• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

നിപ്പയും പ്രളയവും വിഴുങ്ങിയ നാളുകൾ, കത്തുന്ന ശബരിമല.. 2018ൽ കേരളം ചർച്ച ചെയ്ത പത്ത് ചൂടുളള വാർത്തകൾ

cmsvideo
  2018ൽ കേരളം ചർച്ച ചെയ്ത പത്ത് സുപ്രധാന സംഭവങ്ങൾ | Oneindia Malayalam

  2018ലെ കലണ്ടറിൽ കേരളത്തെ അടയാളപ്പെടുത്തി വെയ്ക്കാനാവുക പ്രധാനമായും രണ്ട് സംഭവങ്ങളുടെ പേരിലാണ്. കേരളത്തെ ഭൌതികമായി വിഴുങ്ങിയ മഹാപ്രളയവും സാംസ്ക്കാരികമായി വിഴുങ്ങിയ ശബരിമല പ്രക്ഷോഭവും. പ്രളയത്തിന് കേരളത്തെ തകർക്കാനായിരുന്നില്ല. മറിച്ച് കേരളത്തെ ഒന്നിപ്പിക്കുകയായിരുന്നു മഴവെള്ളം. എന്നാൽ പ്രളയത്തിൽ നിന്നും കരകയറി ദിവസങ്ങൾക്കുളളിൽ ശബരിമല വിഷയത്തിൽ മലയാളി തമ്മിൽ തല്ലിത്തുടങ്ങി.

  2018 വിടപറയുമ്പോൾ ശബരിമലയും പ്രളയ ശേഷമുളള കേരളത്തിന്റെ പുനർ നിർമ്മാണവും എങ്ങുമെത്താതെ നിൽക്കുന്നു. ഇവ മാത്രമല്ല, 2018ൽ അടയാളപ്പെടുത്തി വെയ്ക്കേണ്ട മറ്റ് ചില സുപ്രധാന സംഭവ വികാസങ്ങൾ കൂടിയുണ്ട്. കേരളം ഏറ്റവും അധികം ചർച്ച ചെയ്ത ആ പത്ത് സംഭവങ്ങൾ അറിയാം:

  കേരളത്തെ വിഴുങ്ങിയ മഹാപ്രളയം

  കേരളത്തെ വിഴുങ്ങിയ മഹാപ്രളയം

  1924ലെ വെള്ളപ്പൊക്കത്തിന് ശേഷം കേരളം കണ്ട മഹാപ്രളയത്തിനാണ് 2018 ജൂലൈ-ഓഗസ്റ്റ് മാസം സാക്ഷിയായത്. സാമ്പത്തിക നഷ്ടം കണക്കിലെടുത്താല്‍ ആഗോളദുരന്തങ്ങളില്‍ നാലാമതാണ് കേരളത്തിലെ പ്രളയമെന്ന് ലോക കാലാവസ്ഥാ സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരം 483 പേര്‍ക്ക് പ്രളയത്തില്‍ ജീവന്‍ നഷ്ടപ്പെട്ടു. സംസ്ഥാനത്തുണ്ടായത് 31,000 കോടി രൂപയുടെ നാശനഷ്ടം. ശക്തമായ മഴയും 35 ഡാമുകള്‍ തുറന്നത് പ്രളയദുരിതം ആഴത്തിലാക്കി. കൈ മെയ് മറന്ന് രക്ഷാപ്രവര്‍ത്തനവും ദുരിതാശ്വാസ പ്രവര്‍ത്തനവും നടത്തി മലയാളികള്‍ ലോകത്തിന് മാതൃക കാട്ടിയത് ഈ പ്രളയ കാലത്താണ്. പുനര്‍നിര്‍മ്മാണത്തിലേക്കുളള ആദ്യ ചുവടുകള്‍ വെച്ച് തുടങ്ങുകയാണ് കേരളം.

  സംഘർഷ ഭൂമിയായി ശബരിമല

  സംഘർഷ ഭൂമിയായി ശബരിമല

  പ്രളയത്തിന്റെ കെടുതികളില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റ് വരുന്നതിനിടെയാണ് ശബരിമല പ്രക്ഷോഭം സംസ്ഥാനത്തിന്റെ കഴുത്ത് ഞെരിച്ചത്. സെപ്റ്റംബര്‍ 28ന് ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനമാകാം എന്ന ചരിത്രപരമായ വിധി പുറപ്പെടുവിച്ചതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. ആചാരം ലംഘിക്കാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് പതിനായിരങ്ങള്‍ തെരുവിലിറങ്ങി നാമജപ പ്രതിഷേധം നടത്തി. സമരം സംഘപരിവാര്‍ ഏറ്റെടുത്തതോടെ സന്നിധാനം സമരവേദിയായി. കടുത്ത പോലീസ് നിയന്ത്രണം ഏര്‍പ്പെടുത്തിയും നിരോധനാജ്ഞ നടപ്പിലാക്കിയും പ്രതിഷേധങ്ങളെ സര്‍ക്കാര്‍ ചെറുത്തു.

  ബിഷപ്പിന്റെ പീഡനവും കന്യാസ്ത്രീ സമരവും

  ബിഷപ്പിന്റെ പീഡനവും കന്യാസ്ത്രീ സമരവും

  ക്രിസ്തുമത വിശ്വാസികളെ ഒന്നാകെ നാണക്കേടിലാക്കിയ കന്യാസ്ത്രീ പീഡനത്തിനും തുടര്‍ന്നുളള കോളിളക്കങ്ങള്‍ക്കും 2018 സാക്ഷിയായി. കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീ, ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് എതിരെ പീഡന പരാതി ഉന്നയിച്ച് രംഗത്ത് വന്നു. നാളുകളോളും ബിഷപ്പിനെ പോലീസ് തൊട്ടില്ല. പരാതിക്കാരിയെ പിന്തുണച്ച് കന്യാസ്ത്രീകള്‍ സമരവുമായി രംഗത്ത് വന്നതോടെ കേരളം ഉണര്‍ന്നു. വലിയ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്തു. ഫ്രാങ്കോ മുളയ്ക്കല്‍ ജാമ്യത്തില്‍ ഇറങ്ങിയതിന് തൊട്ട് പിന്നാലെയാണ്, കന്യാസ്ത്രകളെ പിന്തുണച്ച ഫാദര്‍ കുര്യാക്കോസ് കാട്ടുതറയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

  ഭിതി പരത്തി നിപ്പ

  ഭിതി പരത്തി നിപ്പ

  മെയ് മാസത്തിലാണ് ഇതുവരെ കേട്ടിട്ടില്ലാത്ത ഒരു വൈറസ് കേരളത്തെ ഒന്നാകെ ഭീതിയില്‍ ആഴ്ത്തിയത്. കോഴിക്കോട് പേരാമ്പ്രയിലെ സൂപ്പിക്കടയില്‍ നിന്നാണ് നിപ്പയുടെ തുടക്കം. രണ്ടാമത്തെ രോഗിയില്‍ തന്നെ വൈറസ് നിപ്പയാണ് എന്ന് തിരിച്ചറിയാന്‍ ഡോക്ടര്‍മാര്‍ക്ക് സാധിച്ചു. രോഗം പടര്‍ന്നതോടെ ജനം ഭീതിയിലായി. 17 പേരാണ് നിപ്പ ബാധിച്ച് ജീവന്‍ പൊലിഞ്ഞത്. എങ്കിലും നിപ്പയെ പിടിച്ച് കെട്ടാന്‍ കേരളത്തിന് സാധിച്ചു. അതിനിടെ നിപ്പ ബാധിച്ച രോഗിയെ പരിചരിച്ച് മരണത്തിന് കീഴടങ്ങിയ നഴ്‌സ് ലിനി കേരളത്തിന് കണ്ണീരോര്‍മ്മയായി. നിപ്പ കാലത്ത് ആരോഗ്യ രംഗം ഉയര്‍ത്തിയ പ്രതിരോധം പ്രശംസനീയമെന്ന് വിലയിരുത്തപ്പെട്ടു.

  കാണാമറയത്ത് ഒരു പെൺകുട്ടി

  കാണാമറയത്ത് ഒരു പെൺകുട്ടി

  2018ല്‍ ഏറ്റവും അധികം ആളുകളെ കുഴപ്പിച്ചത് മുണ്ടക്കയം സ്വദേശിനി ജസ്‌ന മരിയ ജെയിംസിന്റെ തിരോധാനമാണ് എന്ന് പറയാം. മാര്‍ച്ച് 22ന് വീട്ടില്‍ നിന്നും ഇറങ്ങിയ ശേഷം ജസ്‌നയെക്കുറിച്ച് വീട്ടുകാര്‍ക്കോ പോലീസിനോ ഒരു വിവരവും ഇല്ല. കേരളത്തിന് അകത്തും പുറത്തും പോലീസ് അന്വേഷണം നടത്തിയെങ്കിലും ജസ്‌നയെക്കുറിച്ച് ഒരു സൂചനയും ഇതുവരെ ലഭിച്ചിട്ടില്ല. പല ഊഹാപോഹങ്ങളുടേയും പുറത്ത് നടന്ന അന്വേഷണങ്ങള്‍ എങ്ങുമെത്തിയില്ല. ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുളള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.

  പീഡനപരാതിയില്‍ കുടുങ്ങി പികെ ശശി

  പീഡനപരാതിയില്‍ കുടുങ്ങി പികെ ശശി

  സ്ത്രീ സംരക്ഷണം പ്രധാന മുദ്രാവാക്യമായി ഉയര്‍ത്തി ഭരണത്തിലേറിയ സിപിഎമ്മിനെ ശരിക്കും വെള്ളം കുടിപ്പിച്ചു, പാര്‍ട്ടി എംഎല്‍എ തന്നെ പ്രതിസ്ഥാനത്ത് വന്ന പീഡന പരാതി. ഷൊര്‍ണൂര്‍ എംഎല്‍എയായ പികെ ശശിക്കെതിരെ പീഡന ആരോപണം ഉന്നയിച്ചത് പാലക്കാട്ടെ ഡിവൈഎഫ്‌ഐ വനിതാ നേതാവ്. ശബരിമല വിഷയത്തില്‍ തുല്യനീതി വാദം ഉന്നയിക്കുന്ന സിപിഎം ശശിക്കെതിരെ നടപടിയെടുക്കാത്തത് പാര്‍ട്ടിക്കുള്ളില്‍ തന്നെ ചോദ്യം ചെയ്യപ്പെട്ടു. കേന്ദ്ര നേതൃത്വം കൂടി ഇടപെട്ടതോടെ പികെ ശശിയെ സിപിഎം പ്രാഥമിക അംഗത്വത്തില്‍ നിന്ന് 6 മാസത്തേക്ക് പുറത്താക്കി.

  നിലച്ച് പോയ വയലിന്‍ നാദം

  നിലച്ച് പോയ വയലിന്‍ നാദം

  കേരളം ഇത്രയേറെ വേദനിച്ച ഒരു വേര്‍പാട് അടുത്ത കാലത്തൊന്നുമുണ്ടായിട്ടില്ല എന്ന് വേണം പറയാന്‍. പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ സെപ്റ്റംബര്‍ 25ന് തിരുവനന്തപുരത്ത് വെച്ച് അപകടത്തില്‍പ്പെട്ടു. ബാലഭാസ്‌കറും മകള്‍ തേജസ്വിനി ബാലയും മരണത്തിന് കീഴടങ്ങി. ഏറെ നാള്‍ ചികിത്സയില്‍ കഴിഞ്ഞ ബാലഭാസ്‌കര്‍ ഒക്ടോബര്‍ 2ന് പുലര്‍ച്ചെ അപ്രതീക്ഷിതമായാണ് വിടപറഞ്ഞത്. ഗുരുതരമായി പരിക്കേറ്റെങ്കിലും ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയും ഡ്രൈവര്‍ അര്‍ജുനും രക്ഷപ്പെട്ടു. ബാലഭാസ്‌കറിന്റെ മരണത്തില്‍ കുടുംബം സംശയം പ്രകടിപ്പിച്ചത് പ്രകാരം പോലീസ് അന്വേഷണം നടത്തുന്നു.

