കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീനാരായണഗുരുവിന്റെ ആത്മോപദേശശതകം ബഹുസ്വരതയുടെ മാഗ്നാകാർട്ട: അബ്ദുസമദ്‌ സമദാനി

  • By Desk
Google Oneindia Malayalam News

ഷാർജ: ബഹുസ്വരതയുടെ മൂല്യസങ്കൽപവും ആവിഷ്കരണവും പ്രയോഗവും ഏറ്റവും ഉദാത്തമായി വർണ്ണിച്ചത് ശ്രീനാരായണഗുരുവാണെന്നും, അദ്ദേഹത്തിന്റെ ആത്മോപദേശശതകം ബഹുസ്വരതയുടെ എക്കാലത്തേക്കുമുള്ള മാഗ്നാകാർട്ടയാണെന്നും എം.പി.അബുസമദ് സമദാനി പറഞ്ഞു. മുപ്പത്തിയേഴാമത് അന്താരാഷ്ട്രപുസ്തകമേളയോടനുബന്ധിച്ച് നടന്ന 'ബഹുസ്വരതയുടെ കലാസാഹിത്യമാനങ്ങൾ' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

<strong>ശബരിമലയിലെത്തിച്ചത് കണ്ണൂരിലെ രാഷ്ട്രീയക്കൊലകൾക്ക് പിന്നിലെ ഗുണ്ടാ നേതാവിനെ, ബിജെപിക്കെതിരെ മന്ത്രി</strong>ശബരിമലയിലെത്തിച്ചത് കണ്ണൂരിലെ രാഷ്ട്രീയക്കൊലകൾക്ക് പിന്നിലെ ഗുണ്ടാ നേതാവിനെ, ബിജെപിക്കെതിരെ മന്ത്രി

'അവനവനാത്മസുഖത്തിനാചരിക്കുന്നവ അപരന് സുഖത്തിനായ് വരേണം' എന്ന ശ്രീനാരായണഗുരുവിന്റെ ഉത്ബോധനം ബഹുസ്വരതയുടെ ഏറ്റവും മഹത്തായ പ്രഖ്യാപനമാണ്.ലോകത്തിന്റെ ബഹുസ്വരതയുടെ ഈറ്റില്ലവും പോറ്റില്ലവുമാണ് ഇന്ത്യ. മഹാത്മാഗാന്ധിയുടെ ഇന്ത്യ എന്നും വിജയിച്ചുകൊണ്ടിരിക്കുന്ന രാജ്യമാണ്. ബഹുസ്വരതയിൽ വേരുറപ്പിച്ച ഇന്ത്യക്ക് ഒരിക്കലും തോൽക്കാനാകില്ല. ആദികാവ്യമെഴുതിയ വാത്മീകി മഹർഷി ആദ്യം ഉച്ചരിച്ചത് 'അരുത്' എന്നാണ്. അപരൻ എന്ന ചിന്തയിൽ നിന്നാണ് രാമായണം ജനിക്കുന്നത്. അപരൻ എന്നതിന്റെ അർത്ഥം മറ്റുള്ളവനെന്നും ഞാനല്ലാത്തവനെന്നുമാണ്. അപരനു പകരം അന്യൻ എന്ന പദം പ്രയോഗിക്കുമ്പോൾ അത് നിഷേധാത്മകമായി മാറുന്നു. അപരബോധത്തിൽ നിന്നാണ് കല ജനിക്കുന്നത്. അപരചിന്തയിലാണ് കലാകാരന്മാരും എഴുത്തുകാരും ആവിഷ്കാരം നടത്തുന്നത്. അപരൻ എന്നത് ബഹുസ്വരത എന്ന സങ്കല്പത്തിന്റെയും വിഷയത്തിന്റെയും കേന്ദ്രബിന്ദുവും താക്കോലുമാണ്. അപരത്വനിർമ്മിതി നിഷേധാത്മകമായി മാറുമ്പോൾ അപകടകരമായ അസഹിഷ്ണുതയുണ്ടാകുന്നു.

samadani22-1

അസഹിഷ്ണുതയുടെ നേരെ 'അരുത് കാട്ടാളാ' എന്ന് പറയുമ്പോഴാണ് ബഹുസ്വരതയുണ്ടാകുന്നത്. വനവാസം ആരംഭിച്ച ശ്രീരാമചന്ദ്രനെ കാണാനെത്തിയ ഭരതനോട് രാമൻ ചോദിക്കുന്നത്, തന്റെ രാജ്യത്തെ പ്രജകളിൽ ന്യൂനപക്ഷമായ ചർവ്വാകന്മാർക്ക് സൗഖ്യമല്ലേയെന്നാണ്. ലങ്കയിലെത്തിയ ശ്രീരാമചന്ദ്രൻ, അഭയം പ്രാപിച്ചെത്തിയ വിഭീഷണനെ സ്വീകരിക്കണമോയെന്ന് ശങ്കിച്ചപ്പോൾ, രാവണസഹോദരനായ വിഭീഷണനെ സ്വീകരിക്കുന്നതിന് അദ്ദേഹത്തിന്റെ ഗുണകർമ്മങ്ങൾ കണക്കിലെടുത്താൽ മതിയെന്ന് പറഞ്ഞ ഹനുമാന്റെ മാതൃകയും നമുക്ക് മുന്നിലുണ്ട്. സംസ്കാരം എന്നും സമ്മിശ്രമാണ്. അതൊരിക്കലും ഏകശിലാഖണ്ഡമല്ല.

