പാലം വലിച്ച് ഐഎൻഎൽ: കാരാട്ട് ഫൈസലിന് നൽകിയ സീറ്റിൽ പുതിയ സ്ഥാനാർത്ഥി, നീക്കം ഇങ്ങനെ!!
കോഴിക്കോട്: സ്ഥാനാർത്ഥി നിർണ്ണയ വിവാദങ്ങൾക്കിടെ കൊടുവള്ളി നഗരസഭയിലേക്ക് പുതിയ സ്ഥാനാർത്ഥിയെ നിർത്തി ഐഎൻഎൽ. കാരാട്ട് ഫൈസലിനെ മാറ്റണമെന്ന നിർദേശം വന്നതിന് പിന്നാലെയാണ് നീക്കം. നേരത്തെ കരിപ്പൂർ സ്വർണ്ണണക്കടത്ത് കേസിലെ പ്രതിയായ കാരാട്ട് ഫൈസൽ തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്ത് കേസിൽ ചോദ്യം ചെയ്തതിന് പിന്നാലെയാണ് സ്ഥാനാർത്ഥിത്വം അനിശ്ചിതത്തിലാവുന്നത്.
ആലപ്പുഴയില്‍ സിപിഎം പ്രതിരോധത്തില്‍; പാര്‍ട്ടിക്കെതിരെ മത്സരിക്കുന്നത് വിഎസിന്റെ മുന്‍ പിഎസ് അംഗം

പകരം സ്ഥാനാർത്ഥി
കൊടുവള്ളി നഗരസഭയിലെ 15ാം ഡിവിഷനായ ചുണ്ടപ്പുറത്ത് നിന്നാണ് ഇതോടെ ഒപി റഷീദ് മത്സരിക്കുക. കാരാട്ട് ഫൈസലിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത് വിവാദമായതോടെ നേതൃത്വ തലത്തിൽ അടിയന്തര യോഗം ചേർന്നാണ് പുതിയ സ്ഥാനാർത്ഥിയെ മത്സരിപ്പിക്കുന്ന കാര്യത്തിൽ തീരുമാനമായത്. ഐഎൻഎല്ലിന്റെ നഗരസഭാ ജനറൽ സെക്രട്ടറി ഒപി റഷീദിനെയായിരിക്കും പകരം നിർത്തുക.

പ്രചാരണം തുടങ്ങി
ഐഎൻഎല്ലും ഇടതുമുന്നണിയും തമ്മിലുണ്ടാക്കിയ ധാരണ അനുസരിച്ച് ഇടതുമുന്നണി ഐഎൻഎല്ലിന് കൊടുത്ത സീറ്റായിരുന്നു 15ാം ഡിവിഷനിലെ ചുണ്ടപ്പുറം. വിവാദങ്ങൾ കൊഴുക്കുമ്പോഴും കാരാട്ട് ഫൈസൽ തിരഞ്ഞെടുപ്പ് പ്രചാരണവുമായി മുന്നോട്ടുപോകുന്നതിനിടെയാണ് സ്ഥാനാർത്ഥിയെ മാറ്റുന്നത് സംബന്ധിച്ച് ധാരണയുണ്ടാകുന്നത്. വിവാദങ്ങൾ കനത്തതോടെ കാരാട്ട് ഫൈസലിനോട് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് മാറി നിൽക്കാൻ ആവശ്യപ്പെട്ടെന്ന് ഐഎൻഎൽ സംസ്ഥാന സെക്രട്ടറി സിപി നാസർ കോയ തങ്ങൾ പറഞ്ഞിരുന്നു.

ഫൈസൽ പിന്നോട്ടോ?
ചുണ്ടപ്പുറത്ത് നിന്ന് പുതിയ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചെങ്കിലും പ്രചാരണം ആരംഭിച്ച ഫൈസൽ മത്സരംരംഗത്ത് നിന്ന് പിന്മാറില്ലെന്നും. പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ കാരാട്ട് ഫൈസൽ ഇവിടെ നിന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്നാണ് ഫൈസൽ തന്നെ വ്യക്തമാക്കിയിട്ടുള്ളത്. ഇടതുപക്ഷ എംഎൽഎയായ പിടി റഹീമാണ് കാരാട്ട് ഫൈസലിനെ സ്ഥാനാർത്ഥിയാക്കാമെന്ന നിർദേശം മുന്നോട്ടുവെച്ചിട്ടുള്ളത്. കൊടുവള്ളി നഗരസഭയിലേക്ക് ഇടതുപക്ഷ കക്ഷികളുടെ പിന്തുണയോടെയാണ് കാരാട്ട് ഫൈസൽ കഴിഞ്ഞ തവണ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.


ചോദ്യം ചെയ്യൽ വിവാദം
നയതന്ത്ര ബാഗേജിലൂടെ തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണ്ണം കടത്തിയ കേസിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ കാരാട്ട് ഫൈസലിനെ ചോദ്യം ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ ആരോപണം നേരിടുന്ന ഒരാളെ സ്ഥാനാർത്ഥിയാക്കിയത് ചർച്ചാവിഷയമായതോടെയാണ് കാരാട്ട് ഫൈസലിനെ മാറ്റി തൽസ്ഥാനത്ത് മറ്റൊരാളെ നിർത്തി മത്സരിപ്പിക്കാൻ സിപിഎം നിർദേശം നൽകുന്നത്.