  വിശപ്പിന്റെ വിളി കേള്‍ക്കാതെ തല്ലിക്കൊന്നു

  വിശപ്പിന്റെ വിളി കേള്‍ക്കാതെ തല്ലിക്കൊന്നു

  അട്ടപ്പാടിയിലെ ആദിവാസി യുവാവായ മധുവിന്റെ കൊലപാതകം കേരള മനസാക്ഷിയെ ഞെട്ടിച്ചതാണ്. മാനസിക വൈകല്യമുളള മധുവിനെ മോഷ്ടാവെന്ന് മുദ്രകുത്തിയാണ് ഒരു കൂട്ടം ആളുകള്‍ ചേര്‍ന്ന് മര്‍ദിച്ച് കൊലപ്പെടുത്തിയത്. സഞ്ചിയില്‍ അരിയുമായി മധുവിനെ കണ്ടതോടെയാണ് ആള്‍ക്കൂട്ട വിചാരണയും കെട്ടിയിട്ടുളള മര്‍ദനവും നടന്നത്. മധുവിനെ മര്‍ദിക്കുന്ന സെല്‍ഫി ചിത്രങ്ങള്‍ കേരളത്തെ നടുക്കി. ആള്‍ക്കൂട്ടം പോലീസിന് കൈമാറിയ മധു ആശുപത്രിയിലെത്തും മുന്‍പ് മരണത്തിന് കീഴടങ്ങി. 16 പേര്‍ കേസില്‍ പോലീസ് പിടിയിലായി.

  ഹാദിയ വിവാദത്തിന് അന്ത്യം

  ഹാദിയ വിവാദത്തിന് അന്ത്യം

  മതപരിവര്‍ത്തനത്തിന്റെയും ലൗ ജിഹാദിന്റെയും പേരില്‍ സംസ്ഥാനത്ത് വലിയ കോളിളക്കമുണ്ടാക്കിയ ഹാദിയ കേസില്‍ സുപ്രീം കോടതിയുടെ നിര്‍ണായക വിധി വന്നത് മാര്‍ച്ച് 8നാണ്. വൈക്കം സ്വദേശിനി ഹാദിയയുടേയും കൊല്ലം സ്വദേശി ഷെഫിന്‍ ജഹാന്റെയും വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി. ഷെഫിനൊപ്പം ജീവിക്കാനും പഠനം തുടരാനുമുളള അനുമതി കോടതി ഹാദിയയ്ക്ക് നല്‍കി. ഇതോടെ വലിയൊരു വിവാദത്തിന് അവസാനമായി. ലൗ ജിഹാദ് അടക്കമുളള ആരോപണങ്ങളില്‍ എന്‍ഐഎ അന്വേഷണം തുടര്‍ന്നുവെങ്കിലും തെളിവില്ലാത്ത പശ്ചാത്തലത്തില്‍ അതും പിന്നീട് അവസാനിപ്പിച്ചു.

  നാന്‍ പെറ്റ മകനേ.. നാന്‍ പെറ്റ കിളിയേ

  നാന്‍ പെറ്റ മകനേ.. നാന്‍ പെറ്റ കിളിയേ

  രാഷ്ട്രീയ കൊലപാതകങ്ങള്‍ ഒട്ടേറെ കണ്ടിട്ടുളള നാടാണ് കേരളം. എന്നാല്‍ വട്ടവടക്കാരന്‍ അഭിമന്യു എന്ന എറണാകുളം മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകന്റെ കൊലപാതകം കക്ഷി രാഷ്ട്രീയ ഭേദമന്യേ കേരളത്തെ ഞെട്ടിച്ചു. നാൻ പെറ്റ മകനേ എന്നുളള അഭിമന്യുവിന്റെ അമ്മയുടെ വിലാപം കേരളം ഒരിക്കലും മറക്കില്ല. പോസ്റ്റര്‍ ഒട്ടിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ക്രൂരമായ കൊലപാതകത്തില്‍ കലാശിച്ചത്. ക്യാമ്പസ്സ് ഫ്രണ്ട്, എസ്ഡിപിഐ പ്രവര്‍ത്തകരും നേതാക്കളുമായ 16 പേരാണ് കേസിലെ പ്രതികള്‍. തികച്ചു ദാരിദ്ര്യം നിറഞ്ഞ ആദിവാസി കുടുംബത്തില്‍ നിന്നും അനേകം സ്വപ്‌നങ്ങളുമായി മഹാരാജാസില്‍ എത്തിയ അഭിമന്യുവിന്റെ മരണം 2018ലെ കണ്ണീരോര്‍മ്മയാണ്.

  ഭക്തയായ പെൺകുട്ടിയെ അറസ്റ്റ് ചെയ്തെന്ന് വ്യാജ പ്രചാരണം, പ്രചരിപ്പിക്കുന്നത് അക്ഷര കിഷോറിന്റെ ചിത്രം

  English summary
  Year End: Top 10 stories of the year 2018 of Keralam

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more