എന്റെ ഭക്ഷണം കഴിക്കാത്തവനെയും എന്റെ വസ്ത്രം ധരിക്കാത്തവനെയും എന്റെ ഭാഷ സംസാരിക്കാത്തവനെയും എന്റെ വിശ്വാസം അനുഷ്ഠിക്കാത്തവനെയും തിരസ്കരിക്കാൻ തോന്നുന്നത് ഒരു രോഗമാണ്. ബഹുസ്വരതയെ മുറുകെപ്പിടിച്ചുകൊണ്ട് വേണം ഈ രോഗത്തെ ചികിത്സിക്കേണ്ടത്. തന്നെ സന്ദർശിച്ച വിദേശിയായ അതിഥി മാംസാഹാരം ആവശ്യപ്പെട്ടപ്പോൾ തന്റെ ആശ്രമത്തിൽ വച്ചുതന്നെ ആ അതിഥിക്ക് മാംസം വിളമ്പിയ ഗാന്ധിജിയെ സമദാനി അനുസ്മരിച്ചു.

ഭൂമിയിലൂടെ നടക്കുന്ന ഒരു മൃഗവും ഇരുചിറകിന്മേൽ പറക്കുന്ന ഒരു പറവയും നിങ്ങളെപ്പോലുള്ള സമുദായങ്ങളാണ് എന്ന വിശുദ്ധ ഖുറാനിലെ വചനം ബഹുസ്വരതയുടെ ദൈവികപ്രഖ്യാപനമാണ്. സംഗീതത്തിലെ ബഹുസ്വരതയേക്കുറിച്ച് പരാമർശിക്കവേ, കർണ്ണാടകസംഗീതചക്രവർത്തി ത്യാഗരാജ സ്വാമികളെയും ഉറുദു മഹാകവി അലാമ ഇഖ്ബാലിനെയും അദ്ദേഹം അനുസ്മരിച്ചു. വാക്കുകളുടെ കൊടുക്കൽവാങ്ങലുകൾ അഭംഗുരം നടത്തിപ്പോരുന്ന ലോകഭാഷകളിലെല്ലാം നമുക്ക് ബഹുസ്വരത ദർശിക്കാൻ കഴിയും. മാനവരാശിയുടെ ഇതുവരെയുള്ള എല്ലാ നേട്ടങ്ങളുടേയും പിന്നിലെ ചാലകശക്തി മനുഷ്യർ തമ്മിലുളള സഹകരണമാണ്. സഹകരണം മൂലമാണ് കുടുംബങ്ങളും ദേശങ്ങളും മഹാപ്രസ്ഥാനങ്ങളും രാഷ്ട്രങ്ങളും ലോകവും ഉണ്ടാകുന്നതും നിലനിൽക്കുന്നതും. സഹകരണമാണ് ബഹുസ്വരതയുടെ മർമ്മം.

