'വിശ്വാസികളായ ഹിന്ദു സ്ത്രീകൾ ശബരിമലയിൽ പോകാറില്ല'; ബിജെപി നാടകം കളിക്കുന്നുവെന്ന് എംഎം മണി!
ഇടുക്കി: വിശ്വാസികളായ ഹിന്ദു സ്ത്രീകൾ സാധാരണ ശബരിമലയിൽ പോകാറില്ല. അല്ലാത്തവർ ദർശനത്തിന് വന്നാലും വിധിയുടെ അടിസ്ഥാനത്തിൽ നിലപാടെടുക്കുമെന്നും വൈദ്യുതി മന്ത്രി എംഎം മണി. ശബരിമല വിധി പുനഃപരിശോധിക്കാനുള്ള സുപ്രീംകോടതി വിധി സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. ശബരിമല യുവതീപ്രവേശ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു സമർപ്പിച്ച ഹർജികൾ, ഏഴു ജഡ്ജിമാർ ഉൾപ്പെട്ട വിശാല ബെഞ്ചിൽ നിന്ന് ഉത്തരങ്ങൾ കിട്ടുന്നതുവരെ മാറ്റിവെക്കാനുള്ള സുപ്രീം കോടതിയുടെ ഭൂരിപക്ഷ വിധിയാണ് സുപ്രീംകോടതി പുറപ്പെടുവിച്ചിരിക്കുന്നത്.
വിശാല ബഞ്ചിന്റെ തീര്‍പ്പിന് ശേഷമായിരിക്കും യുവതിപ്രവേശനം അനുവദിച്ച ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരായ പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കുന്ന കാര്യത്തില്‍ തീരുമാനമുണ്ടാകുക. കോടതി വിധിക്ക് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി എംഎം മണി.
കോൺഗ്രസും ബിജെപിയും വിശ്വാസം വച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ്. യമനിർമാണം നടത്തുകയാണെന്ന് പറഞ്ഞു പ്രധാനമന്ത്രിയും ബിജെപിയും നാടകം കളിക്കുകയാണ്. മുല്ലപ്പള്ളിയും ഉമ്മൻചാണ്ടിയും ബഡായി പറയുകയാണെന്നും എംഎം മണി പ്രതികരിച്ചു. അതേസമയം ശബരിമല കേസില്‍ കോടതി വിധി എന്താണോ അത് നടപ്പിലാക്കുകയാണ് സർക്കാറിന്‍റെ ഉത്തരവാദിത്വമെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. ഇല്ലാത്ത സാഹചര്യത്തിൽ എന്ത് വേണമെന്നത് കോടതി വിധി പഠിച്ച ശേഷം വ്യക്തമാക്കാമെന്നും യെച്ചൂരി പറഞ്ഞു.
സുപ്രീംകോടതി വിധി എന്തായാലും ഇരുകയ്യും നീട്ടി സ്വീകരിക്കുന്നുവെന്നാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രതികരിച്ചത്. സ്ത്രീകളെ ശബരിമലയിൽ കയറ്റുമോ എന്ന ചോദ്യത്തിന് ഇപ്പോൾ മറുപടി ഇല്ല. വിധി വിശദമായി പഠിക്കെണ്ടാതുണ്ടെന്നും കടകംപള്ളി വ്യക്തമാക്കിയിരുന്നു. സ്ത്രീകളെ കയറ്റുമോ തുടങ്ങിയ കാര്യങ്ങൾ വിധി വിശദമായി പഠിച്ച ശേഷം പറയും. പ്രതിപക്ഷവും ബിജെപിയും രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നു. അയോധ്യ വിധി സംയമനത്തോടെ സ്വീകരിച്ച പോലെ ഇതും സ്വീകരിക്കണം. ബിജെപിയുടെ ആരോപണങ്ങൾക്ക് മറുപടി പറയേണ്ട കാര്യമില്ലെന്നും കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി.