'ആശുപത്രിയിൽ കിടന്ന പെൺകുട്ടിയെ കാണാന്‍ പോയതിന് ചാർത്തിക്കിട്ടിയത് വിഐപി പദവി; 15 വര്‍ഷം വേട്ടയാടി'
തിരുവനന്തപുരം: കിളിരൂര്‍ കേസുമായി ബന്ധപ്പെട്ട് താനും കുടുംബവും 15 വർഷത്തിലേറെയായി വേട്ടയാടപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് മുൻ മന്ത്രിയും സിപിഎം നേതാവുമായ പികെ ശ്രീമതി. ആശുപത്രിയിൽ മരണാസന്നയായിക്കിടന്ന ഒരു പെൺകുട്ടിയെ കാണാൻ ഞങ്ങൾ നാലു മഹിളാ പ്രവർത്തകർ പോയ ഒറ്റ ക്കാരണത്താൽ എനിക്ക് ചാർത്തി കിട്ടിയ വലിയ പദവിയായിരുന്നെന്ന് പികെ ശ്രീമതി ഫേസ്ബുക്കില്‍ കുറിക്കുന്നു. കവിയൂർ കേസിൽ വിഐപി ഇല്ലെന്ന് സിബിഐ ഹൈക്കോടതിയിൽ വ്യക്തമാക്കിയ പശ്ചാത്തലത്തിലായിരുന്നു പികെ ശ്രീമതിയുടെ പ്രതികരണം.
പികെ ശ്രീമതിയുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണം രൂപം ഇങ്ങനെ..
അമ്മ ഞങ്ങളെ വിട്ടുപോയ ദിവസമാണിന്ന് . അച്ഛനേയും അമ്മയേയും ഓർക്കാത്ത ഒരു ദിവസം പോലുമുണ്ടാകാറില്ല . എന്നാൽ ഇന്ന് കുറേ യേറെ നേരം അമ്മയേയും അച്ഛനേയും ധ്യാനിച്ചിരുന്നുപോയി. ഇന്നു C. B. I യുടെ V. I. P വാർത്ത കേൾക്കാൻ രണ്ടുപേരുമില്ല. ആശുപത്രിയിൽ മരണാസന്നയായിക്കിടന്ന ഒരു പെൺകുട്ടിയെ കാണാൻ ഞങ്ങൾ നാലു മഹിളാ പ്രവർത്തകർ പോയ ഒറ്റ ക്കാരണത്താൽ എനിക്ക് ചാർത്തി കിട്ടിയ വലിയ പദവി യായിരുന്നു "V. I. P" .......
15 വർഷത്തിലേറെയായി ക്രൂരമായി വേട്ടയാടപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു ഞാനുംഎന്റെകുടുംബവും .നിയമസഭയിലും പുറത്ത് വാർത്താ മാദ്ധ്യമങ്ങളിലും V. I. P പദം ഉപയോഗിച്ച് നടത്തിയ ആക്രമണവും നിന്ദയും പരിഹാസവും എന്റെ അച്ഛനമ്മമാരേയും കുടുംബത്തേയും വേദനിപ്പിച്ചതിന്റെ അളവ് നിർണ്ണയിക്കാൻ ആരു വിചാരിച്ചാലും സാധിക്കില്ല. ഇനി ഇതൊന്നും ഓർത്തിട്ടും പറഞ്ഞിട്ടും യാതൊരു പ്രയോജനവുമില്ല എന്നു നന്നായി അറിയാം.