, നന്നായി സ്റ്റീയർ ചെയ്യാം, പക്ഷെ ഞാൻ ബ്രേക്ക് ഒരിക്കലും ഉപയോഗിക്കില്ല എന്നൊരു മുൻധാരണ വക്കുന്നത് ശരിയായ കാര്യമല്ല. കേസുകളുടെ മുന്നോട്ടുള്ള കുതിപ്പ് തടയുക എന്നതാണ് ലക്ഷ്യം. എന്നാൽ മാത്രമേ ആശുപതി സംവിധാനങ്ങളുടെ പരിധിക്കുള്ളിൽ അത്യാവശ്യ പരിചരണം വേണ്ട രോഗികളുടെ എണ്ണം നിയന്ത്രിക്കാൻ പറ്റൂ. എന്നാൽ മാത്രമേ വാക്സിനേഷന്റെ എണ്ണം കൂട്ടിക്കൊണ്ടു വരാനാകൂ. അപ്പോൾ അതിന് ഉപയോഗിക്കേണ്ടത് ലോക്ക് ഡൌൺ എന്ന ബ്രേക്ക് ആണെങ്കിൽ അത് ഉപയോഗിക്കണം, അതിനാണ് ബ്രേക്ക് ഉണ്ടാക്കിയിരിക്കുന്നത്. നമുക്ക് ഇപ്പോൾ അത് ഉപയോഗിച്ച് പരിചയം ഉണ്ട്. ലോക്ക് ഡൌൺ വന്നാൽ ഭക്ഷണത്തിന് ക്ഷാമം ഉണ്ടാകുമെന്നും ആളുകൾ പട്ടിണി കിടക്കുമെന്നും ഒക്കെയുള്ള പ്രവചനങ്ങൾ കാര്യങ്ങൾ കരുതലോടെ നടപ്പിലാക്കിയത് കൊണ്ട് നമ്മൾ കൈകാര്യം ചെയ്തതാണ്. അപ്പോൾ പിന്നെ ലോക്ക് ഡൌൺ എന്നത് നമ്മളെ പേടിപ്പിക്കേണ്ട ഒന്നല്ല.

സ്മാർട്ട് ലോക്ക് ഡൌൺ സ്ട്രാറ്റജി

സ്മാർട്ട് ലോക്ക് ഡൌൺ സ്ട്രാറ്റജി

പക്ഷെ ലോക്ക് ഡൌൺ പ്രയോഗിച്ച് പരിചയം ഉള്ളതിനാൽ തന്നെ കഴിഞ്ഞ തവണത്തെ പോലത്തെ "മൊത്തം പൂട്ടിയിടുന്ന" പരിപാടിയുടെ ആവശ്യമില്ല. കൃത്യമായ ലക്ഷ്യങ്ങൾ വച്ച് ഒരു "സ്മാർട്ട് ലോക്ക് ഡൌൺ" സ്ട്രാറ്റജി ആണ് നമുക്ക് വേണ്ടത്. അത് ചില പ്രദേശങ്ങൾ, ജില്ലാ തലം വരെ, ലോക്ക് ഡൌൺ ചെയ്യുന്നതാകാം, ചില സെക്ടറുകൾ, ഉദാഹരണത്തിന് ഭക്ഷണശാലകളിലെ ഇരുന്നുള്ള ഭക്ഷണം, ടെകസ്റ്റയിൽ ഷോപ്പുകൾ, മാളുകൾ, സിനിമ തീയേറ്ററുകൾ എന്നിവ ലോക്ക് ഡൌൺ ചെയ്യുന്നതാകാം. ചില സമയങ്ങളിൽ നിയന്ത്രണം വരുത്തുന്നതാകാം.

