പാലായില്‍ സിപിഎം സിപിഐയെ കൈവിട്ടും കളിക്കും... ഈ കളിയില്‍ നഷ്ടം സിപിഐയ്ക്ക് മാത്രം, എങ്ങനെ?
പാലാ: പാലാ നിയോജക മണ്ഡലം പോലെ തന്നെ ഇത്തവണ എല്‍ഡിഎഫിനും ജോസ് കെ മാണിയ്ക്കും ഏറെ പ്രധാനപ്പെട്ടതാണ് പാലാ നഗരസഭയും. ജോസ് കെ മാണിയുടെ കേരള കോണ്‍ഗ്രസിന് ഏറ്റവും അധികം സ്വാധീനമുള്ള മേഖലയാണിത്. പാലാ നഗരസഭയുടെ കാര്യത്തില്‍ സവിശേഷ താത്പര്യമുണ്ട്. ജോസ് കെ മാണിയുടെ വീടിരിക്കുന്ന നഗരസഭയാണിത്. അതുകൊണ്ട് തന്നെയാണ് കൂടുതല്‍ സീറ്റുകള്‍ക്ക് വേണ്ടി ജോസ് കെ മാണി കടുംപിടിത്തം പിടിച്ചതും.
പാലായില്‍ അടിപതറി ജോസ്; കൊച്ചുറാണി പാര്‍ട്ടി വിട്ടു... ഇതോടെ ജോസിനെ കൈവെടിഞ്ഞത് ഏഴ് കൗണ്‍സിലര്‍മാര്‍

13 ല്‍ തുടങ്ങി
പാലാ മുനിസിപ്പാലിറ്റിയില്‍ ജോസ് കെ മാണി വിഭാഗത്തിന് ആദ്യം 13 സീറ്റുകള്‍ എന്നാണ് പറഞ്ഞിരുന്നത്. ഒടുവില്‍ ഇപ്പോള്‍ അത് 17 സീറ്റുകള്‍ എന്ന നിലയില്‍ എത്തിയിരിക്കുകയാണ്. അതുകൊണ്ട് തന്നെ സിപിഐ വലിയ പ്രതിഷേധത്തിലും ആണ്.

മൃഗീയ ഭൂരിപക്ഷം
കേരള കോണ്‍ഗ്രസ് എമ്മിന് മൃഗീയ ഭൂരിപക്ഷമുള്ള നഗരസഭയാണ് പാലാ നഗരസഭ. 26 കൗണ്‍സിലര്‍മാരുള്ള നഗരസഭയില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 17 പേരും കേരള കോണ്‍ഗ്രസ് എമ്മിന്റെ പ്രതിനിധികള്‍ ആയിരുന്നു. കോണ്‍ഗ്രസ്സിന് രണ്ട് പേരും.

എല്‍ഡിഎഫിന് അപ്രാപ്യം
എല്‍ഡിഎഫിലെ പാര്‍ട്ടികളെ സംബന്ധിച്ച് അപ്രാപ്യമായ ഒരു നഗരസഭയായിരുന്നു പാലാ. കഴിഞ്ഞ തവണ മൂന്ന് ഇടത് സ്വതന്ത്രരാണ് ആകെ ജയിച്ചത്. പാര്‍ട്ടി ചിഹ്നത്തില്‍ ഒരാളെ പോലും ജയിപ്പിക്കാന്‍ ഒരു ഇടതുപാര്ട്ടിയ്ക്കും കഴിഞ്ഞ തവണ കഴിഞ്ഞിരുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

ജയിച്ച സീറ്റുകളില്‍
കഴിഞ്ഞ തവണ കേരള കോണ്‍ഗ്രസ് എം 17 സീറ്റുകളില്‍ ജയിച്ചതുകൊണ്ടാണ് ഇത്തവണ ജോസ് കെ മാണി വിഭാഗം 17 സീറ്റുകള്‍ ആവശ്യപ്പെട്ടത്. മറ്റ് സാധ്യതകള്‍ കാര്യമായി ഇല്ലാത്ത മേഖല ആയതിനാല്‍ തന്നെയാണ് സിപിഎം ഇതിന് സമ്മതം മൂളിയതും.

