പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പ്; 80 സീറ്റിൽ മത്സരിക്കാനൊരുങ്ങി ബിജെപി
ചണ്ഡീഗഡ്; പഞ്ചാബിൽ ഇത്തവണ ബി ജെ പി -അമരീന്ദർ സഖ്യം അധികാരത്തിലേറുമോ? കാർഷിക നിയമങ്ങൾ പിൻവലിക്കപ്പെട്ടതോടെ അത്തരമൊരു സാധ്യത തള്ളിക്കളയാനാകില്ലെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നുമഅട്. ഭരണം പിടിക്കുമെന്ന ആത്മവിശ്വാസവും ഇരു പാർട്ടികളും ആവർത്തിക്കുന്നു. കഴിഞ്ഞ ദിവസം സഖ്യം രൂപീകരിച്ചതിന് പിന്നാലെ പഞ്ചാബിൽ 101 ശതമാനം വിജയം ഉറപ്പാണെന്നായിരുന്നു മാധ്യമങ്ങളോട് അമരീന്ദർ സിംഗ് പ്രതികരച്ചത്.
കോണ്‍ഗ്രസിന് വന്‍ നേട്ടം!! എന്‍ഡിഎ കക്ഷി ഇനി കോണ്‍ഗ്രസിനൊപ്പം... ബിജെപിയെ തൂത്തെറിയും
വരും ദിവസങ്ങളിൽ സീറ്റ് വിഭജനം ഉൾപ്പെടെയുള്ള ചർച്ചകളിലേക്ക് കടക്കുമെന്നാണ് നേതൃത്വം അറിയിച്ചത്. 70 മുതൽ 80 വരെ സീറ്റുകളിൽ തങ്ങൾ മത്സരിക്കുമെന്നാണ് ബി ജെ പി ഇപ്പോൾ വ്യക്തമാക്കുന്നത്.

കാർഷിക നിയമങ്ങളെ ചൊല്ലി ശിരോമണി അകാലി ദൾ സഖ്യം അവസാനിപ്പിച്ചതോടെ പഞ്ചാബിൽ തനിച്ച് പോരാടാനുള്ള ഒരുക്കത്തിലായിരുന്നു ബി ജെ പി. നിലവിൽ പാർട്ടിക്ക് സംസ്ഥാനത്ത് യാതൊരു സ്വാധീനവും ഇല്ല. ലോക്സഭ തിരഞ്ഞെടുപ്പിൽ വെറും 9 ശതമാനം വോട്ടുകൾ മാത്രം നേടിയ ബി ജെ പിക്ക് പഞ്ചാബ് ഭരണം എന്നത് എളുപ്പമല്ല. എന്നിരുന്നാലും ദളിത് കാർഡ് ഇറക്കിയും മറ്റ് പാർട്ടികളിൽ ഇടഞ്ഞ് നിൽക്കുന്ന സിഖ് നേതാക്കളെ പാർട്ടിയിൽ എത്തിച്ചും സംസ്ഥാന ഭരണം പിടിക്കാനുള്ള ശ്രമങ്ങളാണ് പാർട്ടി തുടക്കത്തിൽ നടത്തിയത്.

അതിനിടയിലാണ് കോൺഗ്രസിലെ ആഭ്യന്തര തർക്കങ്ങൾ രൂക്ഷമായതും അമരീന്ദറിന്റെ പാർട്ടിയിൽ നിന്നുള്ള പടിയിറക്കവും സംഭവിച്ചത്. കർഷകരുമായി ഏറെ ബന്ധം പുലർത്തുന്ന അമരീന്ദറിനെ സഖ്യത്തിലെത്തിച്ചാൽ വലിയ മുന്നേറ്റം നേടാൻ സാധിക്കുമെന്ന് ബി ജെ പി കണക്ക് കൂട്ടി. പാർട്ടിലേക്ക് അമരീന്ദറിനെ സ്വാഗതം ചെയ്തെങ്കിലും അദ്ദേഹം അത് നിരസിച്ചു. സ്വന്തം പാർട്ടി പ്രഖ്യാപിക്കുകയും ചെയ്തു. പിന്നീട് അമരീന്ദറിന്റെ പുതിയ പാർട്ടിയായ പഞ്ചാബ് ലോക് കോൺഗ്രസുമായി ബി ജെ പി സഖ്യം തേടി. എന്നാൽ കാർഷിക നിയമം പിൻവലിക്കാതെ സഖ്യമില്ലെന്ന നിലപാടിലായിരുന്നു ക്യാപ്റ്റൻ. ഒടുവിൽ പഞ്ചാബ് ഭരണം ലക്ഷ്യം വെച്ച് തിടുക്കപ്പെട്ട് കാർഷിക നിയമങ്ങൾ കേന്ദ്രം പിൻവലിച്ചതോടെ ബി ജെ പി- പഞ്ചാബ് ലോക് കോൺഗ്സ് സഖ്യം യാഥാർത്ഥ്യമായി.

7 വട്ട ചർച്ചകൾക്ക് ശേഷമാണ് സഖ്യം യാഥാർത്ഥമായതെന്നാണ് സംസ്ഥാനത്തിന്റെ ചുമതയലുള്ള ബി ജെ പി നേതാവും കേന്ദ്ര മന്ത്രിയുമായ ഗജേന്ദ്ര സിംഗ് പറഞ്ഞത്. സീറ്റ് ചർച്ചകളും ആരംഭിച്ചതായും അദ്ദേഹം വ്യക്തമാക്കി. നിലവിൽ 70 മുതല്‍ 80 വരെ സീറ്റ് തങ്ങൾക്ക് വേണമെന്നാണ് ബി ജെ പിയുടെ ആവശ്യം. പരസ്പര സമ്മതത്തോടെയാകും സീറ്റ് വിഭജനം. ആര് സഖ്യത്തെ നയിക്കുമെന്ന് തിരുമാനിച്ചിട്ടില്ല, ബി ജെ പി വൃത്തങ്ങൾ പറഞ്ഞു. പഞ്ചാബിലെ ജനങ്ങൾ ഒരു മാറ്റം ആഗ്രഹിക്കുന്നു, ബി ജെ പി ഒരു വലിയ ബദലായി ഉയർന്നുവരുന്നു. ക്യാപ്റ്റൻ സാഹബിനെ ജനങ്ങളും ബഹുമാനിക്കുന്നു. കാരണം അദ്ദേഹം ഒരു യഥാർത്ഥ രാജ്യസ്നേഹിയാണ്,ബി ജെ പി വൃത്തങ്ങളെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ നിയമഭ തിരഞ്ഞെടുപ്പിൽ വെറും 20 സീറ്റുകളിലായിരുന്നു ബി ജെ പി മത്സരിച്ചിരുന്നത്. 70 മുതൽ 80 സീറ്റുകൾ വേണമെന്ന ബി ജെ പി ആവശ്യം ക്യാപ്റ്റൻ അംഗീകരിക്കുമോയെന്നത് കാത്തിരുന്ന് കാണാം. അമരീന്ദറിനെ പോലൊരു മുതിർന്ന നേതാവിനെ നിലവിലെ സാഹചര്യത്തിൽ ബി ജെ പി എതിർക്കില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.