ഇനി വരുന്ന ലോക്ക് ഡൗണിന്റെ കാര്യത്തിൽ രണ്ടു കാര്യങ്ങൾ പ്രധാനമാണ്.
ഒന്ന്, കൃത്യമായി ലക്ഷ്യങ്ങളുള്ള ഒരു സ്മാർട്ട് ലോക്ക് ഡൌൺ പദ്ധതി ജനങ്ങളുടെ മുന്നിൽ വക്കണം. എന്ത് ചെയ്യണം എന്നത് മാത്രമല്ല എന്തുകൊണ്ട് ചെയ്യണം എന്ന് കൂടി ആളുകളോട് പറയണം. ആളുകളുടെ അറിവോടുള്ള സഹകരണം അത്യാവശ്യമാണ്. കല്യാണത്തിന് നൂറ് ആളുടെ നിബന്ധന വച്ചാൽ ഒരു ഹോട്ടലിൽ മൂന്ന് ഹാൾ എടുത്ത് മുന്നൂറ് ആളെ കൂട്ടുന്നതും രാവിലെയും ഉച്ചക്കും വൈകിട്ടും നൂറു പേരെ വിളിക്കുന്നതും, എന്താണ് സർക്കാർ ചെയ്യാൻ ശ്രമിക്കുന്നതെന്ന് ആളുകൾക്ക് അറിയാത്തത് കൊണ്ട് സംഭവിക്കുന്നതാണ്.

രണ്ട്, ഓരോ ലക്ഷ്യങ്ങൾ നേടിക്കഴിയുന്പോൾ ആ സെക്ടർ ലോക്ക് ഡൌൺ പിൻവലിക്കും എന്ന് മുൻകൂട്ടി പറയുക. ഓപ്പൺ എൻഡഡ് ആയി വരുന്ന ലോക്ക് ഡൌൺ ആണ് ആളുകളെ പേടിപ്പിക്കുന്നതും മറികടക്കാൻ പ്രേരിപ്പിക്കുന്നതും.
ഇപ്പോഴത്തെ സാഹചര്യത്തിൽ ഒരു സ്മാർട്ട് ലോക്ക് ഡൌൺ സ്‌ട്രാറ്റജി തന്നെ വേണം എന്നാണ് എൻറെ അഭിപ്രായം. ദുരന്തങ്ങൾ കൈകാര്യം ചെയ്യുന്പോൾ "err on the side of caution" എന്നതാണ് ഞങ്ങളുടെ സിദ്ധാന്തം. അതായത് ഈ ലോക്ക് ഡൌൺ അല്പം മുൻപേ പ്രഖ്യാപിച്ചത് കൊണ്ട് കുറച്ചു നഷ്ടം ഉണ്ടായാൽ പോലും പ്രഖ്യാപിച്ചില്ലെങ്കിൽ ഉണ്ടാകാവുന്ന നഷ്ടവുമായി താരതമ്യം ചെയ്യുന്പോൾ അത് മുൻപേ ചെയ്യുക. വേണമെങ്കിൽ കുറച്ചു മുൻപേ പിൻവലിക്കുകയും ചെയ്യാമല്ലോ.
ഒരു കാര്യം കൂടി പറയാനുണ്ട്.

മുഖ്യമന്ത്രി മുന്നിൽ വേണം

മുഖ്യമന്ത്രി മുന്നിൽ വേണം

2018 ലെ പ്രളയം തൊട്ട് കേരളത്തിലെ ജനങ്ങൾക്കും ഉദ്യോഗസ്ഥർക്കും കേരളത്തിന് പുറത്തുള്ള മലയാളികൾക്കുമെല്ലാം കേരളത്തിലെ കാര്യങ്ങൾ നിയന്ത്രണത്തിലാണ് എന്ന് ഉറപ്പ് നൽകിയത് ശരിയായ നടപടികളും കണക്കുകളും മാത്രമല്ല, മുഖ്യമന്ത്രിയുടെ വൈകുന്നേരങ്ങളിലെ പത്ര സമ്മേളനങ്ങളും കൂടിയാണ്.
മുഖ്യമന്ത്രി കൊറോണ കഴിഞ്ഞു റെസ്റ്റ് എടുക്കുകയാണ് എന്നറിയാം. എന്നാലും ഏറ്റവും വേഗത്തിൽ ആരോഗ്യവാനായി തിരിച്ചുവന്ന് അദ്ദേഹം വൈകുന്നേരത്തെ പത്ര സമ്മേളനങ്ങൾ നടത്തുമെന്നും ജനങ്ങളുടേയും ആരോഗ്യപ്രവർത്തകരുടെയും പ്രവാസികളുടെയും ആത്മധൈര്യം വർധിപ്പിക്കുകയും ചെയ്യുമെന്ന് ആഗ്രഹിക്കുന്നു.

cmsvideo
  Reports says covid cases will increase upto 50,000 in a day in Kerala

  English summary
  Third lockdown: Some lessons from UK- Muralee Thummarukudy writes
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X