17 ല്‍ 10 പേര് മാത്രം
കഴിഞ്ഞ തവണ വിജയിച്ച 17 കൗണ്‍സിലര്‍മാരും ഇപ്പോള്‍ ജോസ് കെ മാണിയുടെ കൂടെയാണെന്ന് കരുതരുത്. അതില്‍ ഏഴ് പേര് ഇപ്പോള്‍ ജോസഫ് പക്ഷത്തിനൊപ്പമാണ്. പലയിടത്തും ജോസ് പക്ഷത്ത് നിന്ന് ആളുകള്‍ കൊഴിഞ്ഞുപോയിക്കൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

സീറ്റുകള്‍ ഇങ്ങനെ
കേരള കോണ്‍ഗ്രസ് എം ജോസ് വിഭാഗത്തിന് 17 സീറ്റുകളും സിപിഎമ്മിന് 6 സീറ്റുകളും സിപിഐയ്ക്ക് 2 സീറ്റുകളും എന്‍സിപിയ്ക്ക് 1 സീറ്റും എന്ന രീതിയില്‍ ആണ് നിലവിലെ സീറ്റ് വിഭജനം. ഇതാണ് സിപിഐയെ ചൊടിപ്പിച്ചത്. തങ്ങള്‍ക്ക് നാല് സീറ്റുകളെങ്കിലും വേണം എന്നതാണ് സിപിഐയുടെ ആവശ്യം.

സിപിഐ മത്സരിക്കും
നിലവിലെ സാഹചര്യത്തില്‍ മുന്നണിയ്ക്ക് പുറത്ത് വന്ന് 11 വാര്‍ഡുകളില്‍ ഒറ്റയ്ക്ക് മത്സരിക്കും എന്നാണ് സിപിഐ വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ തവണ ഏഴ് വാര്‍ഡുകളില്‍ ആയിരുന്നു മത്സരിച്ചത്. ഒരിടത്ത് പോലും സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാന്‍ അവര്‍ക്ക് സാധിക്കുകയും ചെയ്തിരുന്നില്ല.

കളി വിട്ടുകൊടുത്ത് സിപിഎം
ഇപ്പോഴത്തെ സാഹചര്യത്തില്‍ പാലായില്‍ സിപിഐയ്യുമായി ഒത്തുതീര്‍പ്പിലെത്താന്‍ സിപിഎമ്മിന്റെ ഭാഗത്ത് നിന്ന് ശ്രമങ്ങളുണ്ടാകാന്‍ സാധ്യതയില്ല. ജോസ് കെ മാണിയുടെ മാത്രം സഹായത്തോടെ പല വാര്‍ഡുകളും പിടിച്ചെടുക്കാമെന്ന പ്രതീക്ഷയിലാണ് സിപിഎം. നഗരസഭ തന്നെ യുഡിഎഫില്‍ നിന്ന് പിടിച്ചെടുത്താല്‍ അത് വലിയ വിജയവും ആകും.

എളുപ്പമല്ല കാര്യങ്ങള്‍
എന്തായാലും പാലായില്‍ ഇരുമുന്നണികള്‍ക്കും കാര്യങ്ങള്‍ അത്ര എളുപ്പമാകില്ല. തദ്ദേശ തിരഞ്ഞെടുപ്പില്‍ വ്യക്തിപരമായ വോട്ടുകള്‍ക്ക് ഏറെ പ്രാധാന്യമുള്ള സാഹചര്യത്തില്‍ പ്രത്യേകിച്ചും. എന്നിരുന്നാലും യുഡിഎഫിന് മുന്‍തൂക്കമുള്ള ഒരു നഗരസഭ എന്ന് തന്നെയാണ് പാലായെ വിലയിരുത്തുന്നത്.

സിപിഐ കളിച്ചാല്‍
സിപിഐ 11 മണ്ഡലങ്ങളില്‍ മത്സരിച്ചാലും അത് വലിയ തോതില്‍ വോട്ട് ചോര്ച്ചയുണ്ടാക്കാനിടയില്ലെന്നാണ് വിലയിരുത്തുന്നത്. എന്നാല്‍ നഗരസഭ വാര്‍ഡുകളില്‍ ചെറിയ വോട്ടുകള്‍ പോലും നിര്ണായകമായതിനാല് ഇടത് സാധ്യതകള്‍ക്ക് സിപിഐ തീരുമാനം തുരങ്കം വച്ചേക്കുമെന്നും വിലയിരുത്തലുകളുണ്ട്. അതേസമയം, ഏതെങ്കിലും ഒരു സീറ്റിലെങ്കിലും ജയിക്കാനുള്ള സാധ്യതയാണ് സിപിഐ ഇല്ലാതാക്കുന്നത് എന്നും വിലയിരുത്തപ്പെടുന്നുണ്ട്.
പാലായില്‍ വിട്ടുവീഴ്ച ചെയ്ത് സിപിഎം; 13 സീറ്റ് ജോസ് കെ മാണിയ്ക്ക്, എന്‍സിപിയ്ക്ക് രണ്ട്