• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കണ്ണൂർ വിമാനതാവളത്തിന്റെ പേര് വെട്ടിയപ്പോൾ പെരുവഴിയിലായത് എഴുപതിനായിരത്തോളം പ്രവാസികൾ

കണ്ണൂർ: പ്രവാസികളെ തിരിച്ചു കൊണ്ടുവരുന്ന വിമാനത്താവളങ്ങളിൽ നിന്നും കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് വെട്ടിയപ്പോൾ പെരുവഴിയിലായത് നാട്ടിലേക്ക് മടങ്ങാനിരുന്ന എഴുപതിനായിരത്തോളം പ്രവാസികൾ. ആദ്യഘട്ടത്തിൽ കണ്ണൂർ വിമാനത്താവളത്തിലേക്ക് വിമാനങ്ങൾ സർവീസ് നടത്താത്ത സാഹചര്യത്തിൽ കണ്ണൂരിലേക്ക് വരേണ്ടവർ കോഴിക്കോടിനെയോ, കൊച്ചിയെയോ ആശ്രയിക്കേണ്ടി വരും. ഇതു ഫലപ്രദമായ ക്വാറന്റൈൻ പ്രവർത്തനങ്ങൾക്ക് തടസമാകുമെന്നാണ് വിലയിരുത്തൽ.

കണ്ണൂരിനെ ട്രിപ്പിൾ ലോക്ക്ഡൗണിലാക്കി: റോഡുകൾ അടച്ചതോടെ ഗതാഗതക്കുരുക്കിലായത് ആംബുലൻസുകളും രോഗികളും

വിദേശ മലയാളികളെ കൊണ്ടുവരുന്നതിൽനിന്ന്‌ കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തെ ഒഴിവാക്കിയതിൽ ദുരൂഹതയുണ്ടെന്ന ആരോപണം ഇതിനകം ചില പ്രവാസി സംഘടനകൾ ഉയർത്തിയിരുന്നു. പ്രവാസികളെ സ്വീകരിക്കാൻ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ നിഷ്‌കർഷിച്ചതനുസരിച്ചുള്ള എല്ലാ സജ്ജീകരണങ്ങളും പൂർത്തിയാക്കിയിരിക്കെയാണ്‌ പുതിയ തീരുമാനം. എന്തുകൊണ്ടാണ്‌ കണ്ണൂരിനെ ഒഴിവാക്കിയതെന്ന ചോദ്യത്തിന് സംസ്ഥാനത്ത് മൂന്ന് വിമാനത്താവളങ്ങൾക്ക് അനുമതി നൽകിയിട്ടുണ്ടെന്നാണ് കേന്ദ്ര സർക്കാർ വിശദീകരണം.

നാട്ടിലേക്കു മടങ്ങുന്നതിന്‌ നോർക്ക മുഖേന രജിസ്‌റ്റർ ചെയ്‌ത 4.42 ലക്ഷം മലയാളികളിൽ 69,179 പേരും കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങാനാണ്‌ ആഗ്രഹം പ്രകടിപ്പിച്ചത്‌. കണ്ണൂർ ജില്ലയിലെയും കാസർഗോഡ്‌ ജില്ലയുടെ തെക്കൻ ഭാഗങ്ങളിലെയും കോഴിക്കോട്‌ ജില്ലയിൽ വടകര, കുറ്റ്യാടി, നാദാപുരം മേഖലയിലെയും ആളുകളാണിവർ. നോർക്ക രജിസ്ട്രേഷനു പുറമെ വിദേശ മന്ത്രാലയം ആവശ്യപ്പെട്ടതു പ്രകാരം എംബസികൾക്കു നൽകിയ അപേക്ഷയിലും ഇവർ കണ്ണൂർ വിമാനത്താവളമാണ്‌ തിരഞ്ഞെടുത്തിട്ടുള്ളത്. ഇത്രയധികം പേർ ഉണ്ടായിട്ടും കണ്ണൂരിനെ ഒഴിവാക്കിയതിന്റെ കാരണം വിശദീകരിക്കാൻ കേന്ദ്ര സർക്കാരിന്‌ ബാധ്യതയുണ്ടെന്ന് പ്രവാസി സംഘടനകൾ പറയുന്നു.

പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള നടപടികൾ പൂർത്തിയാക്കേണ്ടത്‌ വ്യോമയാന മന്ത്രാലയമാണ്. മുൻഗണനാടിസ്ഥാനത്തിൽ ആളുകളെ തെരഞ്ഞെടുത്ത്‌ പട്ടിക നൽകേണ്ട ചുമതലയാണ്‌ വിദേശമന്ത്രാലയത്തിന്‌. എന്നാൽ, ഇവിടെ വിദേശമന്ത്രാലയമാണ്‌ എല്ലാ കാര്യങ്ങളും നിർവഹിച്ചതെന്നു പറയുന്നു. എംബസികൾ നൽകിയ അപേക്ഷാ ഫോറത്തിൽ കണ്ണൂർ വിമാനത്താവളത്തിന്റെ പേരും ഉൾപ്പെട്ടിരുന്നു.

