കോട്ടയത്ത് കൊവിഡ് വാക്സിന്റെ രണ്ടാംഘട്ട വിതരണം ആരംഭിച്ചു: കളക്ടറും പോലീസ് മേധാവിയും വാക്സിൻ സ്വീകരിച്ചു
കോട്ടയം: കോട്ടയം ജില്ലയില്‍ കൊവിഡ് വാക്സിന്‍റെ രണ്ടാം ഘട്ട വിതരണം ആരംഭിച്ചു. കൊവിഡ് പ്രതിരോധത്തിന്റെ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന റവന്യു, പോലീസ്, തദ്ദേശസ്വയംഭരണ വകുപ്പുകളിലെ ജീവനക്കാര്‍ക്കാണ് ഈ ഘട്ടത്തില്‍ നല്‍കുന്നത്. ആദ്യ ദിവസമായ ഫെബ്രുവരി 11 ന് 13 കേന്ദ്രങ്ങളിലായി 606 പേര്‍ക്ക് കുത്തിവയ്പ്പ് നല്‍കി.
ജില്ലാ കളക്ടര്‍ എം. അഞ്ജന, ജില്ലാ പോലീസ് മേധാവി ഡി.ശില്‍പ്പ, സബ് കളക്ടര്‍ രാജീവ്കുമാര്‍ ചൗധരി എന്നിവര്‍ വാക്സിന്‍ സ്വീകരിച്ചവരില്‍ ഉള്‍പ്പെടുന്നു.
യുഡിഎഫ് പൂർത്തീകരിച്ചത് 245 പാലങ്ങൾ; കണ്ണടച്ച് ഇരുട്ടാക്കുന്നത് ആരെന്ന് ഉമ്മൻചാണ്ടി
ജില്ലയില്‍ വിതരണം ചെയ്യുന്നതിന് 8320 ഡോസ് കോവാക്സിന്‍ കൂടി ഇന്നലെ ലഭിച്ചിട്ടുണ്ട്. ആദ്യ ഘട്ടത്തില്‍ വാക്സിന്‍ സ്വീകരിക്കുന്നതിനായി ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്തിരുന്ന 33277 ആരോഗ്യ പ്രവര്‍ത്തകരില്‍ 24378 പേരാണ് സ്വീകരിച്ചത്. 907 പേര്‍ നിരാകരിച്ചു. ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, മരുന്നുകളോട് അലര്‍ജിയുള്ളവര്‍, ഗുരുതര രോഗങ്ങളുള്ളവര്‍, കോവിഡ് രോഗികള്‍, ക്വാറന്‍റയിനില്‍ കഴിയുന്നവര്‍ എന്നിവര്‍ ഉള്‍പ്പെടെ 9153 പേര്‍ക്ക് നല്‍കാന്‍ കഴിഞ്ഞില്ല. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രണ്ടാമത്തെ ഡോസ് വാക്സിന്‍ വിതരണം ഫെബ്രുവരി 13ന് ആരംഭിക്കും.
കോട്ടയം ജില്ലയില്‍ 383 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 379 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ഒരു ആരോഗ്യ പ്രവർത്തകയും ഉൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ നാലു പേര്‍ രോഗബാധിതരായി. പുതിയതായി 5468 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 205 പുരുഷന്‍മാരും 153 സ്ത്രീകളും 25 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 82 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 502 പേര്‍ രോഗമുക്തരായി. 4646 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 73057 പേര്‍ കോവിഡ് ബാധിതരായി. 68271 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 15795 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.