samadani11-1

ബഹുസ്വരതയുടെ ഉത്തമോദാഹരണങ്ങളായി നമ്മൾ വാഴ്ത്തുന്ന, യുഎഇയിലും ലോകമെമ്പാടും ഇന്ന് കാണുന്ന പ്രവാസീസമൂഹങ്ങൾ അതാത് രാജ്യങ്ങളിൽ നിലനിൽക്കുന്ന സഹകരണം മൂലമാണ് സാദ്ധ്യമാകുന്നത്. ബഹുസ്വരതയുടെ ഏറ്റവും മികച്ച പ്രയോഗകേന്ദ്രം സ്വന്തം കുടുംബം തന്നെയാണ്. വൈവിധ്യം നിറഞ്ഞവരാണ് അതിലെ അംഗങ്ങൾ. അവരെയെല്ലാം കോർത്തിണക്കുമ്പോഴാണ് കുടുംബം നിലനിൽക്കുന്നത്. ബഹുസ്വരതയ്ക്ക് പകരം ഏകസ്വരം ഉയരണമെന്ന് ശഠിച്ചാൽ കുടുംബം തകരും. ഏകസ്വരതയ്ക്കായി വാദിക്കുന്നവർ നൈസർഗ്ഗികതയെ ഇല്ലാതാക്കാനാണ് പരോക്ഷമായി ശ്രമിക്കുന്നത്. ബഹുസ്വരതയിൽ, പക്ഷേ ശത്രുക്കളോ പ്രതിയോഗികളോ ഇല്ല. ഒരു സംസ്കാരത്തിനും ഒരു മതത്തിനും മറ്റൊന്നിനെ കീഴടക്കാനോ തോൽപ്പിക്കാനോ ശ്രമിക്കേണ്ട ആവശ്യമില്ല. സ്വരാജ് വൈകിയാലും രാജ്യത്തെ ഹിന്ദു - മുസ്ലീം മൈത്രി നിലനിൽക്കണമെന്ന് ആഗ്രഹിച്ച മൗലാന അബ്ദുൾ കലാം ആസാദിനെക്കുറിച്ച് വിവരിച്ച അബ്ദുസമദ് സമദാനി, രാജ്യത്തിന്റെ ആദ്യത്തെ വിദ്യാഭ്യാസവകുപ്പ് മന്ത്രിയായിരുന്ന ആസാദിന്റെ ഖബറിൽ പോയി നെഹ്രു കരയുമായിരുന്നെന്ന് പറഞ്ഞു. സ്വന്തം വിശ്വാസപരിസരങ്ങൾ വ്യക്തികൾക്കും ബഹുസ്വരയ്ക്കും എത്രമാത്രം പ്രധാനമാണെന്ന് സൂചിപ്പിക്കാൻ അദ്ദേഹം ചെറുകാടിനെ ഉദ്ധരിച്ചു.

തനിക്ക് ആകാശം കാണാൻ ആഗ്രഹമുണ്ടെന്നും, പക്ഷേ അത് തന്റെ വീട്ടുമുറ്റത്തെ മുരിങ്ങമരച്ചുവട്ടിൽ നിന്നുകൊണ്ടാകണമെന്നുമാണ് ചെറുകാട് എഴുതിയത്. വള്ളത്തോളിന്റെയും കുമാരനാശാന്റെയും പി.ഭാസ്കരന്റെയും കൃതികൾ പരാമർശിച്ചുകൊണ്ട് സാഹിത്യത്തിലെ ബഹുസ്വരത എങ്ങനെയാണ് നിലനിൽക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സാമൂതിരിയെ അരിയിട്ടുവാഴിക്കുന്ന സൈനുദ്ദീൻ മഹ്ദുവിനെയും, നിലപാടുതറയിൽ സാമൂതിരിക്ക് സമീപസ്ഥനാകുന്ന കുഞ്ഞാലി മരയ്ക്കാറിനെയും അബ്ദുസമദ് സമദാനി അനുസ്മരിച്ചു.

പ്രളയജലം കേരളത്തിൽ നിന്ന് ഒഴുക്കിക്കൊണ്ടുപോയത് തിന്മകളെയാണെന്നും, നമ്മുടെ നാടിന്റെ ബഹുസ്വരത അപകടഘട്ടങ്ങളിൽ കൂടുതൽ മിഴിവുള്ളതായിത്തീർന്നെന്നും അദ്ദേഹം പറഞ്ഞു. നടരാജഗുരുവിനെയും നിത്യചൈതന്യ യതിയെയും ബാലമുരളീകൃഷ്ണയെയും എസ്.പി. ബാലസുബ്രമണ്യത്തെയും ഗസൽ ഗായകൻ ഉംമ്പായിയെയും വയലിനിസ്റ്റ് ബാലഭാസ്കറെയും കലയിലെയും സാഹിത്യത്തിലെയും ബഹുസ്വരതയുടെ കാവലാളുകളായി വാഴ്ത്തിയ അബ്ദുസമദ് സമദാനി 'നീ നിന്റെ ശരീരമൊന്ന് സ്വയം തൊട്ടുനോക്കിയാൽ നിനക്കെന്നെ മനസ്സിലാകും' എന്ന അർത്ഥം വരുന്ന ഹിന്ദുസ്ഥാനി കവിത ചൊല്ലിയാണ് തന്റെ പ്രഭാഷണം അവസാനിപ്പിച്ചത്. പുസ്തകമേള നടക്കുന്ന ഷാർജ എക്സ്പോ സെൻററിലെ ബാൾ റൂമിൽ നവംബർ അഞ്ചിന് രാത്രി എട്ടുമുതൽ പതിനൊന്ന് വരെ നീണ്ട അദ്ദേഹത്തിന്റെ പ്രഭാഷണം കേൾക്കാൻ ശ്രോതാക്കളുടെ വൻതിരക്കാണ് അനുഭവപ്പെട്ടത്.

English summary
. abdussamad samadani about sri narayana guru
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X