കണ്ണൂരിനെ ഒഴിവാക്കിയിട്ടില്ലെന്ന്‌ വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. കഴിഞ്ഞ ദിവസം രാത്രി ചാനലുകളിൽ പറഞ്ഞു. ഈ മാസം ഏഴു മുതൽ ഒരാഴ്‌ചത്തെ സർവീസുകളുടെ പട്ടിക പുറത്തുവന്നതിൽ കണ്ണൂരിലേക്കുള്ള സർവീസുകളില്ല. ഇനി അടുത്ത ഘട്ടത്തിൽ കണ്ണൂരിനെ ഉൾപ്പെടുത്തിയാൽ പോലും എഴുപതിനായിരത്തോളം ആളുകൾ വരാനുള്ള വിമാനത്താവളം എന്തുകൊണ്ട്‌ ആദ്യഘട്ടത്തിൽ ഉൾപ്പെട്ടില്ലെന്ന ചോദ്യമുയരുന്നുണ്ട്. ഇതിനിടെ പ്രവാസികളെ കൊണ്ടുവരുന്ന വിമാനത്താവളങ്ങളുടെ പട്ടികയിൽ നിന്നും കണ്ണൂരിനെ ഒഴിവാക്കിയതിനെ ചൊല്ലി രാഷ്ട്രീയ തർക്കങ്ങളും നടക്കുന്നുണ്ട്.

പ്രവാസികളെ തിരിച്ചുകൊണ്ടു വരുന്നതിൽ കണ്ണൂർ വിമാനത്താവളത്തെ ഒഴിവാക്കിയ കേന്ദ്രസർക്കാർ നടപടി പ്രതിഷേധാർഹമാണെന്ന്‌ സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജൻ റഞ്ഞു. നോർക്ക രജിസ്‌ട്രേഷനിലും എംബസിയുടെ അടുത്ത വിമാനത്താവളം ഏതെന്ന ചോദ്യത്തിന് നൽകിയ ഓപ്ഷനിലും 69000ൽപരം പ്രവാസികൾ കണ്ണൂർ എയർപോർട്ടാണ് ആവശ്യപ്പെട്ടത്. മറ്റ് എയർപോർട്ടിൽ ഉത്തരകേരളത്തിലുള്ളവരെ കൊണ്ടുവന്നാൽ അവരുടെയെല്ലാം താമസസ്ഥലത്തോ ജില്ലയിലെ കോവിഡ് കെയർ സെന്ററുകളിലോ എത്തിക്കണമെങ്കിൽ വലിയ പ്രയാസമാണ് ഉണ്ടാകുക. കണ്ണൂർ എയർപോർട്ടിലാണെങ്കിൽ ആരോഗ്യവകുപ്പിന്റെ മാർഗനിർദേശങ്ങൾക്കനുസരിച്ച് ക്രമീകരണങ്ങൾ ഒരുക്കിയിട്ടുമുണ്ട്. വിമാന കമ്പനികൾ കണ്ണൂരിലേക്ക് വിമാനസർവീസ് നടത്താൻ ഒരുക്കവുമാണ്.

സിവിൽ എവിയേഷൻ വകുപ്പിനെ നോക്കുകുത്തിയാക്കി വിദേശമന്ത്രാലയം തനിച്ച് നടത്തുന്ന നീക്കങ്ങളാണ് ഇതിന് ഇടയാക്കിയത്. കേന്ദ്ര വിദേശസഹമന്ത്രി കണ്ണൂർ ജില്ലക്കാരനായിട്ടും കണ്ണൂർ എയർപോർട്ടിനെ അവഗണിച്ചത് എന്തുകൊണ്ടെന്ന് ജനങ്ങൾക്ക് അറിയേണ്ടതുണ്ട്. കേന്ദ്രമന്ത്രി ഇടപെടുകയും കണ്ണൂരിൽ വിമാന സർവീസ് ആരംഭിക്കാനുള്ള നടപടി സ്വീകരിക്കുകയും വേണമെന്നും എം വി ജയരാജൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

എന്നാൽ പ്രവാസികളെ തിരിച്ചു കൊണ്ടുവരുന്നതിൽ കേന്ദ്ര സർക്കാർ കേരളത്തിന് മികച്ച പരിഗണനയാണ് തന്നിരിക്കുന്നതെന്ന് ബിജെപി കണ്ണൂർ ജില്ലാ പ്രസിഡന്റ് എൻ.ഹരിദാസ് പറഞ്ഞു. 10 സംസ്ഥാനങ്ങളിലെ 13 വിമാനത്താവളങ്ങളെയാണ് കേന്ദ്ര സർക്കാർ പ്രാഥമികമായി തെരഞ്ഞെടുത്തിരിക്കുന്നത്. അതിൽ മൂന്ന് വിമാനത്താവളങ്ങളും കേരളത്തിലാണ്.

69000 പ്രവാസികൾ കണ്ണൂർ വിമാനത്താവളം ആവശ്യപ്പെട്ടിട്ടും അവിടെ ആവശ്യമായ മുൻകരുതലുകൾ ഒരുക്കാൻ സംസ്ഥാന സർക്കാർ തയ്യാറാവത്തത് പ്രതിഷേധാർഹമാണ്. ഉത്തര മലബാറുകാരായ പ്രവാസികളെ സംസ്ഥാന സർക്കാർ അവഗണിച്ചിരിക്കുകയാണ്‌. അടിസ്ഥാന സൗകര്യം ഒരുക്കി പ്രവാസികളെ സ്വീകരിക്കാൻ കണ്ണൂർ വിമാനത്താവളത്തെ സജ്ജമാക്കണം. ഇതിന് സംസ്ഥാന സർക്കാരിന് നേതൃത്വം കൊടുക്കുന്ന കണ്ണൂർ ജില്ലക്കാരനായ മുഖ്യമന്ത്രി പിണറായി വിജയൻ മുൻകയ്യെടുക്കണമെന്നും ഹരിദാസ് ആവശ്യപ്പെട്ടു.

English summary
Political turmoil over Kannur airport excluded from list of airports selected for expats